Home Literature Storiesകാണിക്ക – 3

കാണിക്ക – 3

by admin
0 comments

ലഘു നാടകം –  (3) ബെന്നി ന്യൂ ജേഴ്‌സി (nechoor@gmail.com)
(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒറിയ എഴുത്തുകാരന്‍ ഡാഷ് ബെന്‍ഹറിന്‍െറ ചെറുകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അമേരിക്കൻ മലയാളീ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച വികാരസാന്ദ്രമായ നാടകം)

(കഴിഞ്ഞ ലക്കത്തിൽ നിന്നും തുടർച്ച. )

(മോള് വാതില്‍ അടച്ചോ എന്ന്  നോക്കാന്‍ പോകുന്നു. ഡോര്‍ ബെല്‍ അടിക്കുന്നു.  മോള് വാതില്‍ തുറക്കുന്നു….. സുമ, സുമ ട്രാവല്‍സിന്‍റെ പാര്‍ട്ണറിന്‍റെ ഭാര്യ കയറിരുന്നു..)

 മോള്‍: ഹായ് സുമാന്റി…
സുമ: ഹായ് മോള്‍.. വാട്ട് ഈസ് ഗോയിങ് ഓണ്‍?
(സുമ ലിവിംങ്ങ് റൂമിലേക്ക് കയറി വരുന്നു.  സുമയെ കണ്ട് ആലീസ് പെട്ടെന്ന് മുഖത്തു ചിരി വരുത്തി… സുമ, ആഭരണങ്ങളും ഡയമണ്ട് നെക്കലേസും ഒക്കെ അണിഞ്ഞ്, മാച്ചിംഗ് ഡ്രസ്, ഹാന്‍റ് ബാഗ് എല്ലാം ധരിച്ച്….. ഒരുങ്ങിയാണ് വന്നിരിക്കുന്നത്.  ആലീസ് എഴുന്നേറ്റ്  സുമയുടെ അടുത്തേക്ക് ചെല്ലുന്നൂ.)
ആലീസ്: എന്നാണ്ടൊടീ സുമേ…. ഇതെങ്ങോട്ടാ ഇത്ര സുന്ദരിക്കുട്ടിയായി?!
സുമ: (നാണിച്ച്) ങാ, മോളുടെ ഒരു ക്ലാസ്മേറ്റിന്‍റെ സ്വീറ്റ് 16 നാ… ഏതോ കൂടിയ ഹോട്ടലിലാ…. മമ്മി ഒരുങ്ങിവരണമെന്ന് മോക്ക് വല്യ നിര്‍ബന്ധാ… അല്ലെങ്കിൽ കൂട്ടുകാരികളെ മമ്മീനെ കാണിക്കാൻ മോക്ക് നാണാത്രേ..  ഈ പിള്ളേരുടെ ഓരോ കാര്യങ്ങളേ!…
(ആലീസ് സുമയുടെ കാതും കഴുത്തും കയ്യും പിടിച്ച് പരിശോധിക്കുന്നു). 
ആലീസ്: (സുമയുടെ കഴുത്തിലെ ഡയമണ്ട് നെക്ക്ലേസ് പിടിച്ചിട്ട്)  ഇതെന്ന്‌ ഒപ്പിച്ചടീ മിടുക്കീ…!!
സുമ: എന്‍റെ കഴിഞ്ഞ ബര്‍ത്ത്ഡേക്ക് ജോണിച്ചായന്‍റെ സര്‍പ്രൈസ് ഗിഫ്റ്റാ… ഗോള്‍ഡന്‍ പാലസ്സുകാരോട് പ്രത്യേകം പറഞ്ഞ് വരുത്തിച്ചതാന്നാ പറഞ്ഞത്….
ആലീസ്: അതിന് കഴിഞ്ഞ വര്‍ഷമല്ലേ ഒരു ഡയമണ്ട് നെക്ക്ലേസ് ഒപ്പിച്ചത്?  ഇപ്പോ വീണ്ടും?!….
സുമ: അതൊക്ക ഔട്ടോഫ് ഫാഷന്‍ ആയെന്ന മ്മടെ ഇച്ചായന്‍ പറേണത്. അങ്ങേരൊരു നൂറാളെ കാണണതല്ലേ ദിവസോം ..
