ചെറുപ്പകാലം തൊട്ടേ കായികരംഗത്തോടും ഫിറ്റ്നസിനോടും വലിയ താൽപര്യമുണ്ടായിരുന്ന തോമസ് മാഷ് തന്റെ 20-ാം വയസ്സിലാണ് ഇന്ത്യൻ ആർമിയിൽ ചേരുന്നത്.
100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടങ്ങളിൽ ആർമിയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും സർവീസസ് മീറ്റിൽ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്ത അദ്ദേഹം 1979-ൽ ഗ്വാളിയോറിലെ ലക്ഷ്മീഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷനിൽ ബിരുദം നേടി.
തുടർന്ന് ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. ശേഷമാണ് തോമസ് മാഷ് സ്കൂൾ കായികമേഖലയിലേക്ക് പ്രവേശിക്കുന്നത്.
കോട്ടയം ജില്ലയിലെ കോരുത്തോട് സി. കേശവൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപകനായി പ്രവേശിച്ച അദ്ദേഹം, ആ സ്കൂളിനെ സംസ്ഥാന കായികമേഖലയുടെ നെറുകയിലെത്തിച്ചു. മാത്രമല്ല, തുടർച്ചയായ 16 വർഷം കോരുത്തോട് സ്കൂളിനെ സംസ്ഥാന സ്കൂൾ കായികമേളയിലെ ചാമ്പ്യന്മാരാക്കി.
ഏന്തയാർ ജെ. ജെ. മർഫി സ്കൂൾ, ഇടുക്കി വണ്ണപ്പുറം എസ്. എൻ. എം. വി. സ്കൂൾ, ഒടുവിൽ പൂഞ്ഞാർ എസ്. എം. പി. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും കായിക അധ്യാപകനായും അക്കാദമി പരിശീലകനായും തോമസ് മാഷ് പ്രവർത്തിച്ചിട്ടുണ്ട്.
ഗ്രാമീണ മേഖലകളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെയും കുട്ടികളിലാണ് യഥാർത്ഥ കായികശേഷി ഒളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സാമ്പത്തിക പ്രയാസങ്ങൾ കാരണം കഴിവുള്ള കുട്ടികളുടെ പരിശീലനം മുടങ്ങരുത് എന്ന ഉറച്ച ബോധ്യത്തോടെ, അവർക്ക് ആവശ്യമായ ഭക്ഷണവും താമസവും സ്വന്തം ചിലവിലും പെൻഷൻ തുക ഉപയോഗിച്ചും അദ്ദേഹം നൽകി.
45 വർഷത്തിലേറെ നീണ്ട പരിശീലന കരിയറിൽ അയ്യായിരത്തിലധികം കായികതാരങ്ങളെയാണ് തോമസ് മാഷ് വാർത്തെടുത്തത്.
ഒളിമ്പ്യനും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരിയുമായ അഞ്ജു ബോബി ജോർജ്ജിന്റെ തുടക്കകാല പരിശീലകൻ തോമസ് മാഷായിരുന്നു.
കൂടാതെ, ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ ജേതാവുമായ ഷൈനി വിൽസൺ,
ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ് വിജയിയുമായ അത്ലറ്റ് ജിൻസി ഫിലിപ്പ്,
400 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ ഗെയിംസ് സ്വർണ്ണം നേടിയ ജോസഫ് അബ്രഹാം,
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മോളി ചാക്കോ, സി. എസ്. മുരളീധരൻ തുടങ്ങിയവരുടെയെല്ലാം പിന്നിൽ തോമസ് മാഷാണ്.

കായികമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി 2013-ൽ ഭാരത സർക്കാർ അദ്ദേഹത്തിന് ‘ദ്രോണാചാര്യ പുരസ്കാരം’ നൽകി ആദരിച്ചു. ഇന്ത്യയിൽ ഒരു സ്കൂൾ കായികാധ്യാപകന് ആദ്യമായിട്ടാണ് ഈ പരമോന്നത ബഹുമതി ലഭിക്കുന്നത്. ലഭിച്ച അവാർഡ് തുക പോലും പാവപ്പെട്ട കായികതാരങ്ങളുടെ പരിശീലനത്തിനായാണ് അദ്ദേഹം വിനിയോഗിച്ചത്.
45 വർഷത്തെ പരിശീലക കരിയറിന് ശേഷം, 2024 ജൂലൈയിൽ (തന്റെ 81-ാം വയസ്സിൽ) തോമസ് മാഷ് കായിക പരിശീലനത്തിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. ഇപ്പോൾ പ്രായത്തിന്റെ അവശതകൾ കാരണം വിശ്രമജീവിതം നയിക്കുകയാണെങ്കിലും, കേരളം കണ്ട എക്കാലത്തെയും മികച്ച കായിക അധ്യാപകനും മാർഗ്ഗദർശിയുമായി കായികപ്രേമികളുടെ മനസ്സിൽ അദ്ദേഹം നിറഞ്ഞുനിൽക്കുന്നു.

Article : കെ. പി. തോമസ് (തോമസ് മാഷ്): കേരള കായികരംഗത്തിന്റെ ദ്രോണാചാര്യൻ
സ്വന്തം ലേഖകൻ