Home Articlesനാടിനെ സ്നേഹിക്കുന്ന ഒരു അമേരിക്കന്‍ പ്രവാസിയുടെ ആഗ്രഹം ഇവിടെ പങ്കു വെയ്ക്കുകയാണ്.

നാടിനെ സ്നേഹിക്കുന്ന ഒരു അമേരിക്കന്‍ പ്രവാസിയുടെ ആഗ്രഹം ഇവിടെ പങ്കു വെയ്ക്കുകയാണ്.

വർഗ്ഗീസ് പ്ലാമൂട്ടിൽ 

by News Desk
0 comments

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മാറ്റി മറിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച രണ്ടു വിഭാഗങ്ങള്‍ സാഹസികരായ മലപ്പുറം പ്രദേേശത്തെ മുസ്ലീം യുവാക്കളും മധ്യകേരള ക്രിസ്ത്യന്‍ നേഴ്സുമാരുമാണ്. ഗള്‍ഫു നാടുകളിലും ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും മൊത്തമായും ചില്ലറയായും മലയാളികളെ എത്തിക്കുന്നതില്‍ ഇക്കൂട്ടര്‍ വഹിച്ച പങ്ക് നിസ്സീമമാണ്. അവരിലൂടെ കേരളത്തിലേക്കൊഴുകിയെത്തിയ പണമാണ് കേരളത്തെ ഇന്നത്തെ കേരളമാക്കിയത്. 

സാഹസികതയിലുള്ള താല്പര്യമല്ല, നിവൃത്തികേടാണ് ഇവരെ ഇതിലേയ്ക്ക് നയിച്ചത്.ജീവന്‍ കൈയ്യിലെടുത്ത് പത്തേമാരിയില്‍ ഗള്‍ഫിലേയ്ക്കു പോയവര്‍ അവിടെ സ്വന്തമായൊരു കേരളം നട്ടുവളര്‍ത്തി. സഹോദരസ്നേഹത്താല്‍ സ്വന്തക്കാരെയും പരിചയക്കാരെയും അക്കരെകടത്തി. ബാക്കിയെല്ലാം ചരിത്രം.

വിദേശ മിഷണറിമാര്‍ തുടങ്ങിവെച്ച നേഴ്സിങ് രംഗത്തേയ്ക്ക് കുടുംബത്തിന്‍റെ ഗതികേടുകൊണ്ട് എടുത്തെറിയപ്പെട്ടവരാണ് മധ്യകേരളത്തില്‍നിന്നുള്ള ആദ്യകാല നേഴ്സുമാര്‍. ഒന്നിനു പുറകെ ഒന്നായി പത്താം തരം പാസാകുന്ന പെണ്‍കുട്ടികളെ, കോളജിലയയ്ക്കുക, മഠത്തില്‍ വിടുക എല്ലാം ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയുള്ള ഇടത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ ആരെങ്കിലും മുന്‍ഗാമികളില്‍നിന്നും സംഘടിപ്പിക്കപ്പെടുന്ന വിലാസത്തില്‍ ആരുടെയൊക്കെയോ സഹായത്താല്‍ അപേക്ഷയയച്ച് ബോംബെ, പൂന, പാറ്റ്ന, ബിക്കാനിര്‍, ഡല്‍ഹി, കല്‍ക്കത്താ, തുടങ്ങിയ കേട്ടു കേഴ്വിപോലുമില്ലാത്ത വിദൂര നഗരങ്ങളിലേയ്ക്ക് ഉമ്മിക്കരിയും, ചമ്മന്തിപ്പൊടിയും, അച്ചാറും,അവരെക്കാള്‍ വലിയ ഒരു ട്രങ്ക് പെട്ടിയുമായി ഏകയായി ആയിരക്കണക്കിനു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ട്രെയിന്‍ യാത്ര പോകുന്നത് എന്‍റെ തലമുറയില്‍പ്പെട്ടവരാരുംതന്നെ മറക്കാനിടയില്ല. ഇതൊരു അപ്രിയ സത്യമായി തോന്നാം. അവരും അവരുടെ പിന്‍തലമുറക്കാരും ഇന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ കടന്നുചെന്ന് അവര്‍ക്കും കുടുംബത്തിനും നല്ല ഒരു ഭാവിയുണ്ടാക്കുന്ന പ്രക്രിയയിലാണ്. ഇതിന്‍റെ ഗുണഭോക്താക്കളാണ് കേരളജനത. ഇന്നു കേരളത്തില്‍ ആരുടെയെങ്കിലും ഒരു പ്രതിമയുണ്ടാക്കുന്നെങ്കില്‍ അതൊരു അറിയപ്പെടാത്ത നേഴ്സിന്‍റെതാകണമെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു.

