131
അമേരിക്കക്ക് പുറത്തുള്ളവർക്ക്, ഈ രാജ്യം ഇന്ന് കാണുന്ന സാമ്പത്തിക-ആഗോള ശക്തി മാത്രമായിരിക്കാം. എന്നാൽ ഈ 250 വർഷത്തെ ചരിത്രത്തിന് പിന്നിൽ വലിയൊരു അതിജീവനത്തിന്റെ കഥയുണ്ട്.
ജിമ്മി കാർട്ടറുടെ ഭരണകാലത്തെ ഇറാൻ തടവുകാരെ മോചിപ്പിക്കുന്ന പ്രതിസന്ധികൾക്ക് ശേഷം, റോണാൾഡ് റെയ്ഗൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ് അധികം വൈകാതെ, 1982-ലാണ് ഞാൻ ഈ സ്വപ്നഭൂമിയിൽ കാലുകുത്തുന്നത്.
അങ്ങനെ അദ്ദേഹം എനിക്ക് ഒരു വെയർഹൗസിൽ ജോലി ശരിയാക്കിത്തന്നു. ട്രാക്ടർ ട്രെയിലറുകളിൽ വരുന്ന ഭാരമേറിയ ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും കയറ്റുകയും ഇറക്കുകയും കൃത്യമായി അടുക്കി സൂക്ഷിക്കുകയുമായിരുന്നു ജോലി. മണിക്കൂറിന് വെറും 3.35 ഡോളർ മാത്രമായിരുന്നു അന്നത്തെ മിനിമം കൂലി.
അമേരിക്ക 250-ാം ജന്മദിനം ആഘോഷിക്കുന്ന ഈ ചരിത്രമുഹൂർത്തത്തിൽ, ഒരു പ്രവാസി മലയാളി എന്ന നിലയിൽ എന്റെ ഹൃദയം നന്ദികൊണ്ടും അഭിമാനം കൊണ്ടും നിറയുകയാണ്.
കഴിഞ്ഞ 44 വർഷമായി ഈ സ്വപ്നഭൂമിയിൽ ജീവിക്കുന്ന എനിക്കും എന്റെ കുടുംബത്തിനും ‘അമേരിക്കൻ സ്വപ്നം’ അതിന്റെ പൂർണ്ണതയിൽ യാഥാർത്ഥ്യമാക്കാൻ സാധിച്ചു എന്നത് ഒരു വലിയ അനുഗ്രഹമായി ഞാൻ കരുതുന്നു.
നമ്മൾ പലപ്പോഴും സാധാരണമായി കണ്ട് കടന്നുപോകുന്ന ഈ സ്വാതന്ത്ര്യവും അവസരങ്ങളും യഥാർത്ഥത്തിൽ ഈ നാട് നമുക്ക് തന്ന വലിയ സൗഭാഗ്യങ്ങളാണ്.
അമേരിക്കക്ക് പുറത്തുള്ളവർക്ക്, ഈ രാജ്യം ഇന്ന് കാണുന്ന സാമ്പത്തിക-ആഗോള ശക്തി മാത്രമായിരിക്കാം. എന്നാൽ ഈ 250 വർഷത്തെ ചരിത്രത്തിന് പിന്നിൽ വലിയൊരു അതിജീവനത്തിന്റെ കഥയുണ്ട്.1776-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട്, ‘എല്ലാ മനുഷ്യരും തുല്യരായി ജനിച്ചവരാണ്’ എന്ന മഹത്തായ ആശയത്തിന്മേലാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. എന്നാൽ ആ യാത്ര എളുപ്പമായിരുന്നില്ല.
ആഭ്യന്തരയുദ്ധങ്ങൾ, കഠിനമായ സാമ്പത്തിക പ്രതിസന്ധികൾ (Great Depression), സാമൂഹിക അസമത്വങ്ങൾക്കെതിരെയുള്ള വലിയ പോരാട്ടങ്ങൾ എന്നിവയിലൂടെയൊക്കെ കടന്നുപോയാണ് ഈ രാജ്യം ഇന്നത്തെ ജനാധിപത്യ മൂല്യങ്ങൾ രൂപപ്പെടുത്തിയത്.
