Home Articlesബ്രഹ്മപുത്രയുടെ പാട്ടുകാരന്‍, ഭാരത്‌രത്നം ഭൂപെന്‍ ഹസാരിക

ബ്രഹ്മപുത്രയുടെ പാട്ടുകാരന്‍, ഭാരത്‌രത്നം ഭൂപെന്‍ ഹസാരിക

by admin
0 comments
 
ലതാ മങ്കേഷ്കറിനെക്കുറിച്ച് പണ്ടെന്നോ ആരോ എഴുതിയത് അവ്യക്തമായി ഓര്‍ക്കുന്നു.. 
 
“ദൈവം ലതാജിയെ സൃഷിടിച്ചതിനുശേഷം മറ്റു ഗായികമാരെ എന്തിനാണ് പടച്ചത്? അതിന്റെ ഒരാവശ്യവും ഇല്ലായിരുന്നു…”
 
ഏതാണ്ട് ഇതേ മനോഭാവമാണ് മലയാളി സമൂഹത്തിന് യേശുദാസ് എന്ന ഗായകന്റെ കാര്യത്തില്‍. 
 
യേശുദാസ് ഉള്ളപ്പോള്‍, എന്തിനാണ് മറ്റ് ഗായകര്‍. 
 
യേശുദാസ് സിനിമാഗാനങ്ങള്‍ പാടാന്‍ തുടങ്ങുന്നതിനു മുന്നേ നമുക്ക് നിരവധി ഗായകര്‍ ഉണ്ടായിരുന്നു. കമുകറ പുരുഷോത്തമന്‍, കെ.പി. ഉദയഭാനു, പി.ബി.ശ്രീനിവാസ്, എ.എം. രാജാ, ആന്റോ,അങ്ങനെ പലരും. 
 
അവരെയൊന്നും പിന്നെ കാര്യമായി കണ്ടിട്ടില്ല. 
 
ശാസ്ത്രീയസംഗീതവുമായി അടുത്ത ബന്ധമില്ലാത്ത ശരാശരി മലയാളികള്‍ക്ക് സംഗീതസംസ്ക്കാരം യേശുദാസ് എന്ന ഒരൊറ്റ ഗായകനില്‍ ഒതുങ്ങിപ്പോയി. 
 
അതിന്റെ ശരിതെറ്റുകള്‍ ഇവിടെ പരിശോധനാവിഷയമാക്കുന്നില്ല. 
 
എങ്കിലും രാജ്യത്തെ ഏറ്റവും വിശിഷ്ടമായ ഭാരത്‌ രത്ന സമ്മാനത്താല്‍ ആദരിക്കപ്പെട്ട ഇന്ത്യയിലെ ഏക പിന്നണിഗായകനെക്കുറിച്ച് അറിയാതിരിക്കുകയെന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല. ആ മഹാഗായകനെക്കുറിച്ചാണ് ഈ കുറിപ്പ്. 
 
വടക്കേ ഇന്ത്യയില്‍ സ്ഥിതി കേരളത്തിലേതില്‍നിന്നും അല്പം വ്യത്യസ്തമായിരുന്നു. 
 
ഗായികമാരുടെ കാര്യമെടുത്താല്‍ ലതാ മങ്കേഷ്കര്‍ എന്ന ഇന്ത്യന്‍ വാനമ്പാടിക്ക് രാജ്യത്ത്, മലയാളം ഗായകരില്‍ യേശുദാസിനുള്ള സ്ഥാനമായിരുന്നു. മറ്റ് നല്ല ഗായികമാര്‍ ഉണ്ടായിരുന്നെങ്കിലും, ഫലത്തില്‍ ആ രംഗം ലതാജിയുടെ ഒരു കുത്തകയായിരുന്നു. 
 
ഹിന്ദി സിനിമാഗാനരംഗം കിന്നര കണ്‍ഠനായ മുഹമ്മദ്‌ റഫി അടക്കിവാണിരുന്നപ്പോഴും അദ്ദേഹത്തിന്റെ ശബ്ദത്തില്‍നിന്നും വളരെ വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമകള്‍ക്ക് രംഗം വിടേണ്ടിവന്നില്ല. അങ്ങനെ റഫിയ്ക്കൊപ്പം തലത്ത് മെഹ്മൂദ്, മന്നാഡേ, മുകേഷ്, ഹേമന്ത് കുമാര്‍, കിഷോര്‍ കുമാര്‍, തുടങ്ങിയവര്‍ ഒരുക്കിയ സംഗീത വൈവിധ്യം അന്നാട്ടുകാര്‍ സസന്തോഷം ആസ്വദിച്ചു. ഒരു കാലയളവില്‍ നമ്മുടെ ഗാനഗന്ധര്‍വ്വനെ അംഗീകരിക്കാനും അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. 
 
