Home Americaതടാകത്തിൽ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബിബിൻ   മൈക്കിളിന് ദാരുണാന്ത്യം  :

തടാകത്തിൽ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബിബിൻ   മൈക്കിളിന് ദാരുണാന്ത്യം  :

by admin
0 comments

തടാകത്തിൽ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബിബിൻ   മൈക്കിളിന് ദാരുണാന്ത്യം  :

ന്യു ജേഴ്‌സി: സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ  പോക്കോണോസ് തടാകത്തിൽ ബിബിൻ മൈക്കളിനു ദാരുണാന്ത്യം.

 

ബിപിൻ മൈക്കിളും  സുഹൃത്തുക്കളും പെൻസിൽവേനിയയിലെ പോക്കനോസിൽ മെമ്മോറിയൽ വീക്കെൻഡ് പ്രമാണിച്ച് വിനോദയാത്ര പോയതാണ്.  വാടകയ്ക്ക് നൽകിയ കയാക്കിൽ കയറിയ സംഘത്തിലെ രണ്ട് മുതിർന്നവർ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നു. എന്നാൽ  മിനിറ്റുകൾക്കുള്ളിൽ കാറ്റ് ഉയർന്നുവന്ന് അവരുടെ കയാക്കിനെ മറിച്ചുവെന്ന് പോലീസ് പറഞ്ഞു. അവർ കായാക്കിൽ പറ്റിപ്പിടിച്ച് സഹായത്തിനായി വിളിച്ചു.

തീരത്തുനിന്ന്, മൈക്കിള്‍ അവരുടെ അടുത്തേക്ക് ചാടി. എന്നാൽ കയാക്കിന്റെ പകുതി ദൂരം എത്തിയപ്പോൾ, അയാൾ വെള്ളത്തിനടിയിലായി, ഒരിക്കലും വീണ്ടും ഉയർന്നുവന്നില്ല.

രക്ഷാപ്രവർത്തകരും മുങ്ങൽ സംഘങ്ങളും എത്തി. പരിശീലനം ലഭിച്ച ഒരു പോലീസ് മുങ്ങൽ വിദഗ്ദ്ധൻ തടാകത്തിൽ നിന്ന് മൈക്കിളിന്റെ മൃതദേഹം കണ്ടെടുത്തു. മൺറോ കൗണ്ടി കൊറോണർ സംഭവസ്ഥലത്ത് വെച്ച് തന്നെ ബിബിന്‍ മരിച്ചതായി പ്രഖ്യാപിച്ചു.

ബ്ലേക്‌സ്‌ലീയിലെ കാമലോട്ട് ഫോറസ്റ്റ് പരിസരത്തുള്ള സർ ബ്രാഡ്‌ഫോർഡ് റോഡിലെ ഒരു  വാടക വീട്ടിൽ 40 കാരനായ ബിബിൻ മൈക്കൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം താമസിച്ചിരുന്നത്.   മെയ് 25 ഞായറാഴ്ച ഉച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ദുരന്തം സംഭവിച്ചതെന്ന് പോക്കോണോ മൗണ്ടൻ റീജിയണൽ പോലീസ് പറഞ്ഞു.

ആലപ്പുഴ സ്വദേശിയാണ് ബിബിൻ. പാറ്റേഴ്‌സൻ  സെന്റ് ജോർജ് സീറോ മലബാർ ഇടവകാംഗമാണ്. ഭാര്യ ബ്ലെസി ആർ. എൻ. മൂന്ന് മക്കളുണ്ട്. ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിലെ സജീവ വ്യക്തിയുമായിരുന്നു അദ്ദേഹം.

