മുംബൈ: പ്രശസ്ത ബോളിവുഡ് ചലച്ചിത്ര സംവിധായകൻ സഞ്ജയ് ഗുപ്തയെ (59) മുംബൈ വെയർസോവയിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി വൈകി വീട്ടിനുള്ളിൽ കാൽവഴുതി വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ ഉണർന്നപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ സഞ്ജയിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ വെയർസോവ പോലീസ് അസ്വാഭാവിക മരണത്തിന് (ADR) കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. വെയർസോവ ജെ.പി റോഡിലെ കെട്ടിടത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. എല്ലാവർക്കും വെവ്വേറെ കിടപ്പുമുറികളാണുള്ളത്. വീട്ടിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.