Wednesday, October 7, 2026
Home Articlesമൂന്നാം പിറൈ: മലയാളി ഹൃദയത്തേയും തൊട്ടൊരു തമിഴ് ക്ലാസിക്

മൂന്നാം പിറൈ: മലയാളി ഹൃദയത്തേയും തൊട്ടൊരു തമിഴ് ക്ലാസിക്

മുബാഷിറ നസ്രിൻ

by News Desk
0 comments

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് കമൽ ഹാസനും ശ്രീദേവിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് 1982ൽ പുറത്തിറങ്ങുന്ന മൂന്നാം പിറൈ. വളരെ ലളിതമായ രീതിയിൽ പ്രേക്ഷക മനസ്സിനെ തൊട്ടുണർത്തുന്ന കഥയും ആവിഷ്കാരവുമാണ് ഈ സിനിമയുടെ പ്രത്യേകത.

ഊട്ടിക്കടുത്തുള്ള കേത്തി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഈ കഥയുടെ തുടക്കവും ഒടുക്കവും അരങ്ങേറുന്നത്.

കേത്തി റെയിൽവേ സ്റ്റേഷനിൽ ഏതു നേരം ചെന്നാലും സ്റ്റേഷനിലെ കൽബെഞ്ചിൽ പിറുപിറുത്തും ഇടക്ക് ഗോഷ്ടി കാണിച്ചും ഇരിക്കുന്ന ഭ്രാന്തന്റെ രൂപഭാവങ്ങളുള്ള ഒരാളെ കാണാം.മണിക്കൂറുകൾ ഇടവിട്ട് വരുന്ന ഓരോ ട്രെയിനിന്റെയും ചൂളംവിളി കേൾക്കുമ്പോൾ അയാൾ ബെഞ്ചിൽ നിന്നെഴുന്നേറ്റ് ട്രെയിനിനടുത്തേക്ക് ഓടിചെല്ലുന്നു.ട്രെയിനിൽ നിന്നിറങ്ങുന്ന ഓരോ സ്ത്രീകളുടെ  മുഖത്തേക്കും സൂക്ഷ്മമായി നോക്കുന്ന അയാൾ ഒടുവിൽ താൻ പ്രതീക്ഷിച്ച മുഖം കാണാതെ നിരാശയിൽ തലയും താഴ്ത്തി ജീവിതം തന്നെ തോറ്റവനെപ്പോലെ തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു.ട്രെയിൻ പോയി ആളൊഴിഞ്ഞ വിജനമായ സ്റ്റേഷനിലെ കൽബെഞ്ചിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവനെപോലെയുള്ള അയാളുടെ ഇരുത്തത്തിന് കേവലമൊരു മണിക്കൂറിന്റെ ദൈർഘ്യമേ ഉണ്ടാവുകയുള്ളൂ.അപ്പോഴേക്കും അടുത്ത ട്രെയിനിന്റെ ചൂളംവിളി ഉയരുകയും അയാൾ ട്രെയിനിനടുത്തേക്ക് ഓടുകയും പഴയത് തന്നെ വീണ്ടും ആവർത്തിക്കുകയും ചെയ്യും.

ഇയാളുടെ വിചിത്രമായ ഈ പ്രവർത്തികൾ കാണുന്ന ആർക്കും ഇയാളെ കുറിച്ചറിയാൻ ആഗ്രഹം കാണും.അതെ, ഇയാളുടെ കഥയാണ് ഈ സിനിമ.

കേത്തിയിലെ ഒരു ചെറിയ സ്കൂൾ അധ്യാപകനായിരുന്നു ശ്രീനിവാസൻ. ഇയാളുടെ കഥ തുടങ്ങുന്നത് നഗരത്തിലെ വേശ്യാലയത്തിൽ വെച്ച് ഇയാൾ തന്റെ നായികയെ, വിജിയെ കണ്ടുമുട്ടുന്നത് മുതലാണ്.

ഒരു ആക്സിഡന്റിൽ ഓർമ്മ നഷ്ടപ്പെട്ട് ആറു വയസ്സുകാരിയുടെ മാനസികവളർച്ച മാത്രമുള്ള ആ പെൺകുട്ടിയെ ആ മാംസവിൽപ്പനശാലയിൽ ഇട്ടിട്ടുപോരാൻ അയാൾക്ക് മനസ്സു വന്നില്ല.വേശ്യാലയ നടത്തിപ്പുകാരിക്ക് ചോദിച്ച പണം കൊടുത്ത് അയാൾ അവളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.അവൾ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ശേഷമുള്ള ദിവസങ്ങൾ അയാൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു.അയാൾ അവൾക്ക് ചീനുവും അവൾ അയാൾക്ക് തന്റെ വിജിയുമായിരുന്നു.അവളുടെ ആഹ്ലാദം നിറഞ്ഞ ചിരി കാണാൻ വേണ്ടി അയാൾ അവൾക്ക് മുന്നിൽ കുരങ്ങനും കോമാളിയും ഒക്കെയായി.കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവളുടെ മുഖത്ത് അയാൾ ലോകത്തിലെ മുഴുവൻ സൗന്ദര്യവും ഒരുമിച്ചു കണ്ടു.അതാണ് തന്റെ മൂന്നാം പിറയെന്ന് അയാളുടെ മനസ്സ് പറഞ്ഞു. ഉദിച്ചു മൂന്നു നാൾ മാത്രം പ്രായമായ ഇളം ചന്ദ്രൻ..