ഇന്ന് നേഴ്സിങ് പഠനം സാമ്പത്തിക ബുദ്ധിമുട്ടില്‍നിന്നുള്ള മോചനത്തെയോ ആ തൊഴിലിനോടുള്ള പ്രതിബദ്ധതയേയോ മാത്രം അനുസരിച്ചല്ല. മെച്ചപ്പെട്ട അവസരങ്ങളും കേരളത്തില്‍നിന്നും രക്ഷപെടാനുള്ള എളുപ്പ വഴിയുമായാണ് ഈ മേഖല ഇന്ന് വളരെ ഡിമാന്‍ഡുള്ളതായിത്തീര്‍ന്നിട്ടു ള്ളത്. ഈ മേഖലയിലെ മലാളികളുടെ താല്പര്യം മുതലാക്കാന്‍ മംഗലാപുരം, ബാംഗ്ലൂര്‍, തുടങ്ങിയ നഗരങ്ങളില്‍ സ്വകാര്യമേഖലയില്‍ സംവിധാനങ്ങള്‍ ഒരുക്കി. ഓരോ പരശുറാം എക്സ്പ്രസ്സിലും കേരളത്തില്‍നിന്നും കോടികള്‍ കര്‍ണ്ണാടകയിലേക്ക് ഒഴുകുന്നത് നമുക്കെല്ലാം അറിവുള്ള കാര്യമാണ്.

അതിന് കാര്യമായ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ. കേളത്തില്‍തന്നെ നേഴ്സിംഗും മറ്റു കോഴ്സുകളും പഠിക്കണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ചുരുക്കം ചില ഭാഗ്യശാലികള്‍ക്കേ അതു സാദ്ധ്യമാകൂ. സീറ്റുകളുടെ പരിമിതിയാണ് വിനയാകുന്നത്. 

ഡിമാന്‍ഡിനനുസരിച്ച് നേഴ്സിങ് പോലുള്ള പാരാ മെഡിക്കല്‍ കോഴ്സുകള്‍ക്ക് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ഇതിന് പരിഹാരമുണ്ടാക്കാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ യോതൊരു താല്‍പ്പര്യവും കാണിക്കുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു. അതിനുള്ള സംവിധാനം കേരളത്തില്‍തന്നെ നിലനില്‍ക്കുന്നുണ്ട്. പക്ഷെ അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ആരും മുമ്പോട്ടുവരുന്നില്ല എന്നുമാത്രം.

പറഞ്ഞുവരുന്നത് കേരളത്തിലെ ഇപ്പോഴുള്ള ആര്‍ട്ട്സ് ആന്‍ഡ് സയന്‍‍സ് കോളജുകളിലെ പാഠ്യപദ്ധതിയില്‍ നേഴ്സിങ് തുടങ്ങിയ പാരാ മെഡിക്കല്‍ തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്തുകയെന്നതാണ്.

അമേരിക്കയില്‍ വന്നിട്ടുള്ളവര്‍ക്കറിയാം ഇവിടെയുള്ള സാധാരണ കോളജുകളിലും യൂണിവേഴ്സിറ്റികളിലും നേഴ്സിങും മറ്റു പാരാ മെഡിക്കല്‍ കോഴ്സുകളും പഠിപ്പിക്കുന്നുണ്ട്. എല്ലാ കൗണ്ടികളും(നമ്മുടെ പഞ്ചായത്തിനു തുല്യം) നടത്തുന്ന 2 വര്‍ഷ കോഴ്സുകളുള്ള കൗണ്ടി കോളജുകളില്‍പോലും നേഴ്സിങ് പാഠ്യപദ്ധതിയുടെ ഭാഗമാണ്. അവയൊന്നുംതന്നെ ആശുപത്രികളുമായി ബന്ധപ്പെട്ടവയല്ല. അവിടെ പഠിക്കുന്നവര്‍ പ്രായോഗിക പരിശീലനത്തിനായി അടുത്തുള്ള ആശുപത്രികളില്‍ പോകുകയാണ് പതിവ്. സാധാരണ രജിസ്ട്രേഡ് നേഴ്സിങിന് ഇവടത്തെ രണ്ടു വര്‍ഷ കോഴ്സ്(ഡിപ്ലോമാ) മതിയാവും. നാലുവര്‍ഷത്തെ കോഴ്സുകള്‍ ആവശ്യമുള്ളവര്‍ അതിനു സൗകര്യമുള്ള, ഡ്ഗ്രി കോഴ്സുകള്‍ നടത്തുന്ന കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠനം നടത്തുന്നു. അതും ഹോസ്പിറ്റലുകളുടെ ഭാഗമായിക്കൊള്ളണമെന്നില്ല. 

കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളും പ്രഗത്ഭരായ അധ്യാപകരും ലാബ്, ലൈബ്രറി സൗകര്യങ്ങളുമുള്ള യൂണിവേഴ്സിറ്റി കോളജുകളിലും മറ്റു പരമ്പരാഗത കോളജുകളിലും നേഴ്സിങ് പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ എന്നുള്ളതാണ് ചോദിക്കാനുള്ളത്. ഇല്ല ഗുണമേ സംഭവിക്കുകയുള്ളു. അമേരിക്കയിലുള്ള യൂണിവേഴ്സിറ്റികളിലും കോളജുകളിലും നേഴ്സിങിനു ചേര്‍ന്നാല്‍ അതിന്റെ കൂടെ ആര്‍ട്ടും, സയന്‍സും, കണക്കും ഭൂമിശാസ്ത്രവുമെല്ലാമടങ്ങുന്ന സമഗ്രമായ പാഠ്യപദ്ധതിയാണുള്ളത്. ജീവിതത്തിലെ എല്ലാ മേഖലകളെയും കുറിച്ചുള്ള ഒരു സാമാന്യ വിജ്ഞാനം നേഴ്സിങ് കോര്‍ സ്റ്റഡിയ്ക്ക് മുമ്പായി നേടിയാണ് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നത്. ഇതുകൊണ്ടാണ് നേഴ്സിങ് ആയാലും ഫാര്‍മസിയായാലും ഫിസിക്കല്‍ തെറപ്പിയായാലും കോഴ്സു പൂര്‍ത്തിയാക്കി അമേരിക്കയിലെത്തുന്നവര്‍ക്ക് ബോര്‍ഡ് പരീക്ഷകളെഴുതുന്നതിനോ തുടര്‍ വിദ്യാഭ്യാസിത്തിനോ ആവശ്യമായ ക്രെഡിറ്റുകളില്ലാതെ വീണ്ടും ഇവിടെ പഠിക്കേണ്ടിവരുന്നതും. അതൊഴിവാക്കുന്നതിനും സീറ്റുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും കോളജുകളിലും നേഴ്സിങ് സ്കൂളുകളിലും നാലുവര്‍ഷ കോഴ്സാക്കുകയാണ് വേണ്ടത്, ഇതുമൂലം മറ്റനുബന്ധ നേട്ടങ്ങളുമുണ്ടാകും. നേഴ്സിങ് മേഖലയില്‍ ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് ജോലി സാധ്യത അതിലൊന്നു മാത്രം.

സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ നിഷ്പ്രയാസം ഇത് സാധിക്കാവുന്നതേയുള്ളു. തൊട്ടതിനും പിടിച്ചതിനും വിദേശപര്യടനത്തിനു പോകുന്ന മന്ത്രിയോ ഉദ്യോഗസ്ഥരോ, ഉപദേശകരോ ഇവിടെയുള്ള ഒരു കോളജു സന്ദര്‍ശിച്ച് ചെറിയ ഒരു ഫഠനം നടത്തിയാല്‍ വേണ്ട വിവരം കിട്ടും. അതിനുള്ള ആത്മാര്‍ത്ഥത കാണിക്കണം, അത്രമാത്രം. അതൊന്നുമില്ലെങ്കിലും കേരളത്തില്‍നിന്നു രക്ഷപെടണമെന്നാഗ്രഹിക്കുന്നവര്‍ എന്തു ത്യാഗം സഹിച്ചും എവിടെയെങ്കിലും പോയി പഠിച്ചുകൊള്ളുമെന്ന് സര്‍ക്കാറുകള്‍ക്കറിയാം. പിന്നെ നാമെന്തിനു ബുദ്ധിമുട്ടുന്നു ഇതാണ് അവരുടെ മനോഭാവം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമായിട്ടൊരു ടെലിഫോണെന്നത് നമ്മുടെ ഒരു സ്വപ്നം മാത്രമായിരുന്നുവെന്നുള്ളത് ഇവിടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. എന്തുകൊണ്ട് ഇങ്ങനെയൊരു മാറ്റം ആയിക്കൂടാ എന്ന് ഈ മേഖലയില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ളവര്‍ ചിന്തിക്കേണ്ടതാണ്.

സിഎം. എസ്. കോളജുപോലെയുള്ള ഡീംഡ് യൂണിവേഴ്സിറ്റികളെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധിച്ച് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു…

രചന : വർഗ്ഗീസ് പ്ലാമൂട്ടിൽ 

You may also like

Leave a Comment