രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതിനുശേഷം, അമേരിക്കൻ സൈന്യം ജപ്പാൻ ഭരിക്കുന്ന കാലം.
1946-ൽ അമേരിക്കൻ സൈന്യത്തിന്റെ കാർഷിക ഉപദേശകനായിരുന്ന സെസിൽ സാൽമൺ എന്ന ശാസ്ത്രജ്ഞൻ ജപ്പാനിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ചു.
അവിടെ വെച്ചാണ് കുള്ളനായി വളരുന്ന, എന്നാൽ വലിയ കതിരുകളുള്ള ‘നൊറിൻ-10’ ഗോതമ്പ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.
ഗോൺജിറോ ഇനാസുക എന്ന ജാപ്പനീസ് ശാസ്ത്രജ്ഞനാണ് ഈ പ്രത്യേക കുള്ളൻ ഗോതമ്പ് വികസിപ്പിച്ചെടുത്തത്. ജപ്പാനിലെ പരമ്പരാഗതമായ ഗോതമ്പ് ഇനത്തെ അമേരിക്കൻ ഗോതമ്പ് ഇനങ്ങളുമായി സങ്കരവർഗ്ഗീകരണം നടത്തിയാണ് അദ്ദേഹം ഇത് നിർമ്മിച്ചത്.
നൊറിൻ-10 ന്റെ പ്രാധാന്യം മനസ്സിലാക്കിയ സാൽമൺ ഈ വിത്തുകൾ അമേരിക്കയിലെ പ്രമുഖ കാർഷിക സർവ്വകലാശാലകളിലേക്ക് അയച്ചുകൊടുത്തു.
അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത ശാസ്ത്രജ്ഞനായ ഓർവിൽ വോഗൽ ഈ വിത്തുകൾ സ്വീകരിച്ച് പഠനം നടത്തി. അമേരിക്കയിലെ കടുത്ത തണുപ്പിനെ അതിജീവിക്കാൻ തക്കവണ്ണം അദ്ദേഹം ഈ ജാപ്പനീസ് കുള്ളൻ വിത്തിനെ മറ്റ് പ്രാദേശിക ഇനങ്ങളുമായി വീണ്ടും ക്രോസ്സ് ചെയ്ത് പുതിയ വകഭേദങ്ങൾ ഉണ്ടാക്കി.
ഈ സമയം മെക്സിക്കോയിൽ തന്റെ ഗോതമ്പ് ചെടികൾ ഉയരം കൂടി ഒടിഞ്ഞുവീഴുന്ന പ്രതിസന്ധി പരിഹരിക്കാൻ വഴിയില്ലാതെ നിൽക്കുകയായിരുന്നു നോർമൻ ബോർലോഗ്. കൂടുതൽ വളം നൽകുമ്പോൾ ചെടികൾ നീണ്ടു വളരുകയും ഭാരം താങ്ങാനാവാതെ വീണു നശിക്കുകയും ചെയ്യുന്നത് അദ്ദേഹത്തെ അലട്ടി.
വോഗലിന്റെ പരീക്ഷണങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ ബോർലോഗ്, 1952-ൽ അദ്ദേഹത്തിന് ഒരു കത്തെഴുതുകയും നൊറിൻ-10 ജനിതകമുള്ള കുറച്ച് വിത്തുകൾ ആവശ്യപ്പെടുകയും ചെയ്തു. വോഗൽ ആ വിത്തുകൾ മെക്സിക്കോയിലേക്ക് അയച്ചുകൊടുത്തു.
നൊറിൻ-10 വിത്തിൽ അടങ്ങിയിരുന്ന Reduced Height (Rht1, Rht2) എന്ന് വിളിക്കുന്ന രണ്ട് ജീനുകളായിരുന്നു ആ അത്ഭുതം. ഈ വിത്തുകൾ തന്റെ മികച്ച രോഗപ്രതിരോധ ശേഷിയുള്ള മെക്സിക്കൻ ഗോതമ്പുമായി ബോർലോഗ് സങ്കരവർഗ്ഗീകരണം നടത്തി. മികച്ച ഗുണങ്ങളുള്ള രണ്ട് മാതൃസസ്യങ്ങളെ തിരഞ്ഞെടുത്ത്, ഒന്നിലെ പൂമ്പൊടി മറ്റേതിന്റെ പൂവിലേക്ക് കൃത്രിമമായി എത്തിക്കുന്ന രീതിയാണിത്.
അങ്ങനെയാണ് ലോകത്തെ പട്ടിണിയിൽ നിന്ന് രക്ഷിച്ച, വളം എത്ര കൊടുത്താലും ഒടിഞ്ഞു വീഴാത്ത ആ ‘അത്ഭുത കുള്ളൻ ഗോതമ്പ്’ ജനിക്കുന്നത്.
