Home Articlesലോക്കപ്പിലെ ജനാധിപത്യം…

ലോക്കപ്പിലെ ജനാധിപത്യം…

Sreejith Eravil

by admin
0 comments
ലോക്കപ്പിലെ ജനാധിപത്യം...
ജനാധിപത്യ രാജ്യമാണ്. പൗരന്റെ സമ്പത്തിനും ജീവനും പൂർണ്ണമായും സംരക്ഷണം നൽകുമെന്ന ഉറപ്പിലാണ് ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. എത്രത്തോളം അത് പാലിക്കപ്പെടുന്നുണ്ടെന്ന് പരിശോധിച്ചാൽ ആത്മഭയത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് പോകും.

കുറ്റം ആരോപിക്കപ്പെട്ടാൽ കല്ലെറിഞ്ഞ് കൊല്ലുന്ന പ്രാചീനതയിൽ നിന്ന് മനുഷ്യർ എന്നോ പുറത്തേക്ക് വന്നതാണ്. ആക്രമണങ്ങളെ ചെറുത്ത് സമാധാനം നിലനിർത്താൻ കൃത്യമായ സംവിധാനങ്ങൾ നമുക്ക് ഇപ്പോൾ ഉണ്ട്. അന്വേഷിക്കാനും, കുറ്റം തെളിയിക്കാനുമുള്ള അവകാശത്തിനും അപ്പുറം ആരെയും മർദ്ദിക്കാൻ പോലീസുകാരെ നിയമം അനുവദിക്കുന്നില്ല. 

കസ്റ്റഡി മരണത്തിന്റെ തോത് കൂടുന്നതിൽ പരമോന്നത കോടതി വരെ പോലീസുകാരെ വിമർശിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അത് എന്ത് കൊണ്ടാണ്? ദേഹത്തിലൂടെ ഉലക്ക പോലെയുള്ള ഇരുമ്പ് ഉരുട്ടിയും, ജനനേന്ദ്രിയത്തിൽ ഈർക്കിൾ കടത്തിയും, കൈകാലുകളിലെ നഖം അടർത്തിയും, കുറ്റം തെളിയിക്കാൻ, അല്ലെങ്കിൽ കുറ്റം സമ്മതിപ്പിക്കാൻ പെടാപാട് പെട്ട പോലീസുകാരുടെ ചരിത്രം ഇന്നലകളിൽ ഉണ്ട്. ഇന്നും അത്തരം ചിത്രവധങ്ങൾ തുടരുന്നുവെന്ന് പറയുമ്പോൾ സാഹചര്യം എത്ര ഭയാനകമാണെന്ന് ഓർത്ത് നോക്കൂ… 

നീതി തേടി പോലീസ് സ്റ്റേഷനിലേക്ക് പോകാൻ പോലും ജനങ്ങൾക്ക് പേടിയായി തുടങ്ങിയിരിക്കുന്നു. തന്നെയോ, തന്റെ ഉറ്റവരെയോ സ്റ്റേഷനിലേക്ക് കൊണ്ടുപോയാൽ, എന്താണ് കാരണമെന്ന് പോലും ചോദിക്കാൻ പൗരന് അവകാശം ഇല്ലാതായിരിക്കുന്നു. ശബ്ദം ഉയർത്തി എന്തെങ്കിലും ചോദിച്ചാൽ, ഇല്ലാത്ത വകുപ്പ് ഉണ്ടാക്കി അകത്തിടുമെന്ന ഭയം ജനങ്ങളിൽ വ്യാപകമായി എത്തിയിരിക്കുന്നു. 

മുന്നിൽ കിട്ടുന്നവരെ ഇഞ്ച ചതക്കും പോലെ ബൂട്ടിൽ മെതിക്കുന്ന ഇത്തരം പോലീസുകാർ ഇപ്പോഴും സർവീസിൽ തുടരുന്നത് ജനാധിപത്യത്തിന്റെ പരാജയമാണ്. ഒരു കാര്യവും ഇല്ലാതെ തല്ല് വാങ്ങിയവർ കണ്ണിനും, കാതിനും, കഴുത്തിനുമൊക്കെ പരുക്കുകളുമായി ഇന്നും ജീവിക്കുന്നുണ്ട്. രാഷ്‌ടീയ തലവൻമ്മാരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്ന കാക്കികളാണ് പാവപ്പെട്ട മനുഷ്യരുടെ നട്ടെല്ല് ഇളക്കുന്നത്… എത്രയോ കുടുംബങ്ങളുടെ അത്താണി ഇളക്കുന്നത്…

കസ്റ്റഡിയിൽ മരിക്കുന്നവരുടെ പത്ത് ഇരട്ടിയിലും കൂടുതൽ മർദ്ദനമേൽക്കുന്നവർ ഉണ്ടെന്ന് വരുമ്പോഴാണ് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ അങ്കലാപ്പ് തോന്നേണ്ടത്. പരാതി കൊടുക്കാൻ പോകുമ്പോൾ തന്നെ മുട്ട് ഇടിക്കേണ്ട അവസ്ഥയിലേക്ക് ജനങ്ങൾ എത്തിയിരിക്കുന്നു. വിരോധമുള്ളവരെ പിടിച്ച് ക്രൂരമായി മർദ്ദിക്കാൻ പോലീസുകാർക്ക് യാതൊരു മടിയും ഇല്ലെന്ന് നാൾക്ക് നാൾ തെളിയുകയാണ്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ട കോൺഗ്രസ് അനുഭാവിയുടെ അനുഭവത്തെക്കാളും ഭീകരമായ അവസ്ഥ പറയാൻ പലർക്കും ഉണ്ടാകും. 

പോലീസുകാരിൽ ഗുണ്ടകൾ ഉണ്ടാകുന്നതിനോളം ആപത്ത് ഒരു നാടിന് വേറെ വരാനില്ല. തന്റെ കീഴിലുള്ളവരെ അടക്കി നിർത്താൻ മന്ത്രിക്ക് ആകുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് അങ്ങനെയൊരു വകുപ്പ്? പൂർണ്ണ വിശ്വാസത്തോടെ എന്തിനാണ് ഈ കൂട്ടരെയൊക്കെ ജനങ്ങൾ തീരഞ്ഞെടുത്തിരിക്കുന്നത്? 

ഉയർന്ന ചിന്താഗതിയുടെ നെറുകം തലയിൽ തൊട്ട് പുരോഗമന വാദികളായവരാണ് ആധുനിക മനുഷ്യർ. അപരന്റെ വേദന അറിയാതെ അലമുറയിടുന്നവർ കടത്തത്തിൽ നിന്ന് മോചിക്കപ്പെടാത്തവരാണ്. അത്തരം പോലീസുകാരെ സേനയിൽ ആവിശ്യമില്ല. അവരെ തുറങ്കിൽ അടക്കുക. വീണ്ടും പറയുന്നു. ജനാധിപത്യ രാജ്യമാണ്. പൗരന്റെ സമ്പത്തിനും ജീവനും പൂർണ്ണമായും സംരക്ഷണം നൽകുമെന്ന ഉറപ്പിലാണ് നിങ്ങൾക്ക് ഞങ്ങൾ വോട്ട് ചെയ്തിരിക്കുന്നത്… 

ശ്രീജിത്ത്‌ ഇരവിൽ

You may also like

Leave a Comment