അമേരിക്കയുടെ ഈ വലിയ ചരിത്രം കെട്ടിപ്പടുത്തത് തദ്ദേശീയരായ ജനങ്ങളുടെ പോരാട്ടങ്ങൾ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഇവിടെയെത്തിയ ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ വിയർപ്പും കൂടിയാണ്.
ജിമ്മി കാർട്ടറുടെ ഭരണകാലത്തെ ഇറാൻ തടവുകാരെ മോചിപ്പിക്കുന്ന പ്രതിസന്ധികൾക്ക് ശേഷം, റോണാൾഡ് റെയ്ഗൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ് അധികം വൈകാതെ, 1982-ലാണ് ഞാൻ ഈ സ്വപ്നഭൂമിയിൽ കാലുകുത്തുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരുന്നു അത്; തൊഴിലില്ലായ്മ നിരക്ക് പത്തര ശതമാനത്തോളം ഉയർന്നുനിന്ന നാളുകൾ. അമേരിക്കൻ സ്വദേശികൾ പോലും ജോലിക്കായി നെട്ടോട്ടമോടുമ്പോൾ, ഇവിടുത്തെ ഭാഷാശൈലിയുമായി പൂർണ്ണമായി പൊരുത്തപ്പെടാത്ത ഒരു കുടിയേറ്റക്കാരന്റെ അവസ്ഥ ഊഹിക്കാമല്ലോ.
ഏതാണ്ട് ആറുമാസത്തോളം ഒരു ജോലിക്കായി ഞാൻ അലഞ്ഞുതിരിഞ്ഞു. ഒടുവിൽ ലേബർ ഡിപ്പാർട്ട്മെന്റിലെ ഒരു എംപ്ലോയ്മെന്റ് കൗൺസിലറുടെ മുന്നിലെത്തി. എന്റെ യോഗ്യതകൾ പരിശോധിച്ച ശേഷം അദ്ദേഹം പറഞ്ഞു:
“നിനക്ക് നല്ല വിദ്യാഭ്യാസമുണ്ട്, പക്ഷേ ഇവിടുത്തെ ഭാഷ കൈകാര്യം ചെയ്യാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ തൽക്കാലം കിട്ടുന്ന ജോലിയിൽ പ്രവേശിക്കുക, അത് പരമാവധി നന്നായി ചെയ്യുക. നീ എന്ത് ജോലി ചെയ്യുന്നു എന്നതിലല്ല കാര്യം, അത് എത്രത്തോളം ആത്മാർത്ഥമായി ചെയ്യുന്നു എന്നതിലാലാണ്. അതാണ് നിന്റെ ‘റെഫറൻസ്’. ആ നല്ല പേര് ഉപയോഗിച്ച് അവസരം വരുമ്പോൾ നിനക്ക് കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ സാധിക്കും.”
അങ്ങനെ അദ്ദേഹം എനിക്ക് ഒരു വെയർഹൗസിൽ ജോലി ശരിയാക്കിത്തന്നു. ട്രാക്ടർ ട്രെയിലറുകളിൽ വരുന്ന ഭാരമേറിയ ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും കയറ്റുകയും ഇറക്കുകയും കൃത്യമായി അടുക്കി സൂക്ഷിക്കുകയുമായിരുന്നു ജോലി. മണിക്കൂറിന് വെറും 3.35 ഡോളർ മാത്രമായിരുന്നു അന്നത്തെ മിനിമം കൂലി. നാട്ടിൽ ‘യോജന’ എന്ന കേന്ദ്ര സർക്കാർ പ്രസിദ്ധീകരണത്തിൽ സബ് എഡിറ്ററായി അന്തസ്സോടെ ജോലി ചെയ്തിരുന്ന ഞാൻ, നഴ്സായ ഭാര്യയ്ക്ക് ലഭിച്ച വിസയുടെ പിൻബലത്തിലാണ് അമേരിക്കയിലെത്തിയത്. അതുകൊണ്ടുതന്നെ വെയർഹൗസിലെ കഠിനമായ ശാരീരിക അധ്വാനം എന്നെ തളർത്തിയെങ്കിലും, കൗൺസിലറുടെ വാക്കുകൾ മനസ്സിൽ വിചാരിച്ച് ആ പണി ഞാൻ പൂർണ്ണമായ സത്യസന്ധതയോടും കൃത്യനിഷ്ഠയോടും കൂടി ചെയ്തുപോന്നു.
