‘കന്യാസ്ത്രീകളല്ല, മതേതര ഭരണഘടനയാണ് ബന്ദികളാക്കപ്പെട്ടത്’; രൂക്ഷ വിമർശനവുമായി ദീപിക മുഖപത്രം.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. കന്യാസ്ത്രീകളല്ല, മതേതര ഭരണഘടനയാണ് ബന്ദികളാക്കപ്പെട്ടത്.ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. രാജ്യം ഭരിക്കുന്ന ബിജെപിയുടെ ആശിർവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും വിമർശനം.
ക്രിസ്മസും , ഈസ്റ്ററും ആഘോഷിക്കാൻ സംഘപരിവാറിന്റെ അനുവാദം വേണം. പ്രതിപക്ഷം നടത്തുന്നത് വഴിപാട് പ്രതിഷേധങ്ങൾ. ന്യൂനപക്ഷ ദല്ലാളുമാരുടെ ചുംബനവുമുണ്ട്. വർഗീയവാദികളുടെ കങ്കാരു കോടതികൾ തെരുവിൽ വിചാരണ നടത്തുന്നു.ബിജെപി അധികാരത്തിൽ വന്നത് മുതൽ 4316 ആക്രമണ സംഭവങ്ങൾ ഉണ്ടായി. ബിജെപി വിചാരിച്ചാൽ വർഗീയതയെ തളക്കാൻ സാധിക്കുമെന്നും എഡിറ്റോറിയലിൽ പറയുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ കുറ്റപത്രം കേരളത്തിൽ പ്രശംസ പത്രവും നൽകുന്നു. കേരളത്തിലെ മതേതര സമൂഹവിധി തിരിച്ചറിയുന്നുണ്ട്.ബിജെപിയുടെ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തക്കേട് എന്ന് കേരള ഘടകത്തെ ഓർമിപ്പിക്കുന്നുവെന്നും ദീപിക എഡിറ്റോറിയലിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞപ്പോൾ തന്നെ അടിയന്തരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി നിരപരാധികളെ സംരക്ഷിക്കുകയും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഛത്തീസ്ഗഢ് സർക്കാരുമായി ബന്ധപ്പെട്ട ഉന്നതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നത് വസ്തുതകൾ സഹിതം പുറത്തുവരണം, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിരപരാധികളായ ആരും ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അതീവ ഗൗരവത്തോടെ കേന്ദ്രസർക്കാരും ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ നിരപരാധികൾക്ക് നിയമ സംവിധാനങ്ങളുടെ എല്ലാ സംരക്ഷണവും നീതിയും ഉറപ്പുവരുത്തിയിട്ടുണ്ട്.