Home Articlesഓര്‍മ്മകള്‍ പങ്കിടാന്‍ ചൂളമരം മാടിവിളിക്കുന്നു.

ഓര്‍മ്മകള്‍ പങ്കിടാന്‍ ചൂളമരം മാടിവിളിക്കുന്നു.

സി.എം എസ്. ക്യാമ്പസിലെ ഓര്‍മ്മകളുടെ പ്രതീകമായ ചൂളമരം പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും മുന്‍ അധ്യാപകരെയും, അനധ്യാപകരെയും കോളജുമായി ബന്ധിപ്പിക്കുന്ന കണ്ണിയാകുന്നു.

by admin
0 comments
 

സി.എം. എസ്. കോളജ്  പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ വിദ്യാസൗഹൃദം  നൂതനമായ ഒരു കാല്‍വെയ്പ് തുടങ്ങുകയാണ്. നല്ല  ഓര്‍മ്മകള്‍ക്ക്  തണലേകിയ കോളജ് കാമ്പസിലെ  വിഖ്യാതമായ ചൂളമരങ്ങളെ അനശ്വരമാക്കിക്കൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും മുന്‍  അധ്യാപകരെയും, അനധ്യാപകരെയും കോര്‍ത്തിണക്കി ചൂളമരം എന്ന പേരില്‍ ഒരു വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വഴി ഓര്‍മ്മകളും അനുഭവസമ്പത്തും പങ്കുവെയ്ക്കുന്നതോടൊപ്പം ഇന്നത്തെ കോളജിന്‍റെ ഭാഗമാകുന്നതിനുമുള്ള വഴിതുറക്കുകയും  ചെ യ്യുമെന്ന് പ്രിന്‍സിപ്പാൾ  ഡോ. അഞ്ജു ശോശന്‍ ജോര്‍ജ്ജ്   പ്രത്യാശ പ്രകടിപ്പിച്ചു.

*കോളജിന്‍റെ മാനേജരും, സി.എസ്. ഐ സഭയുടെ  മധ്യകേരള  മഹാ ഇടവകയുടെ ബിഷപ്പുമായ റൈറ്റ് റവ.  ഡോ. മലയില്‍ സാബു കോശി  ചെറിയാന്‍ തിരുമേനിയാണ് ചൂളമരം
വെബ് പ്ലാററ്ഫോമിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചത്. 

* വിദ്യര്‍ത്ഥിയായും, അധ്യാപകനായും, കോളജിന്‍റെ പ്രിന്‍സിപ്പാളായും പ്രിയങ്കരനായ പ്രൊഫ. സി.എ. ഏബ്രഹാം പോര്‍ട്ടല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

*സി.എം.എസ് കണക്റ്റ് പോര്‍ട്ടലിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്, കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍  പ. ബസേലിയോസ് മാര്‍ത്തോമ്മാ  മാത്യൂസ്   തൃതീയന്‍ കാതോലിക്കാ ബാവയാണ്.

*ആയുസ്സിൻ്റെ നൂറ് വര്‍ഷങ്ങള്‍ പിന്നിട്ട  റവ. എം.സി. ജോണ്‍ ആദ്യ രജിസ്ട്രേഷന്‍ നിര്‍വഹിച്ചു. അദ്ദേഹം ബോട്ടണി വിഭാഗത്തില്‍ അധ്യാപകനായും, 1977 മുതല്‍ കോളജിന്‍റെ പ്രിന്‍സിപ്പാളായും, സേവനം അനുഷ്ഠിച്ചിരുന്നു.

*സി.എം. എസ്. കോളേജ് ഹൈസ്കൂളിലും,  സി.എം.എസ്  കോളേജിലും വിദ്യാര്‍ത്ഥിയായിരുന്ന മുന്‍ സുപ്രീം കോടതി ജഡ്ജിയും കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ പദ്മഭൂഷന്‍   ജസ്റ്റീസ് കെ.റ്റി. തോമസ് പൂര്‍വ്വ വിദ്യര്‍ത്ഥികളെ പ്രതിനിധീകരിച്ച് പോര്‍ട്ടലില്‍ ആദ്യ  ലോഗിന്‍ ചെയ്തു.