ആലീസ്: (സ്തബ്ധയായി).. പെണ്ണിന്‍റെ ഒരു ഭാഗ്യം നോക്കണേ!
(സാരി, ഹാന്‍റ് ബാഗ്, വാച്ച്, കയ്യ്… പിടിച്ചു നോക്കുന്നു.. . )
ആലീസ്:  ഇതൊക്കെ എല്ലാം പുതിയ ഇറക്കുമതിയാണല്ലോടീ… പെണ്ണുങ്ങളായാല്‍ നിന്‍റെ ജോണിച്ചായന്‍റെ ഭാര്യയായിട്ട് ജനിക്കണം!. നീ ഭാഗ്യം ചെയ്തോളാ… കഴിഞ്ഞവര്‍ഷം ഒരു ബ്ലൂ ഡയമണ്ട്…  ഇപ്പോ… ബ്രാന്‍റ് ന്യൂ ഡയമണ്ട് നെക്ലേസ് … കൊളളാം മോളെ, സുഖിക്ക്…
സുമ: നമുക്ക് കൊറയ്ക്കാന്‍ പറ്റുമോ ആലി…. ഇതൊക്കെ ഒരു ഷോയല്ലേ…(ചിരിക്കുന്നു…)
(സുമ ടിക്കറ്റ് ആലീസിനെ ഏല്‍പ്പിക്കുന്നു)
സുമ: ഞാന്‍ പോട്ടെ.  മോള് പുറത്തു കാറില് വെയ്റ്റ് ചെയ്യാ..  താമസിച്ചാ വല്യ ബഹളമുണ്ടാക്കും. അഞ്ചുമിനിറ്റാ അനുവാദിച്ചത്! .. ബൈ തോമാച്ചാ….
(സുമ പോകുന്നു.. . മോള്‍ കതക് അടയ്ക്കുന്നു..)
ആലീസ്: കണ്ടോ, നിങ്ങള് കണ്ടോ, സുമേടെ കഴുത്തീക്കിടക്കണത് നിങ്ങള് കണ്ടോ?  രണ്ട് സെറ്റ് നെക്ലേസാ.. എല്ലാ ബര്‍ത്ത്ഡേക്കും ജോണിച്ചന്‍ ഇതൊക്കെയാ കൊടുക്കുത്…
(സങ്കടപ്പെട്ടുകൊണ്ട്) എനിക്കാണെങ്കില്‍ മാസം മാസം കുറെ ബില്ലുകളാ കിട്ടുന്നത്… ബില്ലുകള്‍… (കൈകൾ ആകാശത്തിലേക്കു ഉയർത്തിയിട്ടു തലയിൽ വെക്കുന്നു..)
തോമാച്ചന്‍: (ചെറുതായി പുഞ്ചിരിച്ചു കൊണ്ട്) ഞാനിതെന്തിനാ വല്ല പെണ്ണുങ്ങടേം കഴുത്തിലും സാരീലും നോക്കണെ.  ആലീടെ കഴുത്തേലോട്ടും സാരീലോട്ടും മാത്രമല്ലേ ഞാന്‍ നോക്കാറുളളൂ. അതും അല്ല.. നീയെപ്പോഴും എവിടെ പോകുമ്പോഴും പറയില്ലേ “അച്ചായാ, പളളീലോ, ഒറപ്പിനോ, കല്യാണത്തിനോ ഒക്കെ പോകുമ്പോഴെ, വല്ല പെണ്ണങ്ങളേയും കണ്ട് ചിരിക്കരുത്, തൊടരുത്, നോക്കരുത്” എന്നൊക്കെെ….   അതനുസരിച്ചല്ലേ എപ്പോഴും ഞാൻ ചെയ്യാറ്…
ആലീസ്: (പരിഭവത്തോടെ, കളിയാക്കി) ആരേയും നോക്കാത്തൊരു പുണ്യാളന്‍…. എന്നെക്കൊണ്ടൊന്നും പറയിക്കരുത് നിങ്ങടെ ഓരോ ഗുണവിതിയാരങ്ങള് … ഞാന്‍ കണ്ടിട്ടു കണ്ണടക്കുന്നതാ നിങ്ങടെ ഓരോ ചെയ്തികള്… നിങ്ങളാ സുമേടെ കിച്ചണ്‍ ഒന്നു പോയിക്കാണ്. റീമോഡല്‍ ഒക്കെ ചെയ്ത്, ഗ്രാനൈറ്റ് കൗണ്ടർ റ്റോപ്പിട്ട് അവള്‍ മിന്നുകാ..അങ്ങനെയാ മനുഷ്യന്മാര്..
