പ്രധാനവാർത്തകൾ
*കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു.
വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ മരണം 5 ആയി ഉയർന്നു. ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ പെട്ടുപോയവർക്കായി തിരച്ചിൽ നടത്തുകയാണ്. അപകടത്തിൽപ്പെട്ട ഒമ്പതോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്സും എൻടിആർഎഫ് സംഘവും സ്ഥലത്ത് തുടരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെയാണ് മാറ്റി പാർപ്പിച്ചത്.ചുളിക്ക GLP സ്കൂളിലേക്കാണ് ഇവരെ മാറ്റിയത്. 66 കുടുംബങ്ങൾ ആണ് ഇവിടെ ഉള്ളത്. അതേസമയം, മണ്ണിടിച്ചിലിൽ മേപ്പാടി പൊലീസ് കേസ് എടുത്തു..
തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

*വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്.
കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയാണ് അദ്ദേഹം പറഞ്ഞു.

*വയനാട് മണ്ണിടിച്ചിൽ; മരണസംഖ്യ ഉയരുന്നു, നാല് മരണം; സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി സുരേഷ് ഗോപി
വയനാട് മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി. ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവം.സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. തുരങ്കപാതയുടെ നിർമാണം നടക്കുന്നയിടത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നിർദേശം കൊടുത്തിട്ടും അത് പാലിച്ചില്ല. ഇതൊരു വീഴ്ചയുടെ ഉദാഹരണമാണ്. തുരങ്ക നിർമ്മാണവുമായി മുന്നോട്ടു പോകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുരേഷ്ഗോപി പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
