Home Articlesവെള്ളിലക്കാടിന്റെ വെളിച്ചമായ റാബിയ

വെള്ളിലക്കാടിന്റെ വെളിച്ചമായ റാബിയ

ഭിന്നശേഷി വിഭാഗത്തിലെ സാമൂഹ്യസേവനം കണക്കിലെടുത്ത് 2022-ൽ രാജ്യം റാബിയയെ പത്മശ്രീ നൽകി അദരിച്ചു.

by News Desk
0 comments

ലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് വെള്ളിലക്കാട് ഗ്രാമത്തിൽ കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25-നാണ് റാബിയ ജനിച്ചത്.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പ്രീ-ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെ, 14-ാമത്തെ വയസ്സിൽ ബാധിച്ച പോളിയോ രോഗം അവരുടെ ഇരുകാലുകളുടെയും ചലനശേഷി പൂർണ്ണമായി കവർന്നു.

വീൽചെയറിലേക്ക് ജീവിതം ഒതുങ്ങേണ്ടി വന്നതോടെ ഔദ്യോഗിക വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തേണ്ടി വന്നെങ്കിലും, അറിവിനോടുള്ള താല്പര്യം കൈവിടാതെ അവർ വീട്ടിലിരുന്ന് വായനയും പഠനവും തുടർന്നു.

​1990-ൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ മലപ്പുറത്ത് ആരംഭിച്ച സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരിയായി മാറിയതോടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധേയയാകുന്നത്.

സ്വന്തം ഗ്രാമത്തിലെ നിരക്ഷരത തുടച്ചുനീക്കാൻ അവർ വീടിന്റെ ഒരു ചെറിയ മുറിയിൽ ‘അക്ഷരദീപം’ എന്ന പേരിൽ ക്ലാസ്സുകൾ ആരംഭിച്ചു.

കുട്ടികൾ മുതൽ വയോധികർ വരെ അക്ഷരം പഠിക്കാൻ റാബിയയുടെ അരികിലെത്തി. ഈ പ്രവർത്തന മികവോടെ മലപ്പുറത്തെ സാക്ഷരതാ യജ്ഞത്തിന്റെ പ്രധാന വക്താവായി മാറിയ അവരെ പൊതുസമൂഹം ‘അക്ഷരപുത്രി’ എന്ന് ആദരവോടെ വിളിച്ചു.

സാക്ഷരതയ്ക്ക് അപ്പുറം സമൂഹത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 1994-ൽ റാബിയ ‘ചലനം’ എന്ന ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിച്ചിരുന്നു. ഇതിലൂടെ അറുപതോളം വനിതാ സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് തയ്യൽ, ചെറുകിട ഉത്പന്ന നിർമ്മാണം എന്നിവയിൽ സ്ത്രീകൾക്ക് തൊഴിൽ പരിശീലനവും സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പാക്കി. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക സ്കൂളുകളും ലൈബ്രറികളും അവർ സ്ഥാപിച്ചു.

പിന്നാക്കാവസ്ഥയിലായിരുന്ന വെള്ളിലക്കാട് ഗ്രാമത്തിലേക്ക് റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ എത്തിക്കുന്നതിലും ലഹരിവിരുദ്ധ ബോധവൽക്കരണത്തിലും ഈ സംഘടന മുഖ്യപങ്ക് വഹിച്ചു.

​നാലോളം പുസ്തകങ്ങൾ റാബിയ രചിച്ചിട്ടുണ്ട്. ഇതിൽ അവരുടെ പ്രശസ്തമായ ആത്മകഥയാണ് ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’. സ്വന്തം ചികിത്സാച്ചെലവുകൾ കണ്ടെത്തുന്നതിനായി കിടക്കപ്പായയിൽ കിടന്നുകൊണ്ട് എഴുതിത്തീർത്ത ‘മൗന നൊമ്പരങ്ങൾ’ എന്ന കൃതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവരുടെ അതിജീവനത്തിന്റെ കഥ പിന്നീട് കേരളത്തിലെ സ്കൂൾ പാഠപുസ്തകങ്ങളിലും ഉൾപ്പെടുത്തുകയുണ്ടായി.

​സാമൂഹ്യസേവന രംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യം നിരവധി പുരസ്കാരങ്ങൾ നൽകി റാബിയയെ ആദരിച്ചിട്ടുണ്ട്. ​

നാഷണൽ യൂത്ത് അവാർഡ് (1993) പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിൽ നിന്നും സ്വീകരിച്ചു.

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ആദ്യത്തെ സ്ത്രീശക്തി പുരസ്കാരം പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയിൽ നിന്ന് 1999-ൽ ഏറ്റുവാങ്ങി.

ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയുടെ പ്രത്യേക പുരസ്കാരമായ ​യു.എൻ.ഡി.പി അവാർഡ് 2000-ൽ ലഭിച്ചു.

ഭിന്നശേഷി വിഭാഗത്തിലെ സാമൂഹ്യസേവനം കണക്കിലെടുത്ത് 2022-ൽ രാജ്യം റാബിയയെ പത്മശ്രീ നൽകി അദരിച്ചു.

ജീവിതത്തിലുടനീളം കഠിനമായ ശാരീരിക പരീക്ഷണങ്ങളാണ് റാബിയ നേരിട്ടത്. 32-ാമത്തെ വയസ്സിൽ ബാധിച്ച മാറിടത്തിലെ അർബുദത്തെ ശസ്ത്രക്രിയയിലൂടെയും കഠിനമായ കീമോതെറാപ്പിയിലൂടെയും അവർ അതിജീവിച്ചിരുന്നു.

എന്നാൽ 2004-ൽ കുളിമുറിയിൽ വഴുതിവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതോടെ കഴുത്തിന് താഴോട്ട് ഭാഗികമായി തളർന്ന് പൂർണ്ണമായി കിടപ്പിലായി.

പിൽക്കാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും രണ്ടുതവണ കോവിഡ് ബാധയും അവരെ അലട്ടി.

വീണ്ടും അർബുദം പിടിപെട്ടതാണ് അവരുടെ വിയോഗത്തിന് കാരണമായത്. 59-ാമത്തെ വയസ്സിൽ 2025 മെയ് 4-ന് കോട്ടക്കലിലെ ആശുപത്രിയിൽ വെച്ചായിരുന്നു റാബിയയുടെ അന്ത്യം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തിരൂരങ്ങാടി നടുവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഭൗതികശരീരം അടക്കം ചെയ്തു.

പരിമിതികളെ മറികടന്ന് ഒരു ഗ്രാമത്തെ മുഴുവൻ വെളിച്ചത്തിലേക്ക് നയിച്ച റാബിയയെ മലയാളികൾ എന്നും ഓർക്കുന്നു… സ്മരണകൾ…

Article : വെള്ളിലക്കാടിന്റെ വെളിച്ചമായ കെ വി റാബിയ
സ്വന്തം ലേഖകൻ

You may also like

Leave a Comment