തോമാച്ചന്‍: (ചെറുതായി പുിരിച്ചുകൊണ്ട്)  ആലീ, അതിന് മ്മടെ കിച്ചന് എന്താ ഒരു കൊറവ്.. നീയാ കിച്ചണിലങ്ങു നിന്ന് ഒരു ചായയാണ് ഉണ്ടാക്കണതെങ്കിലും എന്തൊരു നിറവാ.. നിറവ്…    പിന്നെ എന്നാ മ്മക്ക് കൂടുതല്‍ വേണ്ടത്?
ആലീസ്: ചുമ്മാ കളിയാക്കാതെ …. നിങ്ങടെ ഈ കള്ള സൂത്രം കാണാന്‍ തൊടങ്ങിട്ട് കൊല്ലം 10-18 ആയി… കഴിഞ്ഞയാഴ്ചയാ അച്ചനും കമ്മറ്റിക്കാരും വന്നപ്പോ നാണിച്ചിട്ട് എന്റെ തൊലിയുരിഞ്ഞുപോയി.  ഈ കാര്‍പ്പറ്റൊന്നു മാറ്റാന്‍ പറയാന്‍ തുടങ്ങിയിട്ട് നാളെത്രയായീ.  വീടൊക്കെ ഒന്ന് റീ-മോഡല്‍ ചെയ്ത് കിച്ചണും മാറ്റി ലാന്‍റ്സ്കെയ്പ്പ് ഒക്കെ ചെയ്ത് മനുഷ്യമ്മാരെപ്പോലെ ജീവിക്കണോന്നു പറഞ്ഞാ മനസിലാകേണ്ടേ..ഞാനെന്തായാലും രണ്ടും കല്‍പ്പിച്ച് ആ സുമേടെ കിച്ചന്‍ ചെയ്ത സ്പാനിഷുകാരനെ വിളിപ്പിച്ച് ഒരു എസ്റ്റിമേറ്റ് എടുപ്പിച്ചു. ഒരു 12000 കൊടുത്താ സുമേടെ കിച്ചണേക്കാള്‍ നല്ല ഒന്നാന്തരം കിച്ചണാക്കാന്നാ അങ്ങേര് പറഞ്ഞിട്ട് പോയത്.  ഇതാ എസ്റ്റിമേറ്റ്…കണ്ണു തുറന്ന് ഒന്ന് നോക്ക്…
(തോമാച്ചന്‍ എസ്റ്റിമേറ്റ് നോക്കുന്നു…  ജോയച്ചായന്‍റെ കത്ത് ഇടതുകയ്യില്‍  ഇരിക്കുന്നുണ്ട്)
തോമാച്ചന്‍: 12000 ഡോളറോ!  ഇതിന് കാശെവിടുന്നാ ..
ആലീസ്: (അവളുടെ ആര്‍ഗ്യുമെന്‍റ്സ് ക്ലീനായി വരുന്നതു കണ്ട്..) അതാ പറേണത്.  പോയി ആ ഭാഗം നടത്തീട്ടാ കാശുമായീ വരാൻ..
അതേ… നിങ്ങടേങ്കടെ വീതോം മൊത്തത്തിലിട്ട് അവരാ ആദായം മിഴുവൻ എടുത്തോണ്ടിരിക്കയല്ലേ ഇതുവരെ.  നിങ്ങള്‍ക്കു വല്ലതും തിന്നിട്ടുണ്ടോ?  പിള്ളേര്‍ക്ക് ഒരു ഉടുപ്പ്?… എനിക്കൊരു സാരി?…. പറയുമ്പോ പറയും വെല്ല്യേട്ടന് 4 മക്കള്, 4 മക്കള്, 3 പെണ്ണാണ്.. എന്നിട്ട് നാട്ടിലേക്ക് പോകാന്നേരം  സ്യൂട്ട്കേയ്സായ സ്യൂട്ട്കേയ്സൊക്കെ കെട്ടിനിറക്കാ, ശബരിമലക്ക് പോണപോലെ …. നല്ല സുഖായില്ലെ അവര്‍ക്ക് …. അനിയനെ അമേരിക്കേലേക്ക് തളളിവിട്ടിട്ട്, അനിയന്‍റേം കൂടി വീതത്തിന്‍റെ ആദായമൊക്കെ എടുത്ത് കീശ വീര്‍പ്പിക്കാമല്ലോ!! നാണമില്ലല്ലോ…. നാണം….
