Home India‘കശ്മീര്‍ സംഘര്‍ഷ പരിഹാരത്തിനായി ആറ് സര്‍ക്കാരുകള്‍ എന്നെ നിയോഗിച്ചു’: മുന്‍ പ്രധാനമന്ത്രിമാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി യാസീന്‍ മാലിക്

‘കശ്മീര്‍ സംഘര്‍ഷ പരിഹാരത്തിനായി ആറ് സര്‍ക്കാരുകള്‍ എന്നെ നിയോഗിച്ചു’: മുന്‍ പ്രധാനമന്ത്രിമാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി യാസീന്‍ മാലിക്

സ്വന്തം ലേഖകൻ

by News Desk
0 comments

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് യാസീന്‍ മാലിക്. 2006ല്‍ പാകിസ്ഥാനില്‍ വെച്ച് ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് ശേഷം മന്‍മോഹന്‍ സിങ് തന്നോട് നന്ദി പറഞ്ഞുവെന്ന് യാസിന്‍ മാലിക് പറഞ്ഞു. ഭീകരവാദത്തിന് ധനസഹായം നല്‍കിയ കേസില്‍ നിലവില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന യാസിന്‍ മാലിക് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് 2006 ല്‍ പാക് ഭീകരന്‍ ഹാഫിസ് സയീദിനെ കണ്ടതെന്നും യാസിന്‍ മാലിക് പറയുന്നു. 2005ല്‍ കശ്മീരിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ വി.കെ. ജോഷി തന്നെ ഡല്‍ഹിയില്‍ വച്ച് കണ്ടിരുന്നു. പാകിസ്ഥാന്‍ രാഷ്ട്രീയ നേതൃത്വവുമായി മാത്രമല്ല, ഹാഫിസ് സയീദ് ഉള്‍പ്പെടെ ഭീകരവാദികളുമായും ഇടപഴകാനും മന്‍മോഹന്‍ സിങ്ങിന്റെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും ജോഷി അഭ്യര്‍ഥിച്ചു. ഭീകരവാദി നേതാക്കളെക്കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ച അര്‍ഥവത്താവില്ലെന്ന് ജോഷി പറഞ്ഞു. ഈ അഭ്യര്‍ഥന മാനിച്ച്, പാകിസ്ഥാനില്‍ നടക്കുന്ന ഒരു ചടങ്ങില്‍ വച്ച് സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിലെ മറ്റ് നേതാക്കളെയും കാണാന്‍ താന്‍ സമ്മതിച്ചതായും യാസിന്‍ മാലിക് പറഞ്ഞു.

‘ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഐബിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് നേരിട്ട് വിശദീകരിക്കാന്‍ തന്നോട് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ വി.കെ. ജോഷി ആവശ്യപ്പെട്ടു. അന്ന് വൈകുന്നേരം തലസ്ഥാനത്ത് വെച്ച് അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്റെ സാന്നിധ്യത്തിലാണ് മന്‍മോഹന്‍ സിങ്ങിനെ കണ്ടത്. പാകിസ്ഥാനിലെ ഏറ്റവും സങ്കീര്‍ണമായ ഘടകങ്ങളുമായി പോലും ചര്‍ച്ച നടത്താന്‍ കാണിച്ച പരിശ്രമത്തിനും ക്ഷമയ്ക്കും സിങ് വ്യക്തിപരമായി നന്ദി പറഞ്ഞു, കശ്മീരിലെ അഹിംസാ പ്രസ്ഥാനത്തിന്റെ പിതാവായാണ് തന്നെ കണക്കാക്കുന്നതെന്നും സിങ് പറഞ്ഞു’, യാസിന്‍ മാലിക് അവകാശപ്പെട്ടു.

1994ല്‍ ജയില്‍ മോചിതനായതിന് പിന്നാലെ, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ കണ്ടതായും യാസിന്‍ മാലിക് അവകാശപ്പെട്ടു. 1995ല്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് അടല്‍ ബിഹാരി വാജ്‌പേയിയെ ആദ്യമായി കണ്ടത്. സോണിയ ഗാന്ധി, പി. ചിദംബരം, ഐ.കെ. ഗുജ്‌റാള്‍, രാജേഷ് പൈലറ്റ് എന്നിവരുള്‍പ്പെടെ നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും അദ്ദേഹം സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

‘1990ല്‍ എന്റെ അറസ്റ്റിനുശേഷം, വി.പി. സിങ്, ചന്ദ്രശേഖര്‍, പി.വി. നരസിംഹ റാവു, എച്ച്.ഡി. ദേവഗൗഡ, ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍, അടല്‍ ബിഹാരി വാജ്‌പേയി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് സര്‍ക്കാരുകളില്‍ ഞാന്‍ സജീവമായി ഇടപെട്ടു. കശ്മീരി വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് രാജ്യത്തിനകത്ത് വേദി ഒരുക്കി നല്‍കി. അധികാരത്തിലിരിക്കുന്ന ഈ സര്‍ക്കാരുകള്‍ എന്നെ വീണ്ടും വീണ്ടും സജീവമായി സ്വാധീനിക്കുകയും അന്താരാഷ്ട്ര വേദികളില്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖകൻ (Reference : Sanghamam)

You may also like

Leave a Comment