ഫൊക്കാന സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശവും പിന്തുണയും നൽകുന്നതിനായി പ്രമുഖ ഓങ്കോളജിസ്റ്റും എഴുത്തുകാരനും ചിന്തകനുമായ ഡോ. എം. വി. പിള്ള, പ്രശസ്ത സാഹിത്യകാരൻ സി. വി. ബാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളായി ചുമതലയേറ്റു.
സാഹിത്യ വിഭാഗത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പൂർണതോതിൽ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കമ്മിറ്റിയുടെ നിർദേശപ്രകാരം ചെയർമാൻ ബെന്നി നെച്ചൂർ ഇരുവരുമായും ബന്ധപ്പെടുകയും രക്ഷാധികാരികളായി പ്രവർത്തിക്കാനുള്ള ക്ഷണം അവർ സ്വീകരിക്കുകയും ചെയ്തതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
പ്രമുഖ വ്യക്തിത്വങ്ങളെ സാഹിത്യ വിഭാഗത്തിന്റെ രക്ഷാധികാരികളായി ക്ഷണിക്കണമെന്ന തന്റെ നിർദേശം കമ്മിറ്റി ഐകകണ്ഠേന അംഗീകരിച്ചതായി സാഹിത്യ വിഭാഗം അഡ്വൈസർ സോണി അമ്പൂക്കൻ പറഞ്ഞു.
വടക്കേ അമേരിക്കൻ മലയാളി എഴുത്തുകാർക്ക് കൂടുതൽ അവസരങ്ങൾ
വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾക്കും മറ്റു രചനകൾക്കും കേരളത്തിൽ അർഹമായ ശ്രദ്ധയും പ്രചാരവും ലഭിക്കുന്നില്ലെന്ന ദീർഘകാല പരാതിക്ക് പരിഹാരം കണ്ടെത്തുക എന്നതും പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
രക്ഷാധികാരികളെന്ന നിലയിൽ ഡോ. എം. വി. പിള്ളയുടെയും സി. വി. ബാലകൃഷ്ണന്റെയും സജീവ സാന്നിധ്യം പ്രവാസി എഴുത്തുകാരുടെ കൃതികൾക്ക് കൂടുതൽ ശ്രദ്ധയും അംഗീകാരവും ലഭിക്കാൻ സഹായിക്കുമെന്നാണ് ഫൊക്കാനയുടെ പ്രതീക്ഷ. എഴുത്തുകാർക്ക് ആവശ്യമായ മാർഗനിർദേശവും ഉപദേശവും നൽകുന്നതിനൊപ്പം അവരുടെ രചനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇരുവരുടെയും സഹകരണം പ്രയോജനപ്പെടും.
പ്രശസ്ത സാഹിത്യകാരന്മാരായ എം. മുകുന്ദനും സാറാ ജോസഫും ഫൊക്കാന സാഹിത്യ സമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചതായും സംഘാടകർ വ്യക്തമാക്കി. വടക്കേ അമേരിക്കൻ മലയാളി എഴുത്തുകാരെയും ഫൊക്കാനയുടെ സാഹിത്യ സംരംഭങ്ങളെയും പിന്തുണയ്ക്കാൻ കഴിയുന്നത് സന്തോഷകരമാണെന്നും തുടർപ്രവർത്തനങ്ങളിൽ സഹകരിക്കുമെന്നും അവർ ബെന്നി നെച്ചൂരിനെ അറിയിച്ചതായും വാർത്താക്കുറിപ്പിൽ പറയുന്നു.
2018-ൽ ഫിലിപ്പോസ് ഫിലിപ്പ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ബെന്നി നെച്ചൂർ സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാനായിരിക്കെ, സാറാ ജോസഫിന്റെ മകളും എഴുത്തുകാരിയുമായ സംഗീത ശ്രീനിവാസന്റെ ‘ആസിഡ്’ (Acid) എന്ന നോവലിന് ഫൊക്കാന സാഹിത്യ അവാർഡ് നൽകിയ കാര്യവും കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു.
സി. വി. ബാലകൃഷ്ണന്റെ രചനകളോടുള്ള തന്റെ ആദരവ് 1983 ഏപ്രിലിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ആയുസ്സിന്റെ പുസ്തകം’ പരമ്പരയായി പ്രസിദ്ധീകരിച്ച കാലം മുതലുള്ളതാണെന്ന് ഫൊക്കാന വൈസ് ചെയർമാൻ മുരളി നായർ പറഞ്ഞു.
