ലണ്ടൻ: ‘ഈ സംവിധാനം തട്ടിപ്പാണ്’ എന്ന വാചകത്തോടെയാണ്, ‘യുവർ പാർട്ടി’ രൂപീകരണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പാർലമെന്റ് എംപിമാരായ ജെരെമി കോർബിനും സാറ സുല്‍ത്താനയും ചേർന്നിറക്കിയ പ്രസ്താവന തുടങ്ങുന്നത്.ലോകത്തിലെ ആറാമത്തെ സമ്പന്ന രാജ്യത്ത് 4.5 ദശലക്ഷം കുട്ടികള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ ഈ സംവിധാനം തട്ടിപ്പാണ് എന്ന് ഇരുവരും വീണ്ടും പറയുന്നു. “രാജ്യത്തെ ഭീമൻ കോർപ്പറേഷനുകള്‍ വൻതോതില്‍ സമ്പത്ത് കൈയടക്കുകയാണ്. ദരിദ്രർ വീണ്ടും ദരിദ്രരാകുന്നു. യുദ്ധത്തിന് ബില്യണ്‍കണക്കിന് പണം ചെലവാക്കാൻ സർക്കാരിന് സാധിക്കുകയും ചെയ്യുന്നു….”
ഇങ്ങനെ നിരവധി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട് ജെരെമി കോർബിനും,സാറ സുല്‍ത്താനയും ചേർന്നിറക്കിയ പ്രസ്താവനയില്‍. ആരോഗ്യ സംവിധാനത്തില്‍ സ്വകാര്യവല്‍ക്കരണം പാടില്ലെന്നും, ധനികർക്ക് നികുതി ചുമത്തണമെന്നുമെല്ലാം ഇരുവരും ആവശ്യപ്പെടുന്നു.സമ്പത്തിന്റെയും അധികാരത്തിന്റെയും വൻതോതിലുള്ള പുനർവിതരണം വേണം എന്നതാണ് മറ്റൊരു ആവശ്യം. ഊർജ്ജം, വെള്ളം, റെയില്‍, മെയില്‍ എന്നിവ പൊതു ഉടമസ്ഥതയിലേക്ക് കൊണ്ടുവരിക. അവയുടെ ലാഭം പങ്കുവെക്കുന്ന ഫോസില്‍ ഇന്ധന ഭീമന്മാരെ അകറ്റുക. ഇതോടൊപ്പം രണ്ടുപേരും ആഗോളരാഷ്ട്രീയത്തിലെ നിലപാടുകളും ഉറപ്പിച്ച് പറയുന്നുണ്ട്.
പലസ്തീനില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ജെരെമി കോർബിനും സാറ സുല്‍ത്താനയും ഊന്നിപ്പറയുന്നു.”എല്ലാ മനുഷ്യജീവനും തുല്യ മൂല്യമുണ്ടെന്ന ആശയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. സമാധാനത്തിലേക്കുള്ള ഏക പാത സ്വതന്ത്രമായ പലസ്തീൻ” ആണെന്നും ഇരുവരും പ്രസ്താവിക്കുന്നു.
കുടിയേറ്റക്കാരാണ് യുകെയിലെ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന ചിന്താഗതി തെറ്റാണെന്ന് പ്രസ്താവന പറയുന്നുണ്ട്.
വലത് വ്യതിയാനം വന്ന ലേബർ പാർട്ടി
കെയ്ർ സ്റ്റാർമറിന് കീഴില്‍ ലേബർ പാർട്ടിയും സാധാരണക്കാരുടെ പ്രശ്നങ്ങളായ ദാരിദ്ര്യം, സാമ്പത്തിക അസമത്വം, അനീതി എന്നിവ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോർബിനും സുല്‍ത്താനയും പറയുന്നു. കോർപ്പറേറ്റുകള്‍ക്കും അതിസമ്പന്നർക്കും വേണ്ടിയാണ് ഇപ്പോള്‍ ലേബർ പാർട്ടി നില്‍ക്കുന്നത്. സാധാരണക്കാർക്ക് അധികാരമില്ല. ലേബർ പാർട്ടി താഴെത്തട്ടിലുള്ള ജനങ്ങളില്‍ നിന്നും ട്രേഡ് യൂണിയനുകളില്‍ നിന്നും സാമൂഹിക പ്രസ്ഥാനങ്ങളില്‍ നിന്നും അകന്നുപോയി. ഇടതുപക്ഷ ആവശ്യങ്ങളോട് പ്രതികരിക്കാൻ കഴിയാത്ത വിധത്തില്‍ ലേബർ പാർട്ടി വലതുവ്യതിയാനത്തിലേക്ക് വീണുപോയെന്നും ഇരുവരും ആരോപിക്കുന്നു.
കോർപ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്ക് യഥാർത്ഥ മാറ്റവും അധികാരവും നല്‍കാൻ തങ്ങളുടെ പുതിയ പാർട്ടിക്ക് കഴിയുമെന്ന് കോർബിനും സുല്‍ത്താനയും വിശ്വസിക്കുന്നു. അംഗങ്ങള്‍ പാർട്ടിയുടെ നയങ്ങളും നേതൃത്വ രീതിയും തീരുമാനിക്കും. ഇതിനായി ഒരു സമ്മേളനം ഉടൻ വിളിച്ചു ചേർക്കും.
Arsha Vijayan
Usamalayalee