സഭ എന്ന് പറഞ്ഞതുകൊണ്ട് വിവക്ഷിക്കുന്നത് ലോകസഭയും രാജ്യസഭയും ഒന്നുമല്ല; ക്രിസ്തീയസഭകളെയാണ് ഉദ്ദേശിക്കുന്നത്.
അപ്പോള്‍ ചോദ്യമിതാണ് – മതങ്ങളില്‍ പൊതുവേ, ക്രിസ്തീയസഭകളില്‍ പ്രത്യേകിച്ച്, നടമാടുന്ന അഴിമതികള്‍, വിളിച്ചുപറയുന്നത് നിരീശ്വരവാദികളുടെയും യുക്തിവാദികളുടേയും മാത്രം കടമയാണോ? പക്ഷെ, ചരിത്രം പരിശോധിച്ചാല്‍ മനസിലാകുന്നത് അങ്ങനെയല്ല. ദൈവവിശ്വാസികളാണ് ഇവന്മാരെ ഏറ്റവും ശക്തമായി വിമര്‍ശിച്ചിട്ടുള്ളത് എന്നാണ്.
ആദ്യത്തെ ഉദാഹരണം സാക്ഷാല്‍ യേശുക്രിസ്തുതന്നെയാണ്.
ബൈബിള്‍ സസൂക്ഷ്മം പരിശോധിച്ചാല്‍ (ഞാന്‍ അതിനുവേണ്ടി മിനക്കെട്ടിട്ടില്ല) അദ്ദേഹം മിക്ക കാര്യങ്ങളിലും യുക്തിഭദ്രമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണാന്‍ കഴിഞ്ഞേക്കാം. പക്ഷെ, അങ്ങേര്‍ യുക്തിവാദി ആണെന്ന് സമര്‍ത്ഥിച്ചാല്‍ പിന്നെ ഈ കാക്കത്തൊള്ളായിരം ക്രിസ്തീയസഭകള്‍ക്ക് നിലനില്‍പില്ല. അദ്ദേഹം യുക്തിവാദിയായിരുന്നു എന്ന് സ്ഥാപിക്കാന്‍ കഴിയുന്നവര്‍പോലും യേശുക്രിസ്തു നിരീശ്വരവാദി ആയിരുന്നുവെന്ന് പറയുകയില്ല.
പക്ഷെ, നിരീശ്വരവാദി അല്ലാത്ത യേശുക്രിസ്തു വിളിച്ചത്ര പുളിച്ച തെറി പുരോഹിതരെ വേറെ ആരാണ് വിളിച്ചിട്ടുള്ളത്?
ഇന്നും ഒരു കത്തനാരുടെ മുഖത്ത് നോക്കി “അണലിസന്തതി” എന്ന് വിളിക്കാന്‍ എത്ര യുക്തന്മാര്‍ക്ക് തന്റേടം വരും?
യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല്പിനെ കുറിച്ചുള്ള തള്ളല്‍ കലര്‍ന്ന കഥകള്‍ കേട്ടപ്പോള്‍ നമ്മുടെ സ്വന്തം തോമാ കൂട്ടുകാരോട് പറഞ്ഞു…
പുളുവാടാ, മാര്‍ക്കോച്ചാ, ഇതൊക്കെ വെറും പുളുവാ.
തോമാശീഹാ നിരീശ്വരന്‍ ആണെന്ന് വന്നാല്‍ അങ്ങേരില്‍ നിന്നും സ്നാനം സ്വീകരിച്ച് നസ്രാണികളായ കേരളത്തിലെ നമ്പൂതിരിസന്തതികളുടെ കാര്യം എന്താകും?
അപ്പോള്‍, തോമാ യുക്തനും നിരീശ്വരനും അല്ലെന്നു വിശ്വസിക്കേണ്ടത് നമ്മുടെയുംകൂടെ ആവശ്യമാണ്..
മാര്‍ട്ടിന്‍ ലൂഥര്‍ എന്ന പേരെല്ലാവരും കേട്ടിട്ടുണ്ടല്ലോ.. അങ്ങേര്‍ കത്തോലിക്കാസഭയെയും പോപ്പിനെയുമൊക്കെ പൂരതെറി വിളിച്ചിട്ടുണ്ട്. പക്ഷെ, ദൈവത്തിനെതിരെ കമാ എന്നൊരക്ഷരം പറഞ്ഞിട്ടില്ല..
പക്ഷെ, അങ്ങേര്‍ കത്തോലിക്കാസഭയോട് ചെയ്ത പണി ഓര്‍ത്താല്‍ ഏത് നല്ല കത്തോലിക്കനാണ് സഹിക്കാന്‍ പറ്റുക? എങ്കിലും നമ്മള്‍ അയാളെ ഇടിച്ചുതാഴ്ത്തി കാണുന്നു. മുഖം രക്ഷിക്കാന്‍. അതല്ലാതെ മറ്റെന്ത് മാര്‍ഗം?
ചരിത്രത്തില്‍നിന്നും ഉദാഹരണങ്ങള്‍ ഇനിയും വേണമെങ്കില്‍ ഇഷ്ടംപോലെ തപ്പിയെടുക്കാം. എന്തിനാ ആ പാഴ്വേല? ഇത്രയും പറഞ്ഞിട്ട് മനസിലാകാത്ത വിഡ്ഢികള്‍ക്ക് കുറെക്കൂടെ പറഞ്ഞാല്‍ വല്ലതും മനസിലാകുമോ?
അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത് സഭയെ സ്നേഹിക്കുന്ന, സഭയിലും ദൈവത്തിലും വിശ്വാസമുള്ള അന്തം കുഞ്ഞാടുകളാണ് സഭയെ വിമര്‍ശിച്ചു തെറ്റുകള്‍ തിരുത്തേണ്ടത്. അത് അവരുടെ, അവരുടെമാത്രം, ആവശ്യമാണ്.
എന്നെപ്പോലൊരു കടുത്ത അവിശ്വാസിക്ക് സഭ നശിച്ചാലെന്ത്, നന്നായാലെന്ത്?
അപ്പോള്‍, അഖിലലോക കുഞ്ഞാടുകളെ, സംഘടിക്കുവിന്‍……

Alex Kaniamparambil
https://www.facebook.com/share/p/1Bn3LAWziq/