ഓപ്പറേഷൻ തൂഫാനിലൂടെ ആയിരത്തോളം അറസ്റ്റുകളും, ലക്ഷക്കണക്കിന് വിലമതിപ്പുള്ള synthetic drugs കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന വാർത്തകളൊക്കെ നിരന്തരം കാണുന്ന സാഹചര്യമാണല്ലോ….
നാടിന്റെ ക്രമസമാധാനം കളയുന്നതിൽ ലഹരി മാഫിയയ്ക്ക് വലിയ റോളുണ്ടെന്നതിൽ സംശയമില്ല. കുട്ടികളെ വരെ അഡിക്ഷനിലേക്ക് കൊണ്ടുപോകുന്ന അന്തരീക്ഷത്തിൽ ഓപ്പറേഷൻ തൂഫാന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നുമില്ല. ചില സംശയങ്ങൾ പങ്കുവെക്കുന്നുവെന്ന് മാത്രം..
സാധാരണ മനുഷ്യരുടെ പൊതുജീവിതം മെച്ചപ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ സർക്കാർ ആദ്യം കൈവെക്കേണ്ടത് മദ്യത്തിലാണ്. മദ്യത്തോളം അപകടം വിതയ്ക്കുന്ന ലഹരി മറ്റൊന്നില്ല. സമീപകാലത്തെ ഏത് ക്രൂരതകൾ എടുത്താലും കാരണമായി മദ്യമേ കാണൂ…
ചിലതൊക്കെ ഓർമ്മിപ്പിക്കാം…
സുഹൃത്തിനെ മദ്യം നൽകി ബോധം കെടുത്തി കൊലപ്പെടുത്തിയ സംഭവം
തൃശ്ശൂർ എടത്തിരുത്തിയിലെ കൊലപാതകം
തിരുവനന്തപുരം കല്ലിയൂരിലെ ക്രൂരത
മുണ്ടക്കയം പാലൂർക്കാവിലെ കൊലപാതകം
സഹോദരനെ ഉൾപ്പടെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ അഫാന്റെ കേസ്…
അടുത്തിടെ കേരളം മുഴുവൻ കരഞ്ഞ നെടുമങ്ങാട് അർഷാനെന്ന കുഞ്ഞിന്റെ വാർത്തയുടെ പിന്നാമ്പുറവും രണ്ടാനച്ഛന്റെ മദ്യപാനം തന്നെയാണ്…
പറഞ്ഞാൽ തീരില്ല. അടുത്തിടെ കേരളത്തെ ഞെട്ടിച്ച ഭൂരിഭാഗ കൊലപാതക /ആക്രമണ കേസുകളിലെല്ലാം മദ്യമെന്ന ഫാക്റ്റർ വ്യക്തമാണ്. ഏത് പഠനമെടുത്താലും, മദ്യത്തോളം അപകടം മറ്റൊരു ലഹരിയിലുമില്ല.
“മദ്യം പോലെയല്ല കഞ്ചാവും രാസലഹരിയും “
പൊതുജനങ്ങളുടെ വലിയ തെറ്റിദ്ധാരണയാണ്. രാസപ്രവർത്തനം നടക്കാത്ത ഒന്നും ഈ ലോകത്തിലില്ല. നാടുമുഴുവൻ മദ്യശാലകൾ തുറന്നിട്ട് ലഹരി നിരോധനമെന്ന് വിളിച്ച് പറയുമ്പോൾ ഒരുകാര്യം വ്യക്തമാണ്. ഓപ്പറേഷൻ തൂഫാൻ ജനങ്ങൾക്ക് വേണ്ടിയല്ല. അബ്കാരികൾക്ക് വേണ്ടിയാണ്. അതിലൂടെ സർക്കാരിന്റെ വരുമാനം കൂട്ടുകയെന്ന തന്ത്രമായേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ…
മറ്റ് ലഹരികളൊന്നും കിട്ടാതെ വരുമ്പോൾ ഈ കണ്ട ജനങ്ങളെല്ലാം മദ്യത്തിലേക്ക് അഭയം പ്രാപിക്കും. വിറ്റുവരവ് കുത്തനെ ഉയരും…
നാട് മുഴുവൻ അക്രമങ്ങൾ കൂടും… നിരോധനങ്ങളിലൂടെ ലഹരിയെ തുടച്ച് മാറ്റാൻ പറ്റുമെങ്കിൽ ആദ്യം മദ്യം നിരോധിക്കൂ…. പ്രതിഷേധവുമായി കുറേ മദ്യപാനികളും അബ്‌കാരികളും വരുമായിരിക്കും… പ്രോൽത്സാഹനമായി നാട് മുഴുവൻ കൂടെ നിൽക്കും…
“മദ്യം നിരോധിച്ചാൽ വ്യാജമദ്യം പെരുകി ഇതിലും അപകടം സൃഷ്ടിക്കും..”
ഓപ്പറേഷൻ തൂഫാന്റെ പകുതി effort മതിയാകും വ്യാജമദ്യ മാഫിയകളെ പൂട്ടാൻ. മദ്യശാലകൾ തുറന്നിട്ട് ലഹരിമുക്ത നാടിനെ നിർമ്മിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് സർക്കാർ പറയുന്നതിൽ യാതൊരു ആത്മാർത്ഥയുമില്ല.
‘കണ്ടോ… ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ ലഹരി മാഫിയകളെ ഒതുക്കുന്നത് കണ്ടോ?’
കണ്ടു. സർക്കാരെന്ന മദ്യമാഫിയ മറ്റെല്ലാ എതിരാളികളെയും ഇല്ലാതാക്കി തന്റെ സാമ്രാജ്യം പടുത്തുയർത്തുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. എത്രയെത്ര കുടുംബങ്ങൾ അനാഥമായാലും ഭരണകൂടത്തിന് വരുമാനമാണല്ലോ പ്രധാനം…
നാടിന്റെ കണ്ണിൽ പൊടിയിട്ട് ഒരു ജനതയെ മദ്യത്തിൽ മുക്കി വരുമാനം കൂട്ടാൻ ശ്രമിക്കുന്ന സർക്കാരിന്റെ കുതന്ത്രമായേ ഓപ്പറേഷൻ തൂഫാനെ കാണാനാകൂ…. കാരണം, ജനങ്ങളുടെ കുടുംബജീവിതത്തെ ഏറ്റവും കൂടുതൽ ദുരിതപ്പെടുത്തുന്ന ലഹരിയേതെന്ന് ചോദിച്ചാൽ മദ്യമാണ്. മദ്യം മാത്രമാണ്…..

ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ : ദി നാർക്കോ ഹണ്ടിന്റെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ഡിജിപി റാവാഡ ചന്ദ്രശേഖർ, ശശി തരൂർ എംപി, മന്ത്രി എൻ.ഷംസുദ്ദീൻ, മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, സി.പി.ജോൺ, എം.ലിജു എന്നിവർ.
ഓപ്പറേഷൻ തൂഫാൻ…
സ്വന്തം ലേഖകൻ