തോമാച്ചന്‍: (ചിരിച്ചുകൊണ്‍ണ്ട്) ആലീ അതിന് നമ്മള് നാട്ടിപ്പോകുമ്പം ഒട്ടു മുക്കാലും കൊടുക്കാറ് നിന്‍റെ വീട്ടുകാര്‍ക്കല്ലെ.  അവര്‍ക്കൊക്കെ ഇത്തിരി ക്ഷീണാണൊന്നാണല്ലോ നീ പറയാറ്.  ഞാന്‍ വല്ലതും അതിന് പറയാറുണ്ടോ…?!
ആലീസ്: (ഒന്നും കേൾക്കാതെ) അതിന് ഇവിടെ ചിലവിന് വല്ല കുറവുണ്ടോ?  കഴിഞ്ഞയാഴ്ച പളളിക്കാര് പിരിവിന് വന്നപ്പോള്‍ ഞാന്‍ നിങ്ങളെ കയ്യും കാലും കണ്ണും കാണിച്ചതാ… 50 കൊടുത്താല്‍ പോരാർന്നോ?!…. അതിനാ ചെക്കു ബുക്കങ്ങ് എടുത്തു പിടിച്ച് വല്ല്യ കുബേരന്‍റെ മട്ടിലാ 250 പൊലിഞ്ഞത്.  എല്ലാം വലിച്ചെറിഞ്ഞിട്ട് ഒറ്റപ്പോക്കു പോകാന്‍ അപ്പൊ തോന്നിയതാ… വല്ലവഴിക്കും പോയിട്ടു രാത്രിയായിട്ടു വന്നാ മതീന്ന്.. ഈ പിള്ളേരെ ഓർത്തിട്ടാ…
(തോമാച്ചന്‍ തല കുനിച്ച്, തല കയ്യിലാക്കി വിഷണ്ണനായി ഇരിക്കുന്നു.  അറക്കാന്‍ കൊണ്ടുപോകുന്ന ഒരു കുഞ്ഞാട് ഇടയ്ക്കിടയ്ക്ക് തലയുയര്‍ത്തി തന്‍റെ അറവുകാരനെ ദയനീയമായീ നോക്കുതു പോലെ … ഇടയ്ക്കിടക്ക് കയ്യിലിരിക്കു കത്തിലേക്കും.. ഇടക്കിടക്കു ആലീസിനെയും നോക്കുന്നു.. …)
തോമാച്ചന്‍: ങാ, നാളെത്തന്നെ പോയേക്കാല്ലേ… നാളെത്തന്നേ… ടിക്കറ്റ് ഓക്കെയാണോ അലി.?”
ആലീസ്: നിങ്ങടെയൊരു ടിക്കറ്റ്….ടിക്കറ്റ്… ഞാനാണെങ്കീല് ടിക്കറ്റില്ലെങ്കിലും പ്ലെയിന്‍റെ ചിറകില്‍ തൂങ്ങീട്ടാണേലും രായ്ക്കുരാമാനം നാട്ടീച്ചെന്നു പറ്റിയേനെ… (നിരാശയായിട്ട്)  എന്‍റെ പുതുപ്പളളി പളളീലെ ഗീവര്‍ഗീസ് പുണ്യാളാ, എനിക്കു മാത്രമെന്നാ ഇങ്ങനെ വന്നത്…?!!
തോമാച്ചന്‍: എന്‍റെ ഡ്രസല്ലാം ഒന്ന് നോക്കിക്കേ.. നാളെ പോകാന്‍ വല്ലതുമുണ്ടോ?..
.