ഒരു ജാപ്പനീസ് ശാസ്ത്രജ്ഞൻ വികസിപ്പിച്ച്, ഒരു അമേരിക്കൻ സൈനിക ശാസ്ത്രജ്ഞൻ കണ്ടെടുത്തു നൽകി, മറ്റൊരു ശാസ്ത്രജ്ഞൻ പരിഷ്കരിച്ച് ഒടുവിൽ നോർമൻ ബോർലോഗിന്റെ കൈകളിൽ എത്തിയപ്പോഴാണ് ‘നൊറിൻ-10’ എന്ന വിത്ത് ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഹരിതവിപ്ലവത്തിന്റെ വിത്തായി മാറിയത്.
ഏതാനും വർഷങ്ങൾക്കുള്ളിൽ മെക്സിക്കോ ഗോതമ്പ് ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടി എന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും തുടങ്ങി.
1960-കളിൽ ഇന്ത്യയും പാകിസ്താനും ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യക്ഷാമം നേരിടുകയായിരുന്നു. ജനസംഖ്യ അതിവേഗം വർദ്ധിക്കുകയും കൃഷി നാശത്തിലാവുകയും ചെയ്തതോടെ, കോടിക്കണക്കിന് ആളുകൾ പട്ടിണി കിടന്ന് മരിക്കുമെന്ന് ആഗോള വിദഗ്ദ്ധർ പ്രവചിച്ച കാലമായിരുന്നു അത്.
ഈ സമയത്താണ് ബോർലോഗ് തന്റെ കുള്ളൻ ഗോതമ്പ് വിത്തുകളുമായി ഇന്ത്യയിലെത്തുന്നത്. ഡോ. എം. എസ്. സ്വാമിനാഥനുമായി ചേർന്ന് അദ്ദേഹം പഞ്ചാബിലെയും ഹരിയാനയിലെയും പാടങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു. ഇന്ത്യയുടെ മണ്ണിൽ ആ വിത്തുകൾ അത്ഭുതങ്ങൾ വിളയിച്ചു. അഞ്ചേ അഞ്ച് വർഷം കൊണ്ട് ഇന്ത്യ തങ്ങളുടെ ഗോതമ്പ് ഉത്പാദനം ഇരട്ടിയാക്കി!

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന കപ്പലുകളിലെ ധാന്യത്തിനായി കാത്തിരുന്ന ഇന്ത്യ, അതോടെ സ്വന്തം കാലിൽ നിന്നു. ഈ വലിയ മാറ്റമാണ് ലോകചരിത്രത്തിൽ ‘ഹരിതവിപ്ലവം’ എന്ന് അറിയപ്പെടുന്നത്.
100 കോടിയിലധികം മനുഷ്യരെ പട്ടിണിയിൽ നിന്ന് രക്ഷിച്ച ‘ഹരിതവിപ്ലവ’ പ്രവർത്തനങ്ങളെ മുൻനിർത്തി 1970-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി ലോകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ, ഈ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യവും നോർമൻ ബോർലോഗിനെ ആദരിച്ചു. 2006 -ൽ രാഷ്ട്രപതിയായിരുന്ന ഡോ. എ. പി. ജെ. അബ്ദുൽ കലാം ആണ് അദ്ദേഹത്തിന് പത്മവിഭൂഷൺ ബഹുമതി പ്രഖ്യാപിച്ചത്.
ആ സമയത്ത് 92 വയസ്സായിരുന്ന ഡോ. ബോർലോഗിന് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം ഇന്ത്യയിൽ വന്ന് പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് മെക്സിക്കോ സിറ്റിയിൽ വെച്ചു നടന്ന ഒരു പ്രത്യേക ചടങ്ങിൽ വെച്ച്, മെക്സിക്കോയിലെ അന്നത്തെ ഇന്ത്യൻ അംബാസഡറായിരുന്ന ആർ. കെ. ഭാട്ടിയ ഈ പുരസ്കാരം നോർമൻ ബോർലോഗിന് കൈമാറുകയായിരുന്നു.
തനിക്ക് ലഭിച്ച ഈ വലിയ ആദരവിനെക്കുറിച്ച് അന്ന് നോർമൻ ബോർലോഗ് പറഞ്ഞത് ഇങ്ങനെയാണ്.
”സ്വാമിനാഥൻ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഒരിക്കലും ഹരിതവിപ്ലവം യാഥാർത്ഥ്യമാകില്ലായിരുന്നു…”

ശരിയാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ ശില്പി’ ഡോ. എം. എസ്. സ്വാമിനാഥനാണ്. ബോർലോഗ് വികസിപ്പിച്ചെടുത്ത ആ അത്ഭുത വിത്തുകളെ ഇന്ത്യൻ മണ്ണിലേക്ക് പറിച്ചുനടുകയും, ഇവിടുത്തെ കർഷകരിലേക്ക് എത്തിച്ച് പട്ടിണി മാറ്റുകയും ചെയ്തത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമായിരുന്നു.
തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ച സ്വാമിനാഥൻ യഥാർത്ഥത്തിൽ ഒരു മെഡിക്കൽ ബിരുദമെടുക്കാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ 1943-ലെ കടുത്ത ബംഗാൾ പട്ടിണി അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു.
ലക്ഷക്കണക്കിന് മനുഷ്യർ ആഹാരമില്ലാതെ തെരുവിൽ മരിച്ചുവീഴുന്നത് കണ്ട ആ യുവാവ് ഒരു ഡോക്ടറാകുന്നതിനേക്കാൾ, രാജ്യത്തിന്റെ വിശപ്പകറ്റുന്ന ഒരു കാർഷിക ശാസ്ത്രജ്ഞനാകാൻ തീരുമാനിക്കുകയായിരുന്നു.
മെക്സിക്കോയിൽ ബോർലോഗ് കുള്ളൻ ഗോതമ്പ് വികസിപ്പിച്ച വാർത്ത അറിഞ്ഞയുടൻ സ്വാമിനാഥൻ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
ബോർലോഗ് ഇന്ത്യയിലെത്തുകയും ഇരുവരും ചേർന്ന് പഞ്ചാബിലെ കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിച്ച് മണ്ണ് പരിശോധിക്കുകയും ചെയ്തു.
ബോർലോഗിന്റെ ‘നൊറിൻ-10’ ജനിതകമുള്ള വിത്തുകൾ നേരിട്ട് വിതച്ചാൽ ഇന്ത്യൻ കാലാവസ്ഥയ്ക്ക് അത് താങ്ങാൻ കഴിയില്ലെന്ന് സ്വാമിനാഥൻ മനസ്സിലാക്കി. തുടർന്ന് അദ്ദേഹം ആ വിത്തുകളെ ഇന്ത്യയിലെ പരമ്പരാഗത ഇനങ്ങളുമായി വീണ്ടും സങ്കരവർഗ്ഗീകരണം നടത്തി ‘ശർബതി സൊനോര’, ‘കല്യാൺ സോണ’ എന്നീ ഗോതമ്പ് ഇനങ്ങൾ വികസിപ്പിച്ചെടുത്തു.
പുതിയ ശാസ്ത്രീയ കൃഷിരീതികൾ കൊണ്ടുവരുമ്പോൾ അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും കടുത്ത എതിർപ്പുകളുണ്ടായിരുന്നു.
ഈ വിത്തുകൾ മണ്ണിലെ ജൈവവൈവിധ്യം നശിപ്പിക്കുമെന്ന് പലരും വാദിച്ചു.
എന്നാൽ സ്വാമിനാഥൻ കർഷകരെ നേരിട്ട് പോയി കണ്ട് സംസാരിച്ചു. ഒടുവിൽ ഡൽഹിയിലെ പൂസ കാർഷിക സർവ്വകലാശാലയുടെ മൈതാനത്ത് അദ്ദേഹം പുതിയ ഗോതമ്പ് വിത്ത് പാകാനുള്ള ഇടമാക്കി മാറ്റി. അവിടുത്തെ വിളവെടുപ്പ് കണ്ടാണ് കർഷകർക്ക് ഈ രീതിയിൽ വിശ്വാസം വന്നത്.
ഗോതമ്പിൽ തുടങ്ങിയ ഈ വിപ്ലവം പിന്നീട് സ്വാമിനാഥന്റെ നേതൃത്വത്തിൽ നെല്ലിലേക്കും വ്യാപിച്ചു. ഫിലിപ്പീൻസിലെ അന്താരാഷ്ട്ര നെൽ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള IR-8 നെൽവിത്തുകൾ ഇന്ത്യയിലെത്തിച്ച് അദ്ദേഹം ഉത്പാദനം വർദ്ധിപ്പിച്ചു. ലോകം മുഴുവൻ ഡോ. സ്വാമിനാഥനെ ‘ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ ശില്പി’ എന്ന് വിളിച്ചാദരിച്ചു.
1987-ൽ ലോകത്തിലെ ആദ്യത്തെ ‘വേൾഡ് ഫുഡ് പ്രൈസ്’ അദ്ദേഹത്തിന് ലഭിച്ചു.
ഇന്ത്യ അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ മൂന്ന് പുരസ്കാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.

Article : ഹരിതവിപ്ലവത്തിന്റെ ഗോതമ്പുമണികൾ | ജപ്പാനിൽ നിന്ന് അമേരിക്ക വഴി ഇന്ത്യയിലേക്ക്… |സ്വന്തം ലേഖകൻ