Friday, November 13, 2026
Home Americaഅമേരിക്കയിലെ ഭവനരാഹിതര്‍ : കോടികൾ ചെലവിട്ടിട്ടും വീടില്ലാത്ത ജീവിതങ്ങൾ: വാടക താങ്ങാനാകാത്തവർ, ചികിത്സ ലഭിക്കാത്തവർ, തെരുവുകളിൽ കഴിയുന്നവർ—പരിഹാരം എവിടെ?

അമേരിക്കയിലെ ഭവനരാഹിതര്‍ : കോടികൾ ചെലവിട്ടിട്ടും വീടില്ലാത്ത ജീവിതങ്ങൾ: വാടക താങ്ങാനാകാത്തവർ, ചികിത്സ ലഭിക്കാത്തവർ, തെരുവുകളിൽ കഴിയുന്നവർ—പരിഹാരം എവിടെ?

വർഗ്ഗീസ് പ്ലാമ്മൂട്ടിൽ

by News Desk
0 comments

ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. എന്നിട്ടും സുരക്ഷിതമായി ഉറങ്ങാൻ ഒരിടമില്ലാതെ നിരവധി മനുഷ്യർ തെരുവുകളിലും സബ്‌വേ സ്റ്റേഷനുകളിലും കഴിയുന്നു. ഇവരെ സഹായിക്കാൻ സർക്കാർ കോടിക്കണക്കിന് ഡോളർ വകയിരുത്തുന്നുണ്ട്.  പരിഹാരം ഇനിയും കാതങ്ങളകലെ.

ബിൽ മഹറിന്റെ ടെലിവിഷൻ പരിപാടിയിൽ എഴുത്തുകാരൻ ആനന്ദ് ഗിരിധരദാസും മാധ്യമപ്രവർത്തകൻ ഫരീദ് സക്കറിയയും പങ്കെടുത്ത ചർച്ച ഈ പ്രശ്നം  വീണ്ടും ശ്രദ്ധയിൽപ്പെടുത്തി. പണം ചെലവഴിക്കുന്നതിനൊപ്പം അത് മനുഷ്യരുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാക്കുന്നു എന്നതും പരിശോധിക്കേണ്ടതുണ്ട്.

ഗിരിധരദാസിന്റെ പുതിയ പുസ്തകമായ Man in the Mirror: Hope, Struggle, and Belonging in an American City ഈ വിഷയത്തിന്റെ മനുഷ്യവശത്തിലേക്കാണ് കടക്കുന്നത്. ന്യൂയോർക്ക് സബ്‌വേയിൽ ജോർദാൻ നീലിയുടെ മരണത്തിലേക്കു നയിച്ച ഡാനിയൽ പെനിയുമായുള്ള സംഭവവും അതിന്റെ പശ്ചാത്തലവുമാണ് പുസ്തകത്തിന്റെ കേന്ദ്രം. യാത്രക്കാരുടെ സുരക്ഷ, മാനസികാരോഗ്യ പ്രശ്നങ്ങൾ, സഹായം ആവശ്യമുള്ളവരോടുള്ള സമൂഹത്തിന്റെ സമീപനം—ഇവയെല്ലാം ഈ സംഭവത്തിലൂടെ ചർച്ചയ്ക്ക് വിഷയമാകുന്നു.

വലിയ ബജറ്റ്; തുടരുന്ന പ്രതിസന്ധി

ഭവനരഹിതർക്കും അനുബന്ധ ഭവന സേവനങ്ങൾക്കുമായി ന്യൂയോർക്ക് സിറ്റി പ്രതിവർഷം ഏകദേശം 4.4 ബില്യൺ ഡോളറാണ് ചിലവഴിക്കുന്നത്. ഈ തുക മിയാമി (3.7 ബില്യൺ ഡോളർ), അറ്റ്ലാന്റ (3 ബില്യൺ ഡോളർ) തുടങ്ങിയ പ്രധാന നഗരങ്ങളുടെ മൊത്തം മുനിസിപ്പൽ ബജറ്റുകളേക്കാൾ   കൂടുതലാണ്. കൂടാതെ, പിറ്റ്സ്ബർഗിന്റെ പ്രവർത്തന ബജറ്റിന്റെ (665 ദശലക്ഷം ഡോളർ) ആറിരട്ടിയിലധികവും വരും ഇത്

അഭയകേന്ദ്രങ്ങൾ  (ഷെല്‍ട്ടര്‍)   നടത്താനും തെരുവുകളിൽ കഴിയുന്നവരെ സഹായിക്കാനും ഈ പണം ഉപയോഗിക്കുന്നു. ഇത്തരം സേവനങ്ങൾ അനിവാര്യമാണ്. എന്നാൽ ഒരു അഭയകേന്ദ്രത്തിൽ കിടക്ക ലഭിക്കുന്നതും സ്വന്തമായി സുരക്ഷിതമായ  ഒരിടം  ലഭിക്കുന്നതും താരതമ്യം ചെയ്യാനാവില്ല.

