Home Motivational Messagesചര്‍ച്ചിലും ഫ്ലെമിംഗും.

ചര്‍ച്ചിലും ഫ്ലെമിംഗും.

by admin
0 comments
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
ആ പിഞ്ചു കുഞ്ഞിന്റെ കുസൃതികൾ മാതാപിതാക്കളെയും കൂടെ നിന്നവരെയും വല്ലാതെ ആകർഷിച്ചു. പക്ഷെ ആ കുഞ്ഞു വിനോദസ്ഥലത്തെ നീന്തൽ കുളത്തിന്റെ സമീപത്തേക്ക് നടന്നു നീങ്ങിയത് ആരുടെയും കണ്ണിൽ പെട്ടില്ല. അപ്രതീക്ഷിതമായി തങ്ങളുടെ മകൻ അപകടത്തിൽപ്പെടുന്നത് കാണാനിടയായ മാതാപിതാക്കളും കൂടെയുള്ള സുഹൃത്തുക്കളും സ്തബ്ധരായി നിന്നു. എന്നാൽ തോട്ടക്കാരൻ ആഴമുള്ള വെള്ളത്തിലേക്ക് എടുത്തുചാടി മുങ്ങിതാഴുന്ന കുഞ്ഞിനെ രക്ഷപെടുത്തി. കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ പ്രതിഫലമായി എന്ത് വേണമെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ മറുപടിയായി തോട്ടക്കാരൻ പറഞ്ഞു: “എന്റെ മകൻ കോളേജിൽ പഠിച്ചു നല്ലൊരു ഡോക്ടറായെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.” തോട്ടക്കാരന്റ ആഗ്രഹം അവർ നിവർത്തിച്ചു. അപകടത്തിൽ നിന്നും രക്ഷപെട്ട ആ കുട്ടിയാണ് വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി യായിതീർന്ന സർ വിൻസ്റ്റൺ ചർച്ചിൽ.
 
പ്രധാനമന്ത്രിയായിരിക്കെ ന്യുമോണിയ ബാധിതനായ ചർച്ചിൽ രാജ്യത്തെ ഏറ്റവും വിദഗ്ധ ഡോക്ടറെ വരുത്തുവാൻ ആവശ്യപ്പെട്ടപ്പോൾ എത്തിയത് ഡോക്ടർ അലക്‌സാണ്ടർ ഫ്ലെമിംഗ്, ശൈശവത്തിൽ ചർച്ചിലിനെ രക്ഷപെടുത്തിയ തോട്ടക്കാരൻ ഫ്ലെമിങ്ങിന്റെ മകൻ. “ഒരു മനുഷ്യൻ രണ്ടുപ്രാവശ്യം ജീവനുവേണ്ടി കടക്കാരനാകുന്നത് വളരെ ചുരുക്കമാണെന്ന് ” പിന്നീട് ചർച്ചിൽ പറയുകയുണ്ടായി. നമ്മുടെ ജീവിത യാത്രയിൽ മറ്റനേകരുടെ സ്നേഹ ശുശ്രൂഷകളും സഹായവും പ്രാപിച്ചു കൊണ്ടാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഉപകാരമായി തീർന്ന പലരോടും നന്ദിയുള്ളവരായി ജീവിപ്പാൻ അനേകർക്കും കഴിയാറില്ല. ഇവിടെ, ചർച്ചിലിന്റെ മാതാപിതാക്കൾ തോട്ടക്കാരന്റെ ആഗ്രഹം നിവർത്തിച്ചതിനാൽ വീണ്ടും രക്ഷപ്പെട്ടത് അവരുടെ മകൻ തന്നെയാണ്. മറ്റുള്ളവരോട് നന്ദിയും കരുതലും ഉള്ളവരായി തീരുമ്പോൾ നാം അറിയാതെ നമ്മെത്തന്നെ സഹായിക്കുകയാണ്. മറ്റുള്ളവരുടെ സഹായം കൂടാതെ ഈ ഭൂമിയിൽ ജീവിപ്പാൻ നാം ആരും പ്രാപ്തരല്ല. മറ്റുള്ളവർ നമുക്ക് സഹായികളായി, അനുഗ്രഹമായി തീരുന്നതുപോലെ, നമ്മുടെ ജീവിതവും അനേകർക്ക് അനുഗ്രഹമായി തീരേണ്ടതല്ലേ?
 
നമുക്ക് ഉപകാരം ചെയ്തവർക്ക് മാത്രമല്ല, നാം ജീവിക്കുന്ന സമൂഹത്തിന്റെ ആകമാനമായ നന്മയ്ക്കു വേണ്ടി ജീവിപ്പാൻ നമുക്ക് കഴിയണം. നാം ജീവിക്കുന്ന സമൂഹം എത്രമാത്രം നന്മയുള്ളതാണോ ആ നന്മ നമുക്കും അനുഭവിപ്പാൻ കഴിയും. സമൂഹത്തിന് നന്മ ഇല്ലാതെ നമുക്കു മാത്രമായി ഒരിക്കലും ഒരു അനുഗ്രഹവും ലഭിക്കുകയില്ലല്ലോ. സമൂഹത്തിന്റെ അനുഗ്രഹമാണ് നമ്മുടെയും അനുഗ്രഹം! അപരർക്ക് കൂടുതൽ അനുഗ്രഹം ഉണ്ടാകുന്നത് പലർക്കും വേദനയാണ്. അത് ദുഷിച്ച ഹൃദയത്തിന്റെ ഭാവമാണ്. മറ്റുള്ളവർക്ക് അനുഗ്രഹം ഉണ്ടാകുമ്പോൾ അത് നമുക്ക് ലഭിക്കുന്ന നന്മയാണ് എന്നതുപോലെ സന്തോഷിപ്പാൻ നമുക്ക് കഴിയണം. മാത്രമല്ല അപരരുടെ നന്മയ്ക്കായി പ്രവർത്തിപ്പാനും നമുക്ക് സാധ്യമാകണം.
 
മറ്റുള്ളവർ അനുഗ്രഹിക്കപ്പെടണം എന്നത് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമാവണം. അതിനായി പ്രയത്നിക്കണം. അപ്പോഴാണ് ജീവിതം അർത്ഥവത്താകുന്നത്. സുഖജീവിതം നയിക്കുന്നവർക്ക് മറ്റുള്ളവരുടെ ദുരിതം കാണുവാൻ കഴിയുന്നില്ലെങ്കിൽ അത് പൈശാചികമാണ്! മറ്റുള്ളവർക്ക് അനുഗ്രഹമായി തീരുവാൻ നമുക്ക് സമർപ്പിതരാവാം.
(The above incident is fictional)

You may also like

Leave a Comment