ചില പ്രാദേശിക ടൂർണമെന്റുകളിൽ ആളാരവങ്ങൾ നിറഞ്ഞ മൈതാനങ്ങളിൽ ചടുലനീക്കങ്ങളാൽ കാൽപന്തു കൊണ്ട് മായാജാലം കാണിക്കുന്ന പാപ്പന്റെ മികവ് കണ്ടാണ് ഫൂട്ബാൾ പ്രേമിയായ തിരുവിതാംകൂറിലെ ആദ്യ ഐ ജി ഖാൻ ബഹദൂർ അബ്ദുൽ കരീം സാഹിബ് അദ്ദേഹത്തെ പോലിസ് ടീമിലേക്ക് ക്ഷണിക്കുന്നത്.ക്ഷണം സ്വീകരിച്ചു കൊണ്ട് പോലീസ് ടീമിൽ അംഗമായെങ്കിലും അധികം വൈകാതെ കാൽപന്ത് ഭ്രാന്തിനാൽ തന്നെ ഐ ജി നേരിട്ടു സമ്മാനിച്ച പോലീസ് വേഷം അദ്ദേഹം ഉപേക്ഷിച്ചു.
തിരുവല്ലയിലെ തന്നെ മറ്റൊരു പ്രഗത്ഭ താരമായിരുന്ന വി ജി വർഗീസിന്റെ സ്വാധീനത്താൽ പാപ്പൻ മുംബൈയിൽ എത്തുകയും അന്നത്തെ പ്രശസ്ത ടീമായിരുന്ന ബോംബെ ടാറ്റാ സ്പോർട്സ് ക്ലബ്ബിൽ അംഗമാവുകയും ചെയ്തു.ഇത് പാപ്പന് ദേശീയ ടീമിലേക്കുള്ള വഴി എളുപ്പമാക്കി കൊടുത്തു.ടാറ്റാസിനു വേണ്ടി കളിച്ചിരുന്നതിനാൽ ടാറ്റാസ് പാപ്പൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടു.യുവ പ്രായത്തിൽ തന്നെ പ്രശസ്തനായ സൈലൻ മന്നാക്ക് ഒപ്പം നിൽക്കുന്ന പ്രതിഭയായി ജനഹൃദയങ്ങളിൽ വളരാൻ ഇദ്ദേഹത്തിന് സാധിച്ചു.
1942 മുതൽ ഇന്ത്യൻ ടീമിൽ അംഗമായി കളിച്ചു തുടങ്ങിയ പാപ്പൻ 1951ൽ ഇന്ത്യ ആദ്യമായി ഏഷ്യാഡിൽ സ്വർണം നേടിയപ്പോൾ ടീമിൽ അംഗമായിരുന്നു.
ഏഷ്യൻ ഗെയിംസ് ഫൈനലിൽ കളിച്ചു കൊണ്ടിരിക്കെ സഹ താരവുമായി കൂട്ടിയിടിച്ചു മൂക്കിന് പരിക്കു പറ്റി നിർത്താതെ രക്തം വാർന്നുവെങ്കിലും കളി മുഴുമിപ്പിക്കാതെ ബൂട്ടഴിച്ചു വെക്കാൻ അദ്ദേഹം തയ്യാറായില്ല. തൂവാല കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ചാണ് അദ്ദേഹം കളി പൂർത്തിയാക്കിയത്. കാതടപ്പിക്കു
കാലങ്ങൾ കഴിഞ്ഞു, തിരുവല്ലയിൽ നിന്നു മാത്രമല്ല കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒരുപാട് കാൽപന്തുസ്നേഹികൾ പിറവിയെടുക്കുകയും ജന ഹൃദയങ്ങളിലേക്ക് ബൂട്ടണിഞ്ഞു കയറി സ്ഥാനം പിടിക്കുകയും ചെയ്തു. കാൽപന്തു കളിയും കളിക്കാരും കൂടുതൽ ജനകീയമായതോടെ സ്വാതന്ത്ര്യത്തിനും മുന്നേ ആദ്യമായി പന്തുമായി മൈതാനിയിലേക്കിറങ്ങിയ പാപ്പനെ പലരും മറന്നു. 1979ൽ ജീവിതത്തിന്റെ കളമൊഴിഞ്ഞു മടങ്ങിയതോടെ ചുരുക്കം ചില കാൽപ്പന്തു പ്രേമികളുടെ മനസ്സിൽ നിന്നൊഴികെ ഇദ്ദേഹം തീർത്തും മാഞ്ഞു പോയി.
“പാപ്പൻ പരുക്കനും കടുപ്പക്കാരനുമായ ഒരു ഡിഫൻഡർ ആയിരുന്നു.എതിർ ടീമിനെ ഗോൾ നേടുന്നതിൽ നിന്നും തടയാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. അതുവഴി സ്വന്തം ടീമിന് അദ്ദേഹം ഫലപ്രദവുമായിരുന്നു.” പാപ്പന് 12 വർഷങ്ങൾക്ക് ശേഷം റോം ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒ ചന്ദ്രശേഖർ പാപ്പനെക്കുറിച്ചു പങ്കുവെച്ച വീരകഥകളിലൂടെയാണ് ഫുട്ബോൾ പ്രേമികൾ പാപ്പനെ കൂടുതൽ അറിയുന്നത്.ചന്ദ്രശേഖർ ബോംബെയിൽ പോകുമ്പോഴെല്ലാം അദ്ദേഹത്തിന് വേണ്ടി വിരുന്നൊരുക്കുകയും കളിയെ കുറിച്ച് ഉപദേശം നൽകുകയും ചെയ്തിരുന്ന പാപ്പനെ കുറിച്ച് പല അവസരങ്ങളിലും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
മരണം വരെ ഫൂട്ബാളിനോടുള്ള സ്നേഹം കൈ വിടാതെ ജീവശ്വാസം കണക്കെ കൊണ്ടു നടന്നിരുന്ന അദ്ദേഹത്തിനെ ഓർമ്മിക്കാനോ പുതു തലമുറക്ക് പരിചയപ്പെടുത്താനോ ഒരു പ്രതിമയോ സ്മാരകമോ പോലും ഇന്നും അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നത് കാൽപന്തു പ്രേമികളുടെ മനസ്സിൽ നൊമ്പരമുണർത്തുന്ന കാര്യമാണ്.ഇന്നും ഓർമ്മദിനങ്ങളിൽ പത്രങ്ങളുടെ കുഞ്ഞുകോളങ്ങളിൽക്കൂടി മാത്രമേ അദ്ദേഹത്തെ ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കുന്നുള്ളൂ.എങ്കിലും ഈ കാലങ്ങളിലും കാല്പന്ത് നെഞ്ചിലേറ്റിക്കൊണ്ട് നടക്കുന്ന ഫൂട്ബോൾ പ്രേമികൾക്കുള്ളിൽ അതേ തലയെടുപ്പോടെ തന്നെ പാപ്പൻ ഇന്നും തലയുയർത്തി നിൽക്കുന്നു.

ഒളിമ്പിക്സിലെ ആദ്യ മലയാളി സാന്നിധ്യം:തിരുവല്ല പാപ്പൻ