 
പ്രിയ സുഹൃത്ത് ജോസഫ് ഇടിക്കുള കുറ്റിക്കാട്ട് എഴുതിയ അനുസ്മരണക്കിറിപ്പ്
 
നീയും ലാസറിനെപ്പോലെ ഉയിർത്തെഴുന്നേറ്റിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു !
നാട്ടിൽ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്, പേര് ലാസർ
ഇടപ്പോൺ സ്കൂളിൽ പഠിക്കുന്ന കുറെ കുഞ്ഞുങ്ങൾ നടന്നു വരുന്ന ഒരു കനാൽ അടുത്തുള്ള പാടത്തിനു അരികിൽകൂടെയുണ്ടായിരുന്നു, വെള്ളപ്പൊക്കമുണ്ടാകുന്ന സമയത്തൊക്കെ അനേകം കിലോമീറ്ററുകൾ ചുറ്റി വേണം അവർക്ക് സ്കൂളിലേക്ക് വരുവാൻ, പലപ്പോഴും ആരെങ്കിലും ഒരു വള്ളത്തിൽ പാടത്തിനു കുറുകെ അവരെ സ്കൂളിലെത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്യുമായിരുന്നു, ഒരു ദിവസം ലാസറിന്റെ ഊഴമായിരുന്നു, പത്തോളം കുട്ടികളെയുമായി അവൻ യാത്രതിരിച്ചു, ഇടയ്ക്കെപ്പോഴോ ഒരു വലിയ കാറ്റടിച്ചു, വള്ളം മറിഞ്ഞു കുട്ടികൾ പലയിടത്തേക്കായി ചിതറിപ്പോയി, ധൈര്യപൂർവം ലാസർ കമഴ്ന്നു കിടന്ന വള്ളത്തിലേക്ക് ഓരോ കുട്ടികളെയായി വലിച്ചടുപ്പിച്ചു കിടത്തി, ഓരോരുത്തരെയും വള്ളത്തിലേക്ക് എത്തിക്കുമ്പോഴേക്കും ലാസർ വല്ലാതെ തളർന്ന നിലയിലായിരുന്നു, അവസാനം ഒരു കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിവ് അവനെ വീണ്ടും വെള്ളത്തിലേക്ക് ഇറങ്ങുവാൻ പ്രേരിപ്പിച്ചു, ദൂരെ മുങ്ങിത്താഴുന്ന കുട്ടിയെ അവൻ കണ്ടെത്തി അവളുടെയടുത്തേക്ക് അവൻ നീന്തിയെത്തി പക്ഷെ മരണവെപ്രാളത്തിൽ അവൾ അവനെയും കൊണ്ട് ആഴക്കയത്തിലേക്ക് താഴ്ന്നുപോയി,
വിവരം കരയിലറിയുവാൻ വൈകി, നാട്ടുകാരുടെയും പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും പിന്നെ നേവിയുടെയും സഹായത്തോടെ ലാസറിനെയും ആ പെൺകുട്ടിയുടെയും ശരീരങ്ങൾ കണ്ടെടുത്തു, അവരെ സ്കൂളിൽ ആംബുലൻസിൽ പൊതുദർശനത്തിന് എത്തിച്ചതും ഒക്കെ ഒരു ഓർമയാണ്, മനോരമയുടെ സൺ‌ഡേ സപ്ലിമെന്റിൽ ലാസറിന്റെ ഒരു ഫുൾ പേജ് സ്കെച്ച് അച്ചടിച്ച് വന്നത് ഇന്നുമോർമയുണ്ട്, ബൈബിളിലെ ലാസറിനെപ്പോലെ ഞങ്ങളുടെ ലാസറും ഉയർത്തെഴുനേറ്റിരുന്നുവെങ്കിലെന്ന് അന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു!
ഇന്നും അങ്ങനെയൊരു ആഗ്രഹത്തിലാണ് മനസ്,
ബിബിൻ തിരികെ വന്നിരുന്നുവെങ്കിലെന്ന് ആശിക്കുന്നു, സ്വന്തം കൂട്ടുകാരനെ സഹായിക്കുവാൻ നിലയില്ലാക്കയത്തിലേക്ക് എടുത്തുചാടിയ ബിപിൻ, തണുത്തുറഞ്ഞ വെള്ളവും ക്ഷീണവും ബിപിൻ തളർത്തിയിട്ടുണ്ടാവാം, സുഹൃത്തിനെ രക്ഷിക്കാനുള്ള ആത്മാർത്ഥമായ ശ്രമത്തിൽ സ്വന്തം ജീവൻ അപകടത്തിലാണെന്ന് പാവം ബിപിൻ ഓർത്തുകാണില്ല,
You are an Angel dear Bipin !
വെൽത്ത് മാനേജ്‌മന്റ് രംഗത്തെ പ്രഗത്ഭനായ ബിപിൻ അനേകം സുഹൃത്ബന്ധങ്ങളുടെ ഒരു ഉടമ കൂടിയായിരുന്നു, കഴിഞ്ഞ ദിവസം യോങ്കേഴ്‌സിൽ നടന്ന FCSC സിനി സ്റ്റാർ നൈറ്റിന്റെ സ്പോൺസർ കൂടിയായിരുന്നു ബിപിൻ, വിഡിയോവാളിൽ ബിപിന്റെ ചിത്രം പലപ്പോഴും മിന്നിമറയുന്നത് കണ്ടിരുന്നു, സഹായം ചോദിക്കുന്നവരെ ബിപിൻ ഒരിക്കലും നിരാശപ്പെടുത്തിയിരുന്നില്ല,
സ്വജീവനു വിലകല്പിക്കാതെ സുഹൃത്തിനു വേണ്ടി നിലയില്ലാക്കയത്തിലേക്ക് ചാടുമ്പോൾ സുഹൃത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാലോ എന്ന ചിന്തയിൽ പ്രായോഗികമായി എടുക്കേണ്ട മുൻകരുതലുകൾ പാവം മറന്നുപോയിട്ടുണ്ടാവാം,
ഒരു കൈനീട്ടി രക്ഷിക്കുവാൻ എനിക്കു സാധിച്ചിരുന്നുവെങ്കിൽ എന്ന ചിന്തയാണ് ഇപ്പോൾ
ലാസറിനെപ്പോലെ നീ ഉയർത്തെഴുനേറ്റിരുന്നുവെങ്കിലെന്ന് ആശിച്ചു പോകുന്നു!
ബിപിൻ മൈക്കിൾ – നീ ഒരു മാലാഖയാണ് !
ബ്‌ളസിയെയും കുഞ്ഞുങ്ങളെയും ദൈവം കാത്തുരക്ഷിക്കട്ടെ.❤️

.

You may also like

Leave a Comment