Home Articlesആമി :മലയാളത്തിൻ്റെ നഷ്ടപ്പെട്ട നീലാംബരി

ആമി :മലയാളത്തിൻ്റെ നഷ്ടപ്പെട്ട നീലാംബരി

മുബഷിറ നസ്രിൻ

by admin
0 comments

വായനയുടെ തുടക്കകാലങ്ങളിലേ വായിച്ചിരുന്നവരിലൊരാളായിരുന്നു മാധവിക്കുട്ടി. ഹൈസ്‌കൂൾ കാലാവസാനത്തിള്ളിൽ തന്നെ  മാധവിക്കുട്ടിയുടെ ഒട്ടുമിക്കരചനകളും തന്നെ വായിച്ചു തീർന്നിരുന്നു.

കടുംചുവപ്പ് നിറമുള്ള ചേല ചുറ്റി, കണ്ണിൽ നിറയെ മഷിയെഴുതി, വലിയ ചുവന്ന പൊട്ടുതൊട്ട് മുടിയഴകുമായി ഒരു ഗുൽമോഹർ പൂ വിരിഞ്ഞ പോലെയുള്ള മാധവിക്കുട്ടിയുടെ ഫോട്ടോയുടെ കടുത്ത ആരാധികയായ ഒരു കൗമാരക്കാരി ഇന്നും എന്നിൽ നിന്നും പടിയിറങ്ങാൻ കൂട്ടാക്കാതെ ഉള്ളിന്‍റെയുള്ളിൽ കുടിയിരിക്കുന്നു.

മലയാളിയുടെ കപട നാട്യങ്ങൾക്ക് നേരെ എഴുത്തുകളിലൂടെ പരിഹാസ ശരങ്ങൾ എയ്തുകൊണ്ട് പെൺജീവിതങ്ങളും കാമനകളും മാധവിക്കുട്ടി തുറന്നെഴുതി.മലയാളി ഇത്രയേറെ ആഘോഷിക്കുകയും അതുപോലെ വിമർശിക്കുകയും ചെയ്ത എഴുത്തുകാരി വേറെ ഉണ്ടായിട്ടില്ലെന്നു വേണം കരുതാൻ.

ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള ചുരുക്കം ചില എഴുത്തുകാരിലൊരാളായിരുന്നു മാധവിക്കുട്ടി.പ്രണയത്തെക്കുറിച്ചെഴുതുമ്പോൾ മലയാളികൾക്ക് കടമെടുത്തെഴുതാൻ പാകത്തിനുള്ള ഒരുപാട് വചനങ്ങൾ മലയാളഭാഷക്ക് സമ്മാനിക്കുവാൻ അവർക്ക് സാധിച്ചു.

ആമി എന്ന പേരിനോട് പോലും മലയാളിക്ക് പ്രണയമാണ്.

മലയാളിസ്ത്രീയെ സ്വന്തം ശരീരത്തെ സ്നേഹിക്കാൻ, പെൺശരീരത്തിന്‍റെയും, ആരും കാണാത്ത പെൺമനസ്സിന്‍റെയുമൊക്കെ മൂല്യത്തെ മാധവിക്കുട്ടി തന്‍റെ എഴുത്തുകളിലൂടെ പഠിപ്പിച്ചു.

‘ശരീരത്തിന് അതിന്‍റെതായ നിഷ്കളങ്കതയുണ്ടെന്നും അതിനെ സ്നേഹിക്കണമെന്നും’ “നീർമാതളം പൂത്ത കാലം” എന്ന ആത്മകഥാപരമായ കൃതിയിൽ മാധവിക്കുട്ടി പെണ്ണുങ്ങളോട് ആഹ്വാനം ചെയ്തു.

പെൺകാമനകളെ നിഷിദ്ധമായി കണക്കാക്കിയിരുന്ന ഇടത്തേക്കാണ് ആസക്തികളുടെ കൊടിയേറ്റത്തെ കുറിച്ച് പറഞ്ഞ് ‘എന്‍റെ കഥ’  ഒരു സ്ഫോടനാത്മകമായ കടന്നുവരവിനായി മാധവിക്കുട്ടിയുടെ തൂലികത്തുമ്പിൽ നിന്നും പിറവിയെടുക്കുന്നത്.പുരുഷകേന്ദ്രീകൃതമായ മലയാളിയുടെ കുടുംബബന്ധങ്ങളിൽത്തന്നെ മാധവിക്കുട്ടി പൊളിച്ചെഴുത്ത് നടത്തി.

സ്ത്രീക്ക് ജീവിക്കാൻ പട്ടുസാരികളും ആഭരണങ്ങളും മണിമാളികയും മാത്രം പോരെന്നും തന്‍റെ ആത്മാവിനെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന പുരുഷനെയാണ് പെണ്ണിനേറ്റവും ആവശ്യമെന്നും ഓരോ എഴുത്തുകളിലും അവർ ആവർത്തിച്ചാവർത്തിച്ച് കുറിച്ചിട്ടു.

ഞാൻ കണ്ട, വായിച്ച ആദ്യത്തെ ഫെമിനിസ്റ്റും ആദ്യത്തെ സ്ത്രീവിമോചകയുമൊക്കെയായിരുന്നു മാധവിക്കുട്ടി. അവരുടെ ഓരോ എഴുത്തുകളും സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവയായിരുന്നു.

എഴുത്ത് ഒരു ആത്മബലിയാണെന്ന് മാധവിക്കുട്ടി ഒരിക്കൽ എഴുതി. അവരുടെ പല എഴുത്തുകളും ആഘോഷമാക്കുന്നതിലുപരി എഴുത്തുകളിലെ പല കഥാപാത്രങ്ങളെയും ഇവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി കൂട്ടിക്കെട്ടാൻ പലരും ശ്രമിച്ചു.അവരുടെ പല വരികളിലും കാമനകളെ തിരഞ്ഞ പലരും വർഷം മുഴുവൻ പച്ചച്ചു നിൽക്കുന്ന മഴക്കാടു പോലെയുള്ള അവരുടെ സ്നേഹത്തെ കണ്ടില്ല.അഭിനന്ദനങ്ങളാലും പ്രോത്സാഹനങ്ങളാലുമൊക്കെ ഉള്ളു നിറച്ച അവരുടെ എഴുത്തുകളാൽ തന്നെ പലപ്പോഴും അവർ ക്രൂശിക്കപ്പെട്ടു.

എങ്കിലും മരണപ്പെട്ട് ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും മാധവിക്കുട്ടി വീണ്ടും വീണ്ടും വായിക്കപ്പെടുകയാണ്.മലയാളി മനസ്സുകളിൽ ആ എഴുത്തുകൾക്കും അവർക്കും എന്നും നിത്യയൗവനമാണ്.

ആമി :മലയാളത്തിൻ്റെ നഷ്ടപ്പെട്ട നീലാംബരി
രചന : മുബഷിറ നസ്രിൻ

You may also like

Leave a Comment