പ്ലേ ലിസ്റ്റിൽ ഇന്നും ഇഷ്ടഗാനങ്ങളിലുള്ള ഈ വരികൾ കേൾക്കുമ്പോഴൊക്കെയും എന്റെ മനസ്സ് കാതങ്ങൾ താണ്ടി വൈക്കം തലയോലപ്പറമ്പിലെ ആ പഴയ വീട്ടുമുറ്റത്തെത്തും.അവിടെ മാങ്കോസ്റ്റിൻ മരത്തിനു ചുവട്ടിൽ ഗ്രാമഫോണിൽ പാട്ട് കേട്ടിരിക്കുന്ന ആ മനുഷ്യനെ കാണും. ഫോണിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ട് തീരുന്നത് വരെ ഞങ്ങൾ സംസാരിക്കും. അദ്ദേഹത്തിന്റെ പുസ്തകങ്ങളെ പറ്റി, കഥാപാത്രങ്ങളെ പറ്റി..
കുട്ടിക്കാലം മുതലേ വളരെയേറെ ആരാധിച്ചു പോന്നിരുന്ന എഴുത്തുകാരനായിരുന്നു ബഷീർ. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തനത് നാടൻ ഭാഷാ പ്രയോഗമായിരുന്നു പുസ്തകങ്ങളെ പരിചയപ്പെട്ടു തുടങ്ങിയ സമയത്തേ അദ്ദേഹത്തെ എന്റെ ഇഷ്ട എഴുത്തുകാരനാക്കിയത്.
കോഴിക്കോടിന്റെ സമീപജില്ലയിൽ ജനിച്ചു വളർന്നത് കൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വയം നിർമ്മിതമായ ചില വാക്കുകളും പ്രയോഗങ്ങളുമൊഴിച്ച് ബാക്കിയെല്ലാം എനിക്ക് പരിചിതമായ പ്രാദേശിക ഭാഷയിൽ ആയതുകൊണ്ടുതന്നെ അർത്ഥമറിയാത്ത വാക്കുകൾ മാറ്റിനിർത്തേണ്ടി വരില്ല എന്നത് തന്നെയായിരുന്നു എന്നിലെ കുട്ടിക്ക് ബഷീറെഴുത്തുകളിൽ ഏറെ സന്തോഷം നൽകിയിരുന്നത്.
എങ്കിലും ബഷീർ ഒരു അത്ഭുതമായി എനിക്ക് തോന്നിയത് കുറച്ചുകൂടി മുതിർന്നപ്പോൾ, അദ്ദേഹത്തിന്റെ സമകാലിക എഴുത്തുകാരായിരുന്ന തകഴി, ഉറൂബ്, എസ് കെ, പൊൻകുന്നം വർക്കി മാടമ്പ് കുഞ്ഞുക്കുട്ടൻ, ലളിതംബിക അന്തർജ്ജനം എന്നിവരെയൊക്കെ വായിച്ചപ്പോഴാണ് ബഷീറെഴുത്തുകൾ ഒരു വലിയ അതിശയമായി തോന്നിയത്.ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി തന്റേതായ ഭാഷയും ശൈലിയും കൊണ്ട് വളരെയധികം പ്രതിഭാശാലികളായ ഈ എഴുത്തുകാർക്കിടയിൽ നിന്നും മലയാള സാഹിത്യത്തിൽ തന്റേതായ ഒരു ഇരിപ്പിടമുറപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയം.
സ്വന്തം ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത അനുഭവങ്ങളും കഥാപാത്രങ്ങളുമാണ് അദ്ദേഹത്തിന്റെ എഴുത്തുകളെന്നതാണ് മറ്റൊരു പ്രത്യേകത.
അതുകൊണ്ടു തന്നെയാണ് ‘ബാല്യകാലസഖിയിലെ’ മജീദിനെയും സുഹ്‌റയേയും കുറിച്ചോർക്കുമ്പോൾ ഇന്നും നമ്മുടെ നെഞ്ച് വിങ്ങുന്നത്, ‘മതിലുകളിലെ’ നാരായണി ഇന്നും നൊമ്പരമായി ഓർമ്മകളിൽ നിറയുന്നത്, “പ്രിയപ്പെട്ട സാറാമ്മേ “എന്ന് തുടങ്ങുന്ന കേശവൻ നായരുടെ പ്രേമലേഖനം വായിച്ച് സാറാമ്മയെപ്പോലെ തന്നെ ഒരു ചെറുചിരി നമ്മുടെ ചുണ്ടിലും വിടരുന്നത്, ‘പാത്തുമ്മയുടെ ആട്’ ഒരു നിലക്കാത്ത ചിരി ആവുന്നത്….. അത്തരത്തിൽ നമ്മുടെ മനസ്സ് നിറക്കുന്ന എത്രയെത്ര എഴുത്തുകൾ, എത്രയെത്ര കഥാപാത്രങ്ങൾ…
ബഷീർ ഉള്ളിൽ ഒരു ആരാധനാപുരുഷനായി പ്രതിഷ്ഠ നേടുന്നത് ഹൈ സ്കൂൾ കാലങ്ങളിൽ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര അനുഭവങ്ങളും ജയിൽ ജീവിതവുമൊക്കെ വായിച്ചപ്പോഴായിരുന്നു.
ബഷീറിനെപോലെ തന്നെ ബഷീറിന്റെ കുടുംബവും വായനക്കാർക്ക് ചിര പരിചിതരാണ് എന്നതാണ് മറ്റു എഴുത്തുകാരിൽ നിന്നും അദ്ദേഹത്തെ വേറിട്ടു നിർത്തുന്ന മറ്റൊരു വിഷയം. പരസ്പരം സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന സഹോദരങ്ങളും ഒരുമിച്ചു കളിക്കുകയും സ്കൂളിൽ പോവുകയും ചെയ്യുന്ന അവരുടെ കുഞ്ഞുങ്ങളും കാലങ്ങൾക്ക് ശേഷം എങ്ങുനിന്നോ വീട്ടിൽ തിരിച്ചെത്തുന്ന മകന് എന്നും ചോറുവിളമ്പി കാത്തിരുന്ന ഉമ്മയും എന്തിന് വീട്ടിലെ ആടുകളും കോഴികളും വരെ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി നിറഞ്ഞാടിയവരാണ്.
ഇന്നും തന്റെ എഴുത്തുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളത്തിന്റെ മികച്ച എഴുത്തുകാരുടെ പട്ടികയിൽ ഒരിടം ഉറപ്പിക്കാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.
കഥകളുടെ സുൽത്താൻ : വൈക്കം മുഹമ്മദ് ബഷീർ
രചന : മുബഷിറ നസ്‌റിൻ