ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ നവംബർ 7, 8 തീയതികളിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീംകോടതി അനുമതി നൽകി. എന്നാൽ നവംബർ 9 മുതൽ പടക്കങ്ങൾക്കുള്ള സമ്പൂർണ നിരോധനം പുനഃസ്ഥാപിക്കുമെന്നും കോടതി വ്യക്തമാക്കി. അനുമതി നൽകിയ രണ്ട് ദിവസങ്ങളിലും രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയും മാത്രമേ പടക്കങ്ങൾ പൊട്ടിക്കാൻ പാടുള്ളൂ. നിശ്ചയിച്ച സമയപരിധി കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു.
ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, പ്രാഥമിക-ജില്ലാ ആരോഗ്യകേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിജ്ഞാപനം ചെയ്ത നിശ്ശബ്ദ മേഖലകൾ എന്നിവയുടെ 300 മീറ്റർ ചുറ്റളവിൽ പടക്കങ്ങൾ പൊട്ടിക്കാൻ അനുമതിയുണ്ടാകില്ല. ഈ പ്രദേശങ്ങൾ ‘നോ ക്രാക്കർ സോണുകൾ’ ആയി പ്രഖ്യാപിച്ച് സ്ഥലത്ത് അടയാളപ്പെടുത്തുകയും പൊതുജനങ്ങളെ അറിയിക്കുകയും വേണമെന്നും കോടതി വ്യക്തമാക്കി.
ഡൽഹിയിലെ പടക്ക നിർമാതാക്കളും വ്യാപാരികളും നിർബന്ധമായും സാമ്പത്തിക സുരക്ഷാ നിക്ഷേപം നൽകണമെന്നും സുപ്രീംകോടതി ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. കോടതി ഉത്തരവിലെ വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം ഈ നിക്ഷേപത്തുക കണ്ടുകെട്ടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ദീപാവലി ആഘോഷങ്ങൾക്ക് പരിമിതമായ ഇളവ് നൽകുമ്പോഴും ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങളാണ് സുപ്രീംകോടതി ഏർപ്പെടുത്തിയിരിക്കുന്നത്.