*1974 മുതല്‍ 2005 വരെ കോളേജ് ലൈബ്രേറിയനായും അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റായും സേവനമനുഷ്ഠിച്ച ആലീസ് മാത്യുവാണ് മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ പ്രതിനിധീകരിച്ച് ആദ്യ രജിസ്ട്രേഷന്‍ നിര്‍വഹിച്ചത്.

*കോളജിന്‍റെ പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു ശോശന്‍ ജോര്‍ജ്ജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും മുന്‍ അധ്യാപകരെയും അനധ്യാപകരെയും സി.എം. എസ്. കോളജുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവരെയും ചൂളമരം എന്ന പേരിലുളള സി.എം. എസ്. കണക്ററ് വെബ് പ്ലാറ്റ്ഫോമില്‍ രജിസ്ട്രേഷന്‍ നടത്തി കോളജുമായുള്ള ബന്ധം നിലനിര്‍ത്തുവാന്‍ ആഹ്വാനം ചെയ്തു. 

രജിസ്റ്റര്‍ ചെയ്യുവാന്‍ സന്ദര്‍ശ്ശിക്കുക.

https://cmscollege.ac.in/connect/

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സി.എം. എസ്  കോളജില്‍ പഠിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നവരാണ് ഈ കുറിപ്പെഴുതുന്ന ഞാൻ ഉള്‍പ്പെടെയുള്ള മിക്ക പൂര്‍വ്വ വിദ്യാര്‍ത്ഥികളും. ഒരു കലാലയമെന്നതിലും ഉപരി ഒരു വികാരമാണ് സി.എം.എസ്. കോളജ്. കോളജിനേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യമായി  മനസ്സിൽ ഓടിയെത്തുന്നത് അവിടെയുണ്ടായിരുന്ന ചൂളമരങ്ങളുടെ കീഴിൽ സഹപാഠികളുമായി സൊറ പറഞ്ഞിരിക്കുന്നതാണ്. നിഷ്കളങ്കമായി പങ്കുവെക്കപ്പെട്ട എത്രയെത്ര നിഴലുകൾ ആയിരിക്കും ആ തണലിൽ ഇന്നും അവശേഷിക്കുന്നത്. ആ സന്തോഷങ്ങളോടൊപ്പം  സങ്കടങ്ങളുമുണ്ടെങ്കിലും  അവയെ ചിരിയോടെ സ്മരിക്കാനേ നമുക്ക് ആകുകയുള്ളൂ…

കലാലയ ഓർമ്മകൾ അയവിറക്കുന്നത്  എല്ലാ മനുഷ്യരുടെയും ഞരമ്പുകൾക്ക് വല്ലാത്ത സുഖമാണെന്ന് തോന്നാറുണ്ട്. പ്രത്യേകിച്ച് പ്രായത്തിൻ്റെ സായാഹ്‌ന സ്വപ്നത്തിൽ കണ്ണും മെയ്യും നട്ട് ഇരിക്കുന്നവർക്ക് . എന്തായാലും, പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും മുന്‍ അധ്യാപകരെയും അനധ്യാപകരെയും ഒരേ കുടക്കീഴിലാക്കി രൂപകല്പന ചെയ്ത സി.എം.എസ്. കണക്റ്റ് വെബ് പോര്‍ട്ടലിന് ചൂളമരമെന്ന് നാമകരണം ചെയ്തതിനു പിന്നിലുള്ള ഭാവനയ്ക്ക് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍.  ഇതോടനുബന്ധിച്ച് തയ്യാറാക്കിയ മനോഹരമായ  യൂട്യൂബ് വിഡിയോ ലിങ്ക് ചുവടെ ചേര്‍ത്തിരിക്കുന്നു.

റിപ്പോര്‍ട്ട്  : ബേബി(വര്‍ഗീസ് പ്ലാമ്മൂട്ടില്‍)

 
 

You may also like

Leave a Comment