അഭയകേന്ദ്രം ഒരു രാത്രി ഒരാളെ സംരക്ഷിക്കും. അവിടെനിന്ന് വാടക താങ്ങാനാകുന്ന വീട്ടിലേക്കു മാറാൻ വഴിയില്ലെങ്കിൽ,  ആ   താൽക്കാലിക താമസം മാസങ്ങളോളം നീണ്ടേക്കാം. അവടെയുള്ള വാസം തെരുവിനെ അപേക്ഷിച്ച് ഏറെ സുരക്ഷിതവും അഭിലഷണീയവുമാണെന്ന് ധരിക്കരുത്.

വാടക താങ്ങാനാകുന്ന വീടുകൾ എവിടെ?

അമേരിക്കയിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ളവർക്ക് ലഭ്യമായ വാടകവീടുകളുടെ ദൗര്‍ലഭ്യം  ഗുരുതരമാണ്. നാഷണൽ ലോ ഇൻകം ഹൗസിങ് കോയലിഷന്റെ 2026 റിപ്പോർട്ട് പ്രകാരം, ഈ വിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ 72 ലക്ഷം വീടുകളുടെ കുറവുണ്ട്.   ഓരോ നൂറ് കുടുംബങ്ങളിലും  അവർക്ക് വാടക താങ്ങാനാകുന്നതും ലഭ്യവുമായ വീടുകളുടെ എണ്ണം  35   മാത്രമാണ്.

വിവിധ നഗരങ്ങളുടെ അനുഭവങ്ങളും ഈ പ്രശ്നം വ്യക്തമാക്കുന്നു. ലോസ് ആഞ്ചലസ് കൗണ്ടിയിലെ 2026 കണക്കെടുപ്പിൽ 73,040 പേർ വീടില്ലാത്ത അവസ്ഥയിൽ കഴിയുന്നതായി കണ്ടെത്തി. വാടകസഹായത്തിനുള്ള പണം കുറഞ്ഞതോടെ ആളുകളെ സ്ഥിരമായ താമസത്തിലേക്കു മാറ്റുന്നത് മന്ദഗതിയിലായെന്നാണ് അവിടത്തെ സേവന അതോറിറ്റി പറയുന്നത്.

ഹ്യൂസ്റ്റൺ മേഖലയിലെ The Way Home കൂട്ടായ്മ 2025-ൽ 2,135 കുടുംബങ്ങൾക്ക് താമസം ലഭ്യമാക്കി. എന്നിട്ടും ഹാരിസ്, ഫോർട്ട് ബെൻഡ്, മോണ്ട്ഗോമറി കൗണ്ടികളിൽ 2026 ഫെബ്രുവരിയിലെ ഒരു രാത്രിയിൽ നടത്തിയ കണക്കെടുപ്പിൽ 3,321 പേർ വീടില്ലാത്തവരായിരുന്നു. മുൻവർഷത്തെ കണക്കിൽനിന്ന് കാര്യമായ മാറ്റമുണ്ടായില്ല.

ഇത്തരം കണക്കുകളിൽ തെരുവിൽ കഴിയുന്നവരും അഭയകേന്ദ്രങ്ങളിൽ താമസിക്കുന്നവരും ഉൾപ്പെടുന്നു. ഇവ ഒരു രാത്രിയിലെ കണക്കുകളാണ്; വർഷം മുഴുവൻ വീടില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാവരുടെയും എണ്ണമല്ല.

സബ്‌വേയിലെ സുരക്ഷയും ചികിത്സയും

സബ്‌വേയിൽ യാത്ര ചെയ്യുന്നവർക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം. ഭീഷണിയും ആക്രമണവും തടയണം. അതേസമയം, വീടില്ലാത്ത ഒരാളെ അതുകൊണ്ടുമാത്രം അപകടകാരിയായി കാണാനും പാടില്ല.

സഹായം നിരസിക്കുന്ന ഒരാളെ നിർബന്ധമായി ആശുപത്രിയിൽ കൊണ്ടുപോകാമോ? ന്യൂയോർക്കിലെ നിയമം ചില സാഹചര്യങ്ങളിൽ അതിന് അനുമതി നൽകുന്നു. മാനസികരോഗം മൂലം ഒരാൾ സ്വന്തം ജീവനോ മറ്റുള്ളവർക്കോ ഗുരുതരമായ ശാരീരിക അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ടെങ്കിൽ, അധികാരപ്പെട്ട ഉദ്യോഗസ്ഥർക്കും ചികിത്സാസംഘങ്ങൾക്കും ഇടപെടാം. മാനസികരോഗം കാരണം ഭക്ഷണം, താമസം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാകാതെ ഗുരുതര അപകടത്തിലാകുന്ന സാഹചര്യവും ഇതിൽപ്പെടും.

