ന്യൂഡൽഹി: ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്നാരോപിച്ച് ഐസ നേതാവ് നേഹ ബോറയ്ക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം കോൺഗ്രസിന്റെ ഹിന്ദു വിരുദ്ധ പ്രചാരണം ഏറ്റുപിടിക്കുകയാണെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയിൽ പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഇതെന്നും ബിജെപി പറയുന്നു. സ്ത്രീകൾക്ക് ബ്രാഹ്മണ്യ വ്യവസ്ഥിതിയിൽ നിന്ന് സംരക്ഷണം ആവശ്യമാണെന്നും പൂജാരിമാർ ക്ഷേത്രങ്ങൾക്കുള്ളിൽ വെച്ച് പീഡനങ്ങൾ നടത്താറുണ്ടെന്നും നേഹ ബോറ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. ജമ്മു കശ്മീരിലെ കത്വയിൽ വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ വെച്ച് എട്ടുവയസ്സുകാരി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നേഹ ബോറ നടത്തിയ പ്രസംഗമാണ് ബിജെപി ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളുമായി നേഹ ബോറയുടെ വാക്കുകൾക്ക് സാദൃശ്യമുണ്ടെന്നും, സനാതന ധർമ്മത്തിനെതിരായ പ്രത്യയശാസ്ത്രപരമായ പ്രചാരണമാണ് ഈ പരാമർശമെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. ഈ പരാമർശങ്ങൾ രാഹുൽ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ക്ഷേത്രങ്ങൾക്കുള്ളിൽ വെച്ച് പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നുവെന്ന് രാഹുൽ ഗാന്ധി മുമ്പ് പറഞ്ഞിട്ടുള്ളത് ഓർക്കണമെന്നും പ്രദീപ് ഭണ്ഡാരി ദേശീയ മാധ്യമത്തോട് പറഞ്ഞു.
2014-ൽ ഡൽഹിയിൽ നടന്ന കൂട്ടബലാത്സംഗ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന ബിജെപി ഏറ്റുപിടിച്ചിരുന്നു. ദേവിമാരെ ആരാധിക്കാൻ ക്ഷേത്രങ്ങളിൽ പോകുന്നവർ തന്നെ ബസ്സുകളിൽ വെച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നുണ്ട്- എന്ന് രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നു. അടുത്തിടെ സ്ത്രീ അവകാശങ്ങളുടെ പേരിൽ ആർ.എസ്.എസിനെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. ആർ.എസ്.എസ് ഒരു പുരുഷാധിപത്യ, ഭരണഘടനാ വിരുദ്ധ സംഘടനയാണെന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്.