കാലടി പാലത്തിന് സമീപം ട്രാക്ക് തെറ്റിച്ച് ഹസാർഡ് ലൈറ്റുകൾ തെളിയിച്ച് അസ്വാഭാവികമായ രീതിയിൽ ഒരു കാർ വരുന്നത് ഒക്കൽ സ്വദേശി രഞ്ജിത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടു. അതേ റൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു രഞ്ജിത്ത്. സംശയം തോന്നി കാറിനരികിലെത്തി അന്വേഷിച്ചപ്പോഴാണ് നെഞ്ചുവേദന കാരണം താൻ അതീവ ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലേക്ക് പോവുകയാണെന്നും ഡ്രൈവിങ് സീറ്റിലിരുന്ന സിനാജ് അറിയിച്ചത്.
കാര്യത്തിൻ്റെ ഗൗരവം മനസിലാക്കിയ രഞ്ജിത്ത് ഉടൻ തന്നെ കാറിന് മുന്നിൽ പോയി ബ്ലോക്കുകൾ മാറ്റി വാഹനത്തിന് വഴിയൊരുക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് സുഹൃത്തായ മുഹമ്മദാലിയെ രഞ്ജിത്ത് കാണുന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ മുഹമ്മദാലി ആംബുലൻസ് വിളിക്കുകയും സഹായത്തിനായി ഓടിയെത്തുകയും ചെയ്‌തു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ കാറിലുണ്ടായിരുന്ന സിനാജ് കുഴഞ്ഞ് വീഴുകയായിരുന്നു.
യുവാവിൻ്റെ നില വഷളായതോടെ രഞ്ജിത്ത് ഒട്ടും സമയം കളയാതെ തൊട്ടടുത്ത് ഗതാഗതക്കുരുക്കിൽ കിടന്നിരുന്ന ഒരു സ്വകാര്യ ബസിലേക്ക് ഓടിക്കയറി. ബസിനുള്ളിൽ ആരോഗ്യപ്രവർത്തകർ ആരെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ഉറക്കെ ചോദിച്ചു. ഇത് കേട്ടതും ബസിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാർ ഒരു നിമിഷം പോലും ആലോചിച്ച് നിൽക്കാതെ മുന്നോട്ട് വന്നു.
അങ്കമാലി അഡ്‌ലക്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ അഞ്ജലി ബൈജു, കോതമംഗലം മാർ ബസേലിയോസ് കോളജിലെ അവസാന വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനിയും കാലടി സ്വദേശിനിയുമായ ആർദ്ര രാജു എന്നിവരായിരുന്നു സിനാജിന് രക്ഷകരായത്.
നാട്ടുകാരുടെ സഹായത്തോടെ അതിവേഗത്തിൽ ആശുപത്രിയിൽ എത്തിക്കാനായതും തുണയായി. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെരുമ്പാവൂർ പള്ളിക്കവല ഹൈദരാലി ജംക്ഷനിൽ ചിരക്കക്കുടി സി.ഇ. സിനാജ് (43) അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.
