Home Articlesആത്മഹത്യയിൽ അഭയം തേടുന്ന കുഞ്ഞുങ്ങൾ

ആത്മഹത്യയിൽ അഭയം തേടുന്ന കുഞ്ഞുങ്ങൾ

അമൃത ലക്ഷ്മി

by admin
0 comments

ലോകത്തിലേറ്റവും കനമുള്ളത് കുഞ്ഞുങ്ങളുടെ ശവപ്പെട്ടിക്കാണ്. അകാലത്തിൽ കുഞ്ഞുങ്ങൾ മരിച്ചു പോവുകയെന്നാൽ മുന്നോട്ടുള്ളൊരു വലിയ ജീവിതം ബാക്കിവെച്ചു പോവുക മാത്രമല്ല, അവർ കൊണ്ടുപോകുന്നത് മാതാപിതാക്കളുടെ എക്കാലത്തെയും സമാധാനവും കൂടിയാണ്. മാതാപിതാക്കൾ ജീവിച്ചിരിക്കെ മരിച്ചു പോയാൽ മരിച്ചു പോയ കുഞ്ഞുങ്ങളുടെ വീട്ടിലേക്ക് കയറിച്ചെല്ലുക അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാം അവിടെ പഴയതുപോലെ തന്നെയാവും, ആ കുട്ടി അവിടെ ഇല്ലെന്നതൊഴിച്ച്. സ്വപ്‌നങ്ങൾക്ക്‌ ചിറകുമുളയ്ക്കും മുൻപേ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന കുട്ടികളുടെ കഥകൾ ഒടുക്കമില്ലാതെ തുടരുകയാണ്. കനപ്പെട്ട ഹൃദയത്തോടെ തന്റെ കുഞ്ഞുങ്ങളുടെ അഭാവത്തിൽ ഉരുകിപ്പോയ അച്ഛനമ്മമാരുടെ നോവുകൾ വാക്കുകൾ കൊണ്ട് എഴുതി വെയ്ക്കാനാവുന്നതല്ല. തങ്ങൾക്കും ഈ ഭൂമിയിൽ അന്തസോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയ, അതിനു കാത്തുനിൽക്കാതെ ജീവിതം അവസാനിപ്പിച്ച അനേകം കുഞ്ഞുങ്ങളോട് കടപ്പെട്ടുകൊണ്ട്, ഇനിയുള്ള കുഞ്ഞുങ്ങളെങ്കിലും തിരിച്ചറിയുവാൻ വേണ്ടിയാണ് ഇതെഴുതുന്നത്. 

ഈയടുത്ത ദിവസങ്ങളിലൊന്നിൽ മലപ്പുറം പെരിന്തൽമണ്ണയിൽ ഒരു കുട്ടി ആത്മഹത്യ ചെയ്ത വാർത്ത വന്നിരുന്നു. സ്കൂൾ അധികൃതർ ടി സിയിൽ red mark രേഖപ്പെടുത്തും എന്ന് കുട്ടിയെ ഭയപ്പെടുത്തിയിരുന്നതായി അവന്റെ അച്ഛനമ്മമാർ പറയുന്നുണ്ട്. കുഞ്ഞുങ്ങളുടെ ശാരീരിക – മാനസിക ആരോഗ്യങ്ങളെ കോട്ടം തട്ടാതെ വളർത്താനുള്ള ഇടങ്ങളാകണം വീടും സ്കൂളുമെല്ലാം. എന്നാൽ എത്രയിടത്ത് അങ്ങനെ എന്ന ചോദ്യം പ്രസക്തമാണ്. കുട്ടികളെ സ്വാതന്ത്ര വ്യക്തികളായി കാണുന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും എണ്ണം വളരെ വളരെ കുറവാണ്. അതിനാൽത്തന്നെ സ്കൂളുകൾ അവർക്കെത്ര സുരക്ഷിതത്വ ബോധം ഒരുക്കുന്നുണ്ട് എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ഇപ്പോഴും പൂർണമായും ഒഴിവായിട്ടില്ലാത്ത ജാതീയ വിവേചനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ്. 