ആലീസ്: (വിജയഭാവത്തില്‍) അതെല്ലാം ഞാന്‍ കഴുകി തേച്ച് പെട്ടീല്‍ അടിക്കിവെച്ചിരിക്കുകയാ.  നിങ്ങളതിന് ഇത്രകിടന്ന് ടെന്‍ഷനാകാനൊന്നുമില്ല. നിങ്ങടെ അച്ചായന്‍ നന്നായി തൂമ്പാ പിടിച്ച് കിളച്ചുണ്ടാക്കിയ മൊതലാ… നിങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാ… ആരുടേം ഔദാര്യമൊന്നും വേണ്ട… ഇപ്പോ കോട്ടയത്തൊക്കെ ഭൂമിക്ക് സ്വര്‍ണ്ണ വിലയാ… ഞാനാ ബ്രോക്കര് ബാബുകുട്ടിയെ വിളിച്ച്  അത് വിറ്റ് കാശാക്കിത്തരണമെന്നു പറഞ്ഞിട്ടുണ്ട് .. രൊക്കം കാശാ… രൊക്കം… അതിവിടെ ഡോളറായി അവര് തരും….
തോമാച്ചന്‍: എല്ലാം ശരിയാ ആലീ…. എല്ലാം ശരിയാ (ഒരു ദു:ഖത്തില്‍,സ്വരം താഴ്ത്തി, പക്ഷെ, വാക്കുകള്‍ പുറത്തുവരുില്ല…)
ആലീസ്: അത് വിറ്റോണ്ട് വന്നിട്ട് വേണം ഈ അടുക്കളയൊക്കെ ഒന്നു റീമോഡല്‍ ചെയ്ത് ഒരു ന്യൂ മോഡൽ  ബെന്‍സ് കാറും വാങ്ങി ഡ്രൈവേയില്‍ ഇട്ടിട്ട്.  എന്നിട്ടുവേണം എല്ലാരേം വിളിച്ച് ഒരു നല്ല മന്ത്ലി പ്രെയര്‍ മീറ്റിംഗ് നടത്താന്‍…മ്മടെ സജിയാണെങ്കില്‍ ലിസ്റ്റില്‍ പേരെഴുതാന്‍ പറഞ്ഞു പിറകെയാ.  ഞാനാണെങ്കില്‍ ഒഴിഞ്ഞു മാറി നടക്കുകയാ….
മോനേ, നിയെന്നെയാ കാണിച്ച ആ ബ്ലാക്ക് ബെന്‍സിന്‍റെ ഒരു കളര്‍ പ്രിന്‍റ് എടുത്ത് ഡാഡിക്ക് കൊടുത്തേ.  ഡാഡിയൊന്നു  കാണട്ടേ… ലെതര്‍ സീറ്റ് തന്നെയുളള മോഡല്‍ പിക്ക് ചെയ്യണേ എന്നാ സുമ പറഞ്ഞത്… ലെതര്‍ സീറ്റാകുമ്പോ, ഒരു സ്വിച്ച് അമര്‍ത്തിയാ മതി സീറ്റ് തനിയെ ചൂടാകൂന്ന് എന്‍റെ ബോസ് പറഞ്ഞു…ഈ തണപ്പത്ത് തണുത്തു വിറച്ചാ ഞാനാ പഴയ കൊറോള ഓടിക്കണേ…. എനിക്കാവൂല്ല ഇനി…
മോന്‍: Everything is ready Mom. Dad, here is the print out..
(മോൻ എല്ലാം പറഞ്ഞു കൊടുക്കുന്നു..  തോമാച്ചന്‍ അതെല്ലാം നിര്‍വികാരനായി കാണുന്നു…. കത്ത് വലതു കയ്യില്‍ തന്നെ ഇരിക്കുന്നുണ്ട്).
ആലീസ്: ഇത്തവണ ഞാനും പോര്യാ നിങ്ങടെ കൂടെ… നിങ്ങളെ  തനിച്ചു വിട്ടാലേ ജോച്ചായന്‍റേം അമ്മാമ്മേടേം വേദോപദേശോം കേട്ട് ഒളളതും കൂടി കൊടുത്തിട്ട് പോരും. ഇതു ഞാൻ കുറേ കണ്ടതാ.. ഇനി വീണ്ടും ഞാൻ മണ്ടിയാകില്ല..  10 – 18 വർഷായീ ഈ കളി തുടങ്ങീട്ട്..

You may also like

Leave a Comment