പഴയ തലമുറയുടെ പിറകെ ഉദിത് നാരായണ്‍, സോനു നിഗം എന്നിവര്‍ രംഗം കൈയടിക്കി. 
 
ഈ രണ്ടു തലമുറകളുടെയിടയിലാണ് ഡോ. ഭുപെന്‍ ഹസാരിക എന്ന ‘സംഗീത അത്ഭുതം’ സംഭവിക്കുന്നത്. 

 
ആസാമില്‍ ജനിച്ച ഭൂപെന്‍ജി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയതിനുശേഷം സ്ക്കോളര്‍ഷിപ്പോടെ ന്യൂയോര്‍ക്കിലെ കൊളംബിയ യുണിവേര്‍സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്‌ ബിരുദം നേടി. സംഗീതത്തില്‍ മുന്നേതന്നെ നല്ല അഭിരുചിയുണ്ടായിരുന്ന ഭുപെന്‍ജി അമേരിക്കയില്‍ വച്ച് അന്നത്തെ പ്രമുഖ അമേരിക്കന്‍ ഗായകനായിരുന്ന പോള്‍ രോബ്സവണുമായി പരിചയപ്പെട്ടു. 
 
ഇന്ത്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം അധ്യാപകവൃത്തിയാണ് തന്റെ തൊഴിലായി തിരഞ്ഞെടുത്തത്. പക്ഷെ, ബഹുമുഖപ്രതിഭയായിരുന്ന ഭുപെന്‍ജിയ്ക്ക് അതില്‍ ഉറച്ചുനില്‍ക്കാനായില്ല. 
 
കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗായകന്‍, രാഷ്ട്രീയക്കാരന്‍, ഫിലിം മേക്കര്‍, എന്നീ മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞിട്ടുണ്ട്. 
 
ഒരു തവണ എം.എല്‍.എ. ആയിരുന്നു. എം.പി. ആയി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 
 
ഇപ്റ്റ(Indian People’s Theatre Association)യുടെ സജീവപ്രവര്‍ത്തകനായിരുന്നു. 
 
ഗായകന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പേരെടുത്തത് ആസാമീസ്, ബംഗാളി ഭാഷകളിലായിരുന്നു. ഹിന്ദിയിലും വേണ്ടത്ര സ്വീകാര്യത ലഭിച്ചു. 
 
ഭുപെന്‍ജി ഒരിക്കല്‍ ഒരു സംഗീതപരിപാടി നടത്തിയപ്പോള്‍ ശ്രോതാക്കളുടെയൊപ്പം, മുന്‍നിരയില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി ബാജ്പേയ് ഉണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട ഒരു ഭുപെന്‍ഗാനം ആലപിക്കാമോ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് വേദിയിലേയ്ക്ക് പ്രധാനമന്ത്രി ഒരു കുറിപ്പ് കൊടുത്തുവിട്ടു. ഹര്‍ഷാരവത്തിനിടയില്‍ അദ്ദേഹം ആ ഗാനം മധുരമായി പാടി. 
 
സഹ്യന്റെ തെക്കോട്ട് ഈ പ്രതിഭയുടെ പാട്ടുകള്‍ കാര്യമായി കടന്നുചെന്നില്ല. എന്തുകൊണ്ടോ.. ഇതിനൊരു അപവാദം ‘രുദാലി’ എന്ന സിനിമയിലെ Dil Hoom Hoom Kare Khabaraye എന്ന ഗാനമാണ്. ഈ ഗാനത്തിന്റെ രണ്ടു വേര്‍ഷന്‍ ഉണ്ട്. ഒന്ന് ലതാജിയുടെയും മറ്റൊന്ന് ഭുപെന്‍ജിയുടെയും. 
 
ഈയുള്ളവന്റെ അഭിപ്രായത്തില്‍ ഭുപെന്‍ജിയുടെ ഏറ്റവും പ്രമുഖ ഹിന്ദിഗാനം “നിനക്ക് നാണമില്ലേയെന്ന്” ഗംഗാനദിയോട് ചോദിക്കുന്ന മനോഹരമായ ഗാനമാണ്. 
 
“Visthar Hein Apar, Praja Dono paar, Kare hahakar nishabda sadha, oh Ganga,thum bahathi ho kyoon?”
 
എന്ന് തുടങ്ങുന്ന അനന്യമായ ഗാനമാണ് ഞാന്‍ ഉദ്ദേശിച്ചത്. ആസാമിഭാഷയില്‍ ഗായകന്‍ തന്നെ എഴുതിയ വരികള്‍ പണ്ഡിറ്റ്‌ നരേന്ദ്ര ശര്‍മ്മ ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുകയായിരിന്നു. 
 
ഹിന്ദുക്കളുടെ വിശുദ്ധനദിയായ ഗംഗ. അവര്‍ ഗംഗാദേവി എന്ന് ഭക്തി പാരവശ്യത്തോടെ വിളിക്കുന്ന പുണ്യനദി. മരിക്കാന്‍ കിടക്കുന്നവരുടെ നാവില്‍ ഈ പുണ്യനദിയുടെ രണ്ടുതുള്ളി ജലം ഇറ്റിച്ചു കൊടുത്താല്‍ അവര്‍ക്ക് മോക്ഷലബ്ദി ഉണ്ടാകുമെന്ന് കോടാനുകോടി ജനങ്ങള്‍ വിശ്വസിക്കുന്ന നദി. 
 
ആ നദിയെ ഭര്‍ത്സിക്കുന്നതാണ് ഈ ഗാനം. 
 
“നിന്റെ ഇരുകരകളിലും ജീവിക്കുന്നവരുടെ ദൈന്യത കാണാതെ നിനക്ക് നിസംഗയായി ഒഴുകാന്‍ കഴിയുന്നത് എങ്ങനെ?” എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള ഈ ഗാനം എന്തുകൊണ്ടോ ഇന്ത്യയില്‍ വിവാദമായില്ല. 
 
നമ്മുടെ നിര്‍മ്മാല്യം സിനിമയില്‍ പൂജാരി ദേവിയുടെ മുഖത്ത് തുപ്പിയപ്പോള്‍ ചിലര്‍ക്കെങ്കിലും ഉണ്ടായ ഞെട്ടലിന്റെ സമാനമായ ഞെട്ടല്‍ പലര്‍ക്കും ഉണ്ടായി കാണണം. 
 
എങ്കിലും ഒരു ഇന്ത്യാക്കാരന് കിട്ടാവുന്ന എല്ലാ ബഹുമതികളും ഡോ. ഭുപെന്‍ ഹസാരിക സ്വന്തമാക്കി. അതില്‍ ചിലത്. 
 
Bharat Ratna (2019) (posthumously)
Padma Vibhushan (2012) (posthumously)
Padma Bhushan (2001)
Padma Shri (1977)
Dadasaheb Phalke Award (1992)
Sangeet Natak Akademi Fellowship (2008)
Asom Ratna (2009)
Friends of Liberation War Honour (2011)
 
ഇന്ത്യന്‍ സിനിമാസംഗീതരംഗത്തുനിന്നും ഭാരതരത്ന നേടിയ രണ്ടുപേര്‍ മാത്രമേയുള്ളൂ
 
ലതാ മങ്കേഷ്ക്കറും ഭുപെന്‍ ഹസാരികയും. 
 
എം.എസ്. സുബ്ബലക്ഷ്മി, ഭീംസെന്‍ ജോഷി എന്നിവര്‍ സിനിമയില്‍ പാടിയിട്ടുണ്ടെങ്കിലും അവരുടെ തട്ടകം ശാസ്ത്രീയസംഗീതമായിരുന്നല്ലോ. 
 
എന്തോ കാരണത്താല്‍ മലയാളികള്‍ അധികം അറിയാതെപോയ ഈ മഹാഗായകന്‍ തന്റെ എണ്‍പത്തിയഞ്ചാം വയസില്‍ (2011) അന്തരിച്ചു.
Alex Kaniamparambil

You may also like

Leave a Comment