എന്നാൽ വീടില്ല എന്ന കാരണം മാത്രം മതിയാകില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും അവിടെ തുടരുന്നതിനും നിയമപരമായ മാനദണ്ഡങ്ങളും പരിശോധനകളും ബാധകമാണ്.

ഒരാളെ സബ്‌വേയിൽനിന്ന് മാറ്റിയതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ചികിത്സ ലഭിച്ചോ? ആശുപത്രി വിട്ടാൽ എവിടെ താമസിക്കും? തുടർസഹായം ആരാണ് നൽകുക? ഈ ചോദ്യങ്ങൾക്കും ഉത്തരം വേണം.

ലഹരി കാരണമാകാം; ഫലവുമാകാം

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നത് ചിലരുടെ ജീവിതത്തിൽ തൊഴിലും വരുമാനവും കുടുംബപിന്തുണയും നഷ്ടപ്പെടുത്താം. അത് വീടില്ലാത്ത അവസ്ഥയിലേക്കും നയിക്കാം.

എന്നാൽ ചിലരുടെ കാര്യത്തിൽ സംഭവിക്കുന്നത് മറിച്ചാണ്. ആദ്യം വീട് നഷ്ടപ്പെടുന്നു. പിന്നീട് തെരുവിലെ ജീവിതത്തിനിടയിൽ ലഹരി ഉപയോഗം ആരംഭിക്കുകയോ വർധിക്കുകയോ ചെയ്യുന്നു.

2023-ലെ കാലിഫോർണിയ പഠനത്തെ അടിസ്ഥാനമാക്കിയുള്ള 2025 UCSF റിപ്പോർട്ടിൽ, സ്ഥിരമായി ചില നിയമവിരുദ്ധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ 42 ശതമാനം പേർ, ആദ്യമായി വീടില്ലാത്ത അവസ്ഥയിൽ എത്തിയ ശേഷമാണ് സ്ഥിരമായ ഉപയോഗം തുടങ്ങിയതെന്ന് പറയുകയുണ്ടായി.

ഇത് കാലിഫോർണിയയിലെ അവസഥയാണ്.  അമേരിക്ക മൊത്തമുള്ള കണക്കല്ല. ലഹരി ദുരുപയോഗം   മൂലം തൊഴിൽ നഷ്ടപ്പെട്ടവരുടെ ശതമാനവും ഇതിൽനിന്ന് അറിയാനാവില്ല. അതുകൊണ്ട് വീടില്ലാത്ത എല്ലാവരുടെയും പ്രശ്നത്തിന് ലഹരിയാണ് കാരണമെന്ന് പറയാനാകില്ല.

പരിഹാരം ജീവിതത്തിൽ കാണണം

വാടക താങ്ങാനാകുന്ന വീടുകൾ കൂടുതൽ ലഭ്യമാക്കണം. വാടക കുടിശ്ശിക മൂലം വീട് നഷ്ടപ്പെടാൻ പോകുന്നവർക്ക് സമയത്ത് സഹായം നൽകണം. അഭയകേന്ദ്രങ്ങൾക്കൊപ്പം ആവശ്യമായ ചികിത്സയും തൊഴിൽപിന്തുണയും ഉറപ്പാക്കണം. ചെലവഴിക്കുന്ന പണം എങ്ങനെ ഉപയോഗിക്കുന്നു എന്നതും സുതാര്യമായി അറിയണം.

വിജയത്തിന്റെ അളവുകോൽ ബജറ്റിലെ വലിയ തുക മാത്രമാകരുത്.

എത്ര പേർക്ക് സുരക്ഷിതമായ താമസം ലഭിച്ചു? എത്ര പേർക്ക് അവിടെ തുടരാനായി? എത്ര പേർക്ക് വീട് നഷ്ടപ്പെടുന്നത് തടയാനായി?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലാണ് പദ്ധതികളുടെ യഥാർഥ ഫലം കാണേണ്ടത്. ഓരോ കണക്കിനും പിന്നിൽ ഒരു മനുഷ്യനുണ്ട്—സുരക്ഷയും പരിചരണവും മാന്യമായ ജീവിതവും ആഗ്രഹിക്കുന്ന ഒരാൾ.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment