ഫൊക്കാന സാഹിത്യ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അമേരിക്കൻ മലയാളി എഴുത്തുകാരനും എഡിറ്ററുമായ ബെന്നി നെച്ചൂരിനെ ചെയർമാനായും എഴുത്തുകാരനും അഭിഭാഷകനുമായ മുരളി ജെ. നായരെ വൈസ് ചെയർമാനായും നിയമിച്ചു. സോണി അമ്പൂക്കൻ അഡ്വൈസറായും ഗീത ജോർജ്, ജോർജ് നടവയൽ, ബിജു ജോർജ് എന്നിവർ കോഓർഡിനേറ്റർമാരായും പ്രവർത്തിക്കും.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പുതിയ ഭരണസമിതിയുടെ തുടക്കത്തിൽത്തന്നെ സാഹിത്യ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. നിശ്ചയിച്ച ലക്ഷ്യങ്ങൾ ആസൂത്രിതമായി നടപ്പാക്കാൻ കമ്മിറ്റിക്ക് രണ്ടു വർഷത്തെ പൂർണ കാലയളവ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളർച്ചയും ഫൊക്കാന രൂപീകരണകാലം മുതൽ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ‘ഭാഷയ്ക്കൊരു ഡോളർ’ പദ്ധതി, കേരള കൺവെൻഷനിൽ മലയാള സാഹിത്യത്തിനായി പ്രത്യേക വേദി ഒരുക്കൽ, കേരളത്തിലെയും അമേരിക്കയിലെയും എഴുത്തുകാരെ ആദരിക്കൽ, സാഹിത്യ പുരസ്കാരങ്ങൾ, സെമിനാറുകൾ, പ്രമുഖ സാഹിത്യകാരന്മാരുടെ കൺവെൻഷൻ പങ്കാളിത്തം തുടങ്ങിയ നിരവധി സംരംഭങ്ങൾ ഫൊക്കാന ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ, ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി തുടങ്ങിയ മലയാളത്തിന്റെ മഹാപ്രതിഭകളെ കൺവെൻഷനുകളിലേക്ക് ക്ഷണിച്ച് ആദരിച്ച പാരമ്പര്യവും സംഘടനയ്ക്കുണ്ട്.
പ്രവാസി എഴുത്തുകാരെയും അവരുടെ കൃതികളെയും കൂടുതൽ ശക്തമായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് പുതിയ കമ്മിറ്റി മുൻഗണന നൽകും. പ്രവാസി മലയാള സാഹിത്യത്തിന് അർഹമായ അംഗീകാരവും പിന്തുണയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെയും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനെയും അടുത്ത കേരളസന്ദർശനത്തിൽ നേരിൽകണ്ട് നിവേദനം നൽകുമെന്നും ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
ബെന്നി നെച്ചൂർ — ചെയർമാൻ
അമേരിക്കൻ മലയാളി സാഹിത്യ-പ്രസിദ്ധീകരണ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് ബെന്നി നെച്ചൂർ. 2018-ൽ ഫൊക്കാന സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം, പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ 2022-ലും 2024-ലും അതേ ചുമതല വഹിച്ചു. ഫൊക്കാന സുവനീറുകളിൽ പ്രസിദ്ധീകരിച്ച പ്രമുഖ എഴുത്തുകാരുടെ രചനകൾ സമാഹരിച്ച് എഡിറ്റ് ചെയ്ത ‘കൈരളി സപര്യ’ 2018-ലെ ഫിലഡൽഫിയ കൺവെൻഷനിൽ പ്രകാശനം ചെയ്തു. നിരവധി ഫൊക്കാന സുവനീറുകളുടെയും സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളുടെയും എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കൻ മലയാളി ജീവിതത്തെ ആസ്പദമാക്കിയ 65 ചെറുകഥകളുടെ സമാഹാരമായ ‘അമേരിക്കൻ കഥക്കൂട്ടം’, മൂന്ന് നാടകങ്ങൾ ഉൾപ്പെടുത്തിയ ‘പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ’, അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘പുല്ലാന്തറയാറിലെ ചുഴികൾ’ എന്നിവയാണ് പ്രധാന കൃതികൾ. അഞ്ച് കഥകളടങ്ങിയ പുതിയ സമാഹാരം സെപ്റ്റംബർ മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ഇന്ത്യയിൽനിന്ന് എൻജിനീയറിംഗ് ബിരുദവും അമേരിക്കയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും നേടിയ അദ്ദേഹം, കേരള എൻജിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) സ്ഥാപക നേതാക്കളിലൊരാളും പ്രഥമ പ്രസിഡന്റുമാണ്.
മുരളി ജെ. നായർ — വൈസ് ചെയർമാൻ
മാവേലിക്കര താലൂക്കിലെ കണ്ണനാകുഴി സ്വദേശിയായ മുരളി ജെ. നായർ മുപ്പതിലധികം വർഷമായി അമേരിക്കയിൽ അഭിഭാഷകനായി പ്രവർത്തിക്കുന്നു. മലയാളത്തിൽ രണ്ടു നോവലുകൾ, രണ്ടു ചെറുകഥാസമാഹാരങ്ങൾ, ഒരു യാത്രാവിവരണം എന്നിവയും ഇംഗ്ലീഷിൽ The Monsoon Mystic എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.ജെ. ജെയിംസിന്റെ ‘ചോരശാസ്ത്രം’ Chorashastra: The Subtle Science of Thievery എന്ന പേരിൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തതും അദ്ദേഹമാണ്. ‘പ്രണയത്തിന്റെ ഉല്പത്തി പുസ്തകം’ ആണ് ഏറ്റവും പുതിയ നോവൽ.
ഫൊക്കാന ചിന്താധാര സ്വർണമെഡൽ, മാമ്മൻ മാപ്പിള അവാർഡ്, ഹ്യൂസ്റ്റൺ റൈറ്റേഴ്സ് ഫോറം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1992 മുതൽ ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യസമ്മേളനങ്ങളിൽ സജീവമാണ്. നൂറ്റിമുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച ലോകസഞ്ചാരിയായ അദ്ദേഹം ഫിലഡൽഫിയയിൽ സ്വന്തമായി നിയമസ്ഥാപനം നടത്തുന്നു.
സോണി അമ്പൂക്കൻ — അഡ്വൈസർ
സംഘടനാ-സാങ്കേതിക രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനപരിചയമുള്ള സോണി അമ്പൂക്കൻ ലോക കേരളസഭാംഗമാണ്. ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം, അഡീഷണൽ അസോസിയേറ്റ് ട്രഷറർ, മലയാളം അക്കാദമി കമ്മിറ്റി അംഗം, ‘അക്ഷരജ്വാല’ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച ‘എന്റെ മലയാളം’ പദ്ധതിയുടെ പ്രചാരണത്തിൽ ഫൊക്കാനയെ ഒന്നാം സ്ഥാനത്തെത്തിച്ച മികച്ച ഏകോപനത്തിന് പുരസ്കാരവും ലഭിച്ചു.
കേരള അസോസിയേഷൻ ഓഫ് കണക്ടിക്കറ്റിന്റെ 2018–2020 കാലയളവിലെ പ്രസിഡന്റായിരുന്ന അദ്ദേഹം മികച്ച മലയാളം-ഇംഗ്ലീഷ് പ്രഭാഷകനുമാണ്. ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണലിൽ നേതൃചുമതലകൾ വഹിച്ചിട്ടുണ്ട്. തൃശൂർ എൻജിനീയറിംഗ് കോളേജിൽനിന്ന് ബി.ടെക്കും എൻ.ഐ.ടി. സൂറത്ത്കലിൽനിന്ന് എം.ടെക്കും നേടിയ സോണി, യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോർഡിൽനിന്ന് എം.ബി.എയും എം.ഐ.ടി. സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്റിൽനിന്ന് എക്സിക്യൂട്ടീവ് വിദ്യാഭ്യാസവും പൂർത്തിയാക്കി. ഐ.ടി. മാനേജ്മെന്റ്-ലീഡർഷിപ്പ് മേഖലകളിൽ ദീർഘകാല പരിചയമുണ്ട്.
ഗീത ജോർജ് — കോഓർഡിനേറ്റർ
കാലിഫോർണിയയിൽ എച്ച്.പി.ഇ.യുടെ പ്രിൻസിപ്പൽ ഹാർഡ്വെയർ എൻജിനീയറായ ഗീത ജോർജ്, കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ നാല് യു.എസ്. പേറ്റന്റുകളുടെ ഉടമയാണ്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിൽ എൻജിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്.
കാലിഫോർണിയ ലിറ്റററി അസോസിയേഷൻ ഓഫ് മലയാളീസിന്റെ സെക്രട്ടറി, ഫൊക്കാന 2000 കൺവെൻഷൻ ഡയറക്ടർ, സാഹിത്യസമ്മേളന കോഓർഡിനേറ്റർ, റീജിയണൽ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. 2026–28 കാലയളവിലെ റീജിയണൽ വൈസ് പ്രസിഡന്റുമാണ്. മങ്കയുടെ മുൻ പ്രസിഡന്റായ ഗീത, വനിത — ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ് വിമൻ എന്ന സംഘടനയുടെ ചെയർപേഴ്സണായും പ്രവർത്തിക്കുന്നു. വിപുലമായ വായനയും നിരൂപണപാടവവുമുള്ള അവർ ശ്രദ്ധേയ സാഹിത്യ നിരൂപക കൂടിയാണ്.
ജോർജ് നടവയൽ — കോഓർഡിനേറ്റർ
സാമൂഹിക-സംഘടനാ പ്രവർത്തനം, അധ്യാപനം, ഗ്രാമീണ ബാങ്കിംഗ്, സഹകരണ പ്രസ്ഥാനം, ഗ്രന്ഥശാലാ പ്രവർത്തനം, നാടകം, പത്രപ്രവർത്തനം, നഴ്സിംഗ് സേവനം തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജോർജ് നടവയൽ. കവിത, കഥ, ഗാനം, തിരനാടകം, ലഘുനാടകം, ലേഖനം തുടങ്ങിയ സാഹിത്യശാഖകളിലും സജീവമാണ്.
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ സെക്ഷൻ ഓഫീസറായും കേരളത്തിലും റിയാദിലും ഫിലഡൽഫിയയിലും അധ്യാപകനായും പ്രവർത്തിച്ചു. ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം, മുൻ വക്താവ്, ലാന മുൻ വൈസ് പ്രസിഡന്റ്, മനീഷി ഡ്രാമ സ്കൂൾ ഡയറക്ടർ, പമ്പ മുൻ ജനറൽ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരള ഫോറം മുൻ ചെയർമാൻ, ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ മുൻ പ്രസിഡന്റ്, ഓർമ ഇന്റർനാഷണൽ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. നിലവിൽ കോമൺവെൽത്ത് ഓഫ് പെൻസിൽവേനിയയിൽ ഇൻസ്പെക്ഷൻ രംഗത്ത് പ്രവർത്തിക്കുന്നു.
ബിജു ജോർജ് — കോഓർഡിനേറ്റർ
ഇലക്ട്രിക്കൽ എൻജിനീയർ, റിയൽ എസ്റ്റേറ്റ് പ്രൊഫഷണൽ, സിനിമാ നിർമാതാവ്, പ്രവാസി സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ബിജു ജോർജ്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1998-ൽ കാനഡയിലേക്ക് കുടിയേറി; തുടർന്ന് സെമികണ്ടക്ടർ മേഖലയിൽ പ്രവർത്തിച്ചു.
സാഹിത്യനിരൂപണങ്ങൾ എഴുതുന്ന ബിജു, ഫീച്ചർ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണപങ്കാളിയും ‘കാൻഈസ്റ്റ് ഫിലിംസ്’ സ്ഥാപകനുമാണ്. പരിസ്ഥിതി ബോധവത്കരണത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘വലിയ ചിറകുള്ള പക്ഷികൾ’, ജനപ്രീതി നേടിയ ‘ടു കൺട്രീസ്’ എന്നീ സിനിമകളിൽ ലൈൻ പ്രൊഡ്യൂസറായി പ്രവർത്തിച്ചു. ഇന്ത്യ-കാനഡ അസോസിയേഷൻ, ഇൻഡോ-കനേഡിയൻ കമ്മ്യൂണിറ്റി സെന്റർ എന്നിവയുടെ പ്രസിഡന്റായും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2018-ൽ ഇൻഡോ-കനേഡിയൻ കൗൺസിൽ ഫോർ ആർട്ട് ആൻഡ് കൾച്ചർ സ്ഥാപിച്ചു. കാനഡ പാർലമെന്റിൽ സംഘടിപ്പിക്കുന്ന ദീപാവലി, ഓണം ആഘോഷങ്ങളുടെ പ്രധാന സംഘാടകരിലൊരാളുമാണ്.
ഫൊക്കാനയുടെ പുതിയ സാഹിത്യ കമ്മിറ്റി നിയമനങ്ങളെ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മരിയ ജോസഫ്, വിമൻസ് ഫോറം ചെയർ ഷൈനി രാജു എന്നിവർ ഐകകണ്ഠ്യേന സ്വാഗതം ചെയ്തു.