ഇരുവരുടെയും അനുഭവസമ്പത്തും ഉപദേശങ്ങളും ഫൊക്കാന സാഹിത്യ കമ്മിറ്റിക്കും വടക്കേ അമേരിക്കയിലെ എഴുത്തുകാർക്കും വായനക്കാർക്കും വലിയ മുതൽക്കൂട്ടാകുമെന്ന് ഗീത ജോർജ്, ബിജു ജോർജ്, ജോർജ് നടവയൽ എന്നിവർ അഭിപ്രായപ്പെട്ടു.
‘ഭാഷയ്ക്കൊരു ഡോളർ’
കേരളത്തിലെ സർവകലാശാലകളിൽ മലയാള വിഷയത്തിൽ സമർപ്പിക്കുന്ന മികച്ച പി.എച്ച്.ഡി. പ്രബന്ധത്തിന് കേരള സർവകലാശാലയുമായി സഹകരിച്ച് ഫൊക്കാന നൽകിവരുന്ന പുരസ്കാരമാണ് ‘ഭാഷയ്ക്കൊരു ഡോളർ’. കേരള സർവകലാശാലയുടെ നേതൃത്വത്തിലാണ് പുരസ്കാര നിർണയം. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഈ പദ്ധതിയിലൂടെ മുൻകാലങ്ങളിൽ സാമ്പത്തിക സഹായം ലഭിച്ച മൂന്നുപേർ ഇന്ന് തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നുവെന്ന വിവരം ഡോ. എം. വി. പിള്ള പങ്കുവച്ചതായും ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
ഡോ. എം. വി. പിള്ള
പ്രമുഖ ഓങ്കോളജിസ്റ്റും ഹെമറ്റോളജിസ്റ്റുമായ ഡോ. മാധവൻ വി. പിള്ള അമേരിക്കൻ ബോർഡ് ഓഫ് ഇന്റേണൽ മെഡിസിനിൽ ട്രിപ്പിൾ ബോർഡ് സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്. തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ സിഡ്നി കിമ്മൽ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ പ്രൊഫസറായ അദ്ദേഹം International Network for Cancer Treatment and Research (INCTR-USA)-യുടെ പ്രസിഡന്റും സി.ഇ.ഒ.യുമാണ്.
യു.എസ്. എയർഫോഴ്സ് മെഡിക്കൽ കോർപ്സിൽ ലഫ്റ്റനന്റ് കേണലായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം Global Virus Network-ന്റെ സീനിയർ അഡ്വൈസറുമാണ്. ഇന്ത്യയിലെ പാലിയേറ്റീവ് കെയർ രംഗത്തിനും കാൻസർ പ്രതിരോധ-ചികിത്സാ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾക്കായി വിവിധ സംഘടനകളുടെ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുമായും വിവിധ തലങ്ങളിൽ അദ്ദേഹം ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്തിനു പുറമേ എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.
സി. വി. ബാലകൃഷ്ണൻ
അറുപതിലധികം പുസ്തകങ്ങളുടെ രചയിതാവായ സി. വി. ബാലകൃഷ്ണൻ സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
‘ആയുസ്സിന്റെ പുസ്തകം’, ‘കാമമോഹിതം’, ‘ദിശ’, ‘ലൈബ്രേറിയൻ’, ‘അരുൾ’ തുടങ്ങിയ നോവലുകൾ ഉൾപ്പെടെ നോവൽ, നോവലെറ്റ്, ചെറുകഥ, ഓർമ്മക്കുറിപ്പ്, യാത്രാവിവരണം, വിവർത്തനം, ചലച്ചിത്രരചന തുടങ്ങിയ വിവിധ സാഹിത്യ മേഖലകളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.
ഏണസ്റ്റ് ഹെമിംഗ്വേയുടെ The Old Man and the Sea ഉൾപ്പെടെയുള്ള ലോകസാഹിത്യ കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഹാൻ കാങ്ങിന്റെ The Vegetarian എന്ന നോവലിന്റെ മലയാള പരിഭാഷയും അദ്ദേഹത്തിന്റെ സമീപകാല രചനകളിലൊന്നാണ്.
കേരള സാഹിത്യ അക്കാദമിയുടെയും കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നിയമനത്തെ സ്വാഗതം ചെയ്ത് ഫൊക്കാന നേതൃത്വം
പുതിയ രക്ഷാധികാരികളുടെ നിയമനത്തെ ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ഗ്രേസ് മരിയ ജോസഫ്, വുമൺസ് ഫോറം ചെയർ ഷൈനി രാജു എന്നിവർ സ്വാഗതം ചെയ്തു.