അടുത്ത വർഷമായപ്പോഴേക്കും അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടു തുടങ്ങി. അതോടൊപ്പം എന്റെ കഠിനാധ്വാനവും ഫലം കണ്ടു; സിവിൽ സർവീസ് പരീക്ഷ എഴുതി വിജയിച്ച് എനിക്ക് ന്യൂയോർക്ക് സ്റ്റേറ്റിൽ ജോലി ലഭിച്ചു. ആദ്യ ജോലിക്ക് വഴിതുറന്നുതന്ന ആ ഉദ്യോഗസ്ഥന്റെ ഉപദേശം ഞാൻ ജീവിതത്തിലുടനീളം അക്ഷരംപ്രതി പിന്തുടർന്നു. എന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കും കഠിനാധ്വാനത്തിനും അനുസരിച്ച് നിരവധി സ്ഥാനക്കയറ്റങ്ങൾ എന്നെ തേടിയെത്തി.

ഒടുവിൽ മുപ്പതു വർഷത്തെ ദീർഘവും സംതൃപ്തവുമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച്, ഇന്ന് ഞാൻ വിശ്രമജീവിതം നയിക്കുന്നു. ഞങ്ങളുടെ ത്യാഗത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും അവരെയെല്ലാം ഉന്നതനിലകളിൽ എത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എന്റെ കുട്ടിക്കാലത്ത്, ഒരു കാറിലോ വാഹനത്തിലോ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല; ഒരു കാളവണ്ടിയിൽ എങ്കിലും ഒന്ന് കയറാൻ സാധിച്ചിരുന്നെങ്കിൽ എന്ന് അത്രമേൽ ആഗ്രഹിച്ച നാളുകളായിരുന്നു അത്. എന്നാൽ ഇന്ന്, ഈ രാജ്യം എനിക്കും എന്റെ മക്കൾക്കും മികച്ച അവസരങ്ങളിലൂടെ എല്ലാ സൗകര്യങ്ങളും തന്നു. ഞങ്ങളുടെ ജീവിതം വളരേ കൂടുതൽ മെച്ചപ്പെടുത്തി.

എന്റെ സുഹൃത്തുക്കളെ, ഇതാണ് അമേരിക്ക! ഇതാണ് അമേരിക്കൻ സ്വപ്നത്തിന്റെ സാക്ഷാത്കാരം!
ഇത് എന്റെ മാത്രം കഥയല്ല, കഠിനാധ്വാനം കൊണ്ട് അമേരിക്കൻ മണ്ണിൽ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത ഭൂരിഭാഗം മലയാളി കുടിയേറ്റക്കാരുടെയും വിജയഗാഥയാണിത്.
പുതിയൊരു നാട്ടിൽ ആദ്യമായി കാലുകുത്തുമ്പോൾ നേരിടേണ്ടി വരുന്ന ഭാഷാപരമായ തടസ്സങ്ങളും, സംസ്കാരങ്ങളുമായി പൊരുത്തപ്പെടാനുള്ള പോരാട്ടങ്ങളും, നിലനിൽപ്പിനായുള്ള കഠിനശ്രമങ്ങളും ഓരോ കുടിയേറ്റക്കാരന്റെയും ജീവിതത്തിലെ മറക്കാനാവാത്ത അധ്യായങ്ങളാണ്. എന്നാൽ, എത്രയൊക്കെ പ്രതിസന്ധികളുണ്ടായാലും കഠിനമായി അധ്വാനിക്കാൻ തയ്യാറുള്ള ആർക്കും തുല്യമായ അവസരങ്ങൾ നൽകി ഈ നാട് അവരെയെല്ലാം നെഞ്ചോട് ചേർത്തുപിടിച്ചു.
ഈ അസുലഭ നിമിഷത്തിൽ, നമുക്ക് വഴിതുറന്നു തന്ന മുൻതലമുറകളെയും അവരുടെ പോരാട്ടങ്ങളെയും ഓർക്കാം. ഈ മഹത്തായ രാജ്യത്തിന് നമ്മുടെ ഹൃദയം നിറഞ്ഞ ആദരവ് അർപ്പിക്കാം.
നന്ദി അമേരിക്ക, ഗോഡ് ബ്ലെസ്സ് അമേരിക്ക

വർഗീസ് പ്ലാമൂട്ടിൽ
