മാന്‍ഹാട്ടനിലെ വാള്‍സ്‌ട്രീറ്റിനോട് ചേർന്നുള്ള അംബരചുംബിയായ കെട്ടിടത്തിന്‍റെ 47-ാം നിലയിലേക്ക് അവൾ എലിവേറ്ററിൽ നിന്നും ഇറങ്ങി. താങ്ക്സ് ഗിവിങ്ങിന് പ്രത്യകം അനുവദിച്ച വെക്കേഷൻ കഴിഞ്ഞു വന്നതിന്‍റെ ആലസ്യത്തിൽ അവൾ ലാപ്ടോപ്പ് ഓൺ ചെയ്‌തു.
കഴിഞ്ഞമാസം പ്രമോഷന്‍ തന്നപ്പോൾ “You deserve a special seat..” എന്നു പറഞ്ഞ് സീനിയര്‍ വി.പി. റോണ്‍ ലസ്‌റോവിച്ച് പ്രത്യേകം തന്നിരിക്കുന്ന വിന്‍ഡോ സീറ്റ്. സീനിയർ പ്രോഗ്രാമർ ആയി സ്ഥാനക്കയറ്റം!
പ്രസിദ്ധമായ ഈ വാള്‍ സ്‌ട്രീറ്റ് കമ്പനിയിൽ പ്രോഗ്രാമേഴ്‌സിനു കൊടുക്കാറുള്ള ഏറ്റവും ഉയര്‍ന്ന പോസ്റ്റ്.
47 -ാം നിലയില്‍ നിന്ന് ജനലില്‍കൂടി നോക്കുമ്പോള്‍ ഹഡ്‌സണ്‍ നദി കാണാം.
പ്രമോഷന്‍റെ ഓര്‍ഡര്‍ തരാനായി റോണ്‍ മുറിയിലേക്ക് വിളിപ്പിച്ച് പറഞ്ഞത് അവള്‍ ഓര്‍ത്തുപോയി.
“Sono, you are an exceptional programmer. You are an asset to this firm. കമ്പനിയുടെ ചരിത്രത്തില്‍ ഞങ്ങള്‍ വളരെ കുറച്ചു പേര്‍ക്കെ ഇത്ര പെട്ടെന്ന് പ്രൊമോഷന്‍ കൊടുത്തിട്ടുള്ളൂ. We are proud of you!”
നീണ്ട പത്തു വര്‍ഷത്തെ നിരന്തരമായ പഠനവും രാപകലില്ലാത്ത കഠിന പ്രയത്‌നവും. കുട്ടികളുടെ കൂടെ പോലും അധിക സമയം ചിലവഴിക്കാന്‍ കഴിയാതിരുന്ന വാരാന്ത്യങ്ങള്‍. നീണ്ട വർക്കിംഗ് ഡേയ്‌സ്..
ഹഡ്‌സണ്‍ നദിയില്‍ കുടി സ്പീഡ് ബോട്ടിൽ ഒട്ടിപിടിച്ച് പറക്കുന്ന കമിതാക്കളിൽ അവളുടെ കണ്ണുകൾ ഉടക്കി. ഈ തണുപ്പു കാലത്തും അവരുടെ തീക്ഷ്ണത കണ്ടവൾ അത്ഭുതപ്പെട്ടു!
താങ്ക്‌സ് ഗിവിങ്ങ് ഹോളിഡേ കഴിഞ്ഞു വരൂന്ന തിങ്കളാഴ്‌ച. വാള്‍സ് ട്രീറ്റില്‍ ഏറ്റവും കൂടുതല്‍ ബിസിനസ്സ് നടക്കുന്ന മാസം. കമ്പ്യൂട്ടര്‍ സിസ്റ്റംസ് മുഴുവനും അടിയറവു പറയുന്ന ദിവസങ്ങള്‍.
പെട്ടെന്നാണ് റോണ്‍ വിളിച്ചത്. ധൃതി പിടിച്ച് റോണിന്‍റെ മുറിയില്‍ ചെന്നപ്പോള്‍ അദ്ദേഹം വളരെ വിഷണ