കൊച്ചി: കാലടി സര്‍വ്വകലാശാലയില്‍ സസ്‌പെന്‍ഷനിലായ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധവും സര്‍വകലാശാല നിയമത്തിന് വിരുദ്ധവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ നാളെ ആരംഭിക്കുന്ന പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനാകില്ല.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാന്‍സിലര്‍ സിസ തോമസാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ അറ്റന്‍ഡന്‍സ് ഇല്ലെന്നും മതിയായ അറ്റന്‍ഡന്‍സ് ഇല്ലാത്തവരെ പരീക്ഷ ഏഴുതാന്‍ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്നായിരുന്നു വിസിയുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കോളേജിലെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ വിസിയെ തടയുകയും വിസിയുടെ ശവമഞ്ചവുമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ 16 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.