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് എത്ര ഉറച്ചു വിളിച്ചു പറഞ്ഞാലും അതിനും അപ്പുറത്താണ് അവരുടെ ഹൃദയത്തിൽ തുളച്ചു കയറിയ അധിക്ഷേപത്തിന്റെ കൂരമ്പുകൾ. വെറും 15 വയസ്സിൽ താഴെമാത്രം പ്രായമുള്ള ഒരു കുട്ടി അവന്റെ അച്ഛനമ്മമാരെക്കുറിച്ച് ചിന്തിക്കാതെ, സഹോദരങ്ങളെക്കുറിച്ച് ചിന്തിക്കാതെ, കൂട്ടുകാരെക്കുറിച്ച് ചിന്തിക്കാതെ ആത്മഹത്യ ചെയ്തത് അവിശ്വസനീയമാണ്. അവൻ അനുഭവിച്ച തീവ്രമായ അധിക്ഷേപങ്ങളും ബുദ്ധിമുട്ടുകളും മരണത്തിലേക്കവനെ അടുപ്പിച്ചെങ്കിൽ തീർച്ചയായും നമ്മുടെ അധ്യാപകർ മാറേണ്ടിയിരിക്കുന്നു എന്നാണ് ഓർമ്മപ്പെടുത്താനുള്ളത്.

“A Child is the Father of Man”എന്നൊരു പ്രശസ്തമായ വാക്യമുണ്ട്. ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്നത് ഒരു കുട്ടിയാണ്. വളർന്നു വരുന്ന കുട്ടിയാണ് ഒരു സമൂഹത്തിന് പിന്നീട് മുതൽക്കൂട്ടാവുന്നത്. അവരെ മരണത്തിലേക്ക് തള്ളിവിടാനുള്ള വഴി തെളിയിക്കും വിധം അധ്യാപകർ പെരുമാറുന്നുവെങ്കിൽ അതിൽ തീർച്ചയായും മാറ്റങ്ങൾ വരുത്താൻ നമ്മുടെ സിസ്റ്റത്തിന് കഴിയണം. കുഞ്ഞുങ്ങളെ മരിക്കാൻ അനുവദിക്കാതെ അവരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ് നമ്മുടെ കടമയെന്ന് ഒരു മുഴുവൻ സമൂഹവും ഓർത്തു വെയ്ക്കേണ്ടതുണ്ട്. 

അടുത്ത ആഴ്ചകളിലായ് എസ് എസ് എൽ സി, പ്ലസ് ടു ഫലങ്ങൾ പുറത്തു വരും. ജയിച്ചവരും തോറ്റവരുമുണ്ടാകും. തോൽവിയിൽ നിന്ന് പുറത്തു വരാനാണ് ഓരോ കുട്ടിയുടെയും കൈപിടിക്കേണ്ടത്. തോറ്റുപോയവരുടേതു കൂടിയാണ് ഈ ലോകമെന്നും, തോറ്റുപോയവർക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നും അവരെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. ജയിച്ച കുട്ടികൾക്കുമേൽ പ്രതീക്ഷയുടെ അമിതഭാരം അടിച്ചേൽപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. അവർ അവർക്കു കൂടി വേണ്ടി ജീവിക്കണം. അവർ പഠിക്കണം കളിക്കണം, നമുക്ക് മുന്നിൽ വളരണം. യാതൊരു മാനസിക സമ്മർദ്ദങ്ങളും കൂടാതെ വേണം കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ വളർന്നു വലുതാവാൻ എന്ന തിരിച്ചറിവാണ് ഓരോ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാവേണ്ടത്.

 

ആത്മഹത്യയിൽ അഭയം തേടുന്ന കുഞ്ഞുങ്ങൾ 

അമൃത ലക്ഷ്മി 

You may also like

Leave a Comment