ബെംഗളൂരു: ബെംഗളൂരു യെലഹങ്കള്ളിയിൽ മലയാളി യുവാവിനെ കൊലപ്പെടുത്തി. പാലക്കാട് തിരുവേഗപ്പുറം സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ പെൺസുഹൃത്തിൻ്റെ അച്ഛനും കിരണിന്റെ തൊഴിലുടമയുമായ ആനന്ദ് അറസ്റ്റിലായി.
ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. ആനന്ദിന്റെ മകളുമായി കിരൺ അടുപ്പത്തിലായിരുന്നു. വീട്ടിൽ മകൾക്കൊപ്പം കിരണിനെ കണ്ടതാണ് പ്രകോപനത്തിന് കാരണം. ഇതോടെ മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം കിരണിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മർദനത്തെ തുടർന്ന് കുഴഞ്ഞുവീണ കിരണിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസുകാരെ വിളിച്ചറിയിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറം സ്വദേശിയാണ് കിരൺ. കഴിഞ്ഞ രണ്ടു വർഷമായി ബെംഗളൂരുവിൽ ജോലി ചെയ്ത് വരികയാണ്.