Home Motivational Messagesസ്വന്തവും സഹായവും.

സ്വന്തവും സഹായവും.

by admin
0 comments
പി. റ്റി. കോശിയച്ചൻ.
 
ഏതാനും ദിവസത്തെ അവധിക്കു നാട്ടിൽ വന്ന അയാൾ ബെന്നിച്ചന്റെ കയ്യിൽ നാലായിരം രൂപ ഏൽപ്പിച്ചിട്ടു പറഞ്ഞു: “നീ ഇത് ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുത്തേക്ക്.” സുഹൃത്തിന് തന്നിലുള്ള വിശ്വാസമോർത്ത് ബെന്നിച്ചൻ സന്തോഷിച്ചു. ആർക്കാണ് കൊടുക്കുക? മൂന്നു സാധുക്കളുടെ മുഖം മനസ്സിൽ തെളിഞ്ഞു. അതിൽ ഏറ്റവും ആവശ്യമുള്ളത് ബെന്നിച്ചന്റെ ബന്ധുവീടിന്റെ അയൽപക്ക വീട്ടിലെ ആ സാധുസ്ത്രീയാണ്. അവർക്ക് ചെറുപ്പം മുതൽക്കേ ആസ്തമയും മറ്റു ചില രോഗങ്ങളും ഉള്ളതിനാൽ വിവാഹം നടന്നിട്ടില്ല. മാതാ പിതാക്കളും മരിച്ചു. ഏകദേശം അറുപതു വയസ്സുള്ള എല്ലും തോലും ആയ ഒരു സ്ത്രീ. ബെന്നിച്ചന് നേരിട്ട് ആ സ്ത്രീയുമായി പരിചയമില്ല. അതിനാൽ ആ തുക ബന്ധുവീട്ടിൽ ഏൽപ്പിക്കാൻ അവിടെ എത്തി. അവിടെയുള്ള ആന്റി റിട്ടയർഡ് ടീച്ചറാണ്. കാര്യം പറഞ്ഞപ്പോൾ വലിയ താൽപര്യം കാട്ടാതെ അവർ പറഞ്ഞു: “നാലായിരം രൂപയോ? നിനക്കു നിർബന്ധമാണെങ്കിൽ ആയിരം രൂപ കൊടുത്തേക്കാം, “മൂവായിരം നീ വേറെ ആർക്കെങ്കിലും കൊടുത്തോ”
രോഗിയായ സ്ത്രീയെ വിളിച്ച് രൂപ അപ്പോൾത്തന്നെ കൊടുക്കയും ചെയ്തു. “അതെന്താ ആന്റീ, അവർക്ക് മരുന്നു മേടിക്കാൻ വളരെ പണം വേണ്ടേ?” “അതല്ല, പ്രശ്നം. നീ ഇതങ്ങു കൊടുത്തിട്ടു പോകും. പക്ഷേ, ഇങ്ങനൊരു ദുശ്ശീലമിട്ടാൽ അടുത്ത മാസം മുതൽ എന്നോടു ചോദിക്കാൻ തുടങ്ങും” അനുഭവ പരിചയമുള്ള ടീച്ചർ പറഞ്ഞതിൽ കാര്യം കാണും എന്നു വിചാരിച്ച് ബെന്നിച്ചൻ സ്ഥലം വിട്ടു. എന്നാൽ ഒരു മാസം കഴിഞ്ഞ് ടീച്ചറിന്റെ ആങ്ങളയുടെ മകനെ ഒരു കല്യാണ സൽക്കാരത്തിനിടെ ബെന്നിച്ചൻ കണ്ടു. സംസാരമദ്ധ്യേ അവൻ പറഞ്ഞു: “ബെന്നിച്ചാ, നീ ടീച്ചറാന്റിയുടെ വീട്ടിൽ വന്നപ്പോൾ രൂപ വെട്ടിക്കുറച്ചത് അവരു കടം ചോദിക്കുമെന്ന് ഓർത്തൊന്നുമല്ല” “ങേ,പിന്നെന്താ പ്രശ്നം?” “നമ്മുടെ കൂട്ടർക്ക് കൊടുക്കാതെ ഇവൻ എന്തിനാ അന്യർക്ക് കൊടുക്കുന്നതെന്ന് ടീച്ചർ എന്റമ്മയോട് പറഞ്ഞു “. (ഗൂഗിൾ).
 
പലരും ഇങ്ങനെയാണ്. ‘ഉടഞ്ഞാലും പാത്രത്തിൽ കിടക്കട്ടെ, സഹായിക്കുന്നെങ്കിൽ സ്വന്തക്കാരെ ആകട്ടെ’ എന്ന ഭാവം! അന്യരെ സഹായിച്ചിട്ട് എന്ത് കാര്യം’ എന്ന ചിന്ത നികൃഷ്ടമല്ലേ? ആവശ്യത്തിലിരിക്കുന്നവരെ അവഗണിച്ച് സ്വന്തവും ബന്ധവും നോക്കി സഹായം നൽകുന്ന സ്ഥിതി ഇന്ന് നാട്ടിൽ വർദ്ധിച്ചു വരികയാണ്. ഈ ഭൂമിയിൽ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറേണ്ടതല്ലേ? അതിൽ നമുക്കുള്ള പങ്ക് നിഷ്പക്ഷമായി നിർവഹിക്കുവാൻ കഴിയേണ്ടതാണ്. സ്വന്തക്കാർ അല്ലെങ്കിലും അയൽക്കാർ സുഖമായി ജീവിക്കുവാൻ കഴിയുന്നതിൽ നാം സന്തോഷിക്കേണ്ടതാണ്. സ്വന്തക്കാരെ മാത്രം സഹായിക്കുക എന്ന ചിന്ത സ്വാർത്ഥതയുടെ ഭാഗമല്ലേ? ഇവിടെ മറ്റൊരാൾ തന്ന തുക വിനിയോഗിക്കുന്നതിലും സ്വന്തക്കാരെ നോക്കേണ്ടതുണ്ടോ? അഥവാ എല്ലാവരെയും നമ്മുട സ്വന്തക്കാരായി കാണുവാൻ നമ്മുടെ കണ്ണുകൾ പ്രകാശിക്കേണ്ടതല്ലേ?
 
മാത്രമല്ല, ആവശ്യത്തിലിരിക്കുന്നവരെ സഹായിച്ചാൽ അതൊരു ദുശീലം ആകും എന്ന് കരുതുന്നതും മോശമല്ലേ? സമൃദ്ധിയിൽ ജീവിപ്പാൻ നമുക്ക് കഴിയുന്നത് നമ്മുടെ സാമർത്ഥ്യം കൊണ്ടാകുന്നു എന്ന് ചിന്തിക്കരുത്. ദൈവകൃപയാൽ ലഭിച്ചത് ആവശ്യത്തിനുള്ളവരുമായി പങ്കു വയ്ക്കുന്നതിനാണ്. അതു നാം വിസ്മരിക്കരുത്.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
 
 
 

You may also like

Leave a Comment