അടുത്ത് ഒരു വൈദ്യനുണ്ടെന്നും അയാൾ ഇത്തരത്തിൽ ഓർമ്മ നഷ്ടപ്പെട്ടവരെ പച്ചമരുന്നുകളിലൂടെ തിരിച്ചു മുറിഞ്ഞുപോയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്നും പറഞ്ഞറിഞ്ഞാണ് അയാൾ വിജിയെ ആ വൈദ്യനടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത്.അയാൾ പ്രാർത്ഥനയോടെ അവൾക്ക് മരുന്ന് കൊടുത്തു.കുറച്ചു സമയത്തിനകം വിജിക്ക് പഴയ ഓർമ്മ തിരിച്ചു കിട്ടുമെന്ന ഉറപ്പിൽ അയാൾ വീട്ടുമുറ്റത്തെ മരച്ചുവട്ടിൽ അവളുടെ യാഥാർഥ്യത്തിലേക്കുള്ള ഉണർച്ചക്ക് വേണ്ടി കാത്തിരുന്നു.

ആ സമയത്താണ് വിജിയുടെ അച്ഛനും അമ്മയും പോലീസ് അന്വേഷണത്തിൽ മകൾ അവിടെയുണ്ടെന്നറിഞ്ഞെത്തിയത്.വിജി തന്റെ ഓർമ്മകളിലേക്ക് മയക്കം വിട്ടുണരുമ്പോൾ അടുത്ത് തന്റെ അച്ഛനെയും അമ്മയെയും കണ്ട് സന്തോഷിച്ചു.അച്ഛനും അമ്മയുമൊപ്പം ഉത്സാഹത്തോടെ അവൾ കാറിൽ കയറി പോകുന്നത് ദൂരെ മറവിലിരുന്ന് ശ്രീനിവാസൻ നോക്കിനിന്നു.അവളുടെ തിരിച്ചു വന്ന ഓർമ്മകളിലൊന്നും തന്നെ ചീനുവോ അവരുടെ സന്തോഷം നിറഞ്ഞ ദിവസങ്ങളോ ഉണ്ടായിരുന്നില്ല.ഇതറിയാതെ അവളെക്കാണാൻ റെയിൽവേ സ്റ്റേഷനിൽ ഓടിയെത്തിയ അയാൾ അവൾ ഇരിക്കുന്ന കമ്പാർട്ട്മെന്റിലേക്ക് നോക്കി തൊണ്ട പൊട്ടുമാറുച്ചത്തിൽ അവളെ വിളിച്ചെങ്കിലും അവൾക്കയാളെ മനസ്സിലായില്ല.അവൾക്ക് മനസ്സിലാവുന്നില്ലെന്ന് കണ്ട് മുമ്പ് താൻ അവൾക്ക് മുന്നിൽ അനുകരിച്ച കുരങ്ങനെയൊക്കെ ഒരു ഉന്മദിയെപ്പോലെ അനുകരിക്കുവാൻ ശ്രമിച്ചുവെങ്കിലും യാചകനെന്ന് കരുതി അവൾ അയാൾക്ക് ഭക്ഷണപ്പൊതി എറിഞ്ഞുകൊടുത്തു.

ആ ട്രെയിൻ പോകുംവരെ അയാൾ ഹൃദയം പൊട്ടി അവളെ വിളിച്ചു കരഞ്ഞുവെങ്കിലും കഴിഞ്ഞ ജന്മത്തിലെ ഓർമ്മകളെന്ന പോൽ വിസ്‌മൃതിയിലാണ്ട ഓർമ്മകളെ തിരിച്ചു പിടിക്കാൻ കഴിയാതെ അവൾ പോയി.അന്നാണ് ആദ്യമായി അയാൾ ആ കൽബെഞ്ചുകളിൽ ഇടം പിടിച്ചത്.തന്റെ വിജി എന്നെങ്കിലും ആ നല്ല ദിവസങ്ങളുടെ ഓർമ്മകളുമായി ഏതെങ്കിലും ട്രെയിനിൽ ഏത് നിമിഷവും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയോടെ അയാളിന്നും കാത്തിരിക്കുന്നു.

മനോഹരമായ പ്രതീക്ഷകളുടെയും ഓർമ്മകളുടെയും ആകെത്തുകയാണ് ഹൃദയ സ്പർശിയായ ഈ ചിത്രം.ഈ ചിത്രത്തിലെ അഭിനയത്തിന് ശ്രീദേവിക്ക് തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത.

മൂന്നാം പിറൈ: മലയാളി ഹൃദയത്തേയും തൊട്ടൊരു തമിഴ് ക്ലാസിക്…
രചന : മുബാഷിറ നസ്രിൻ

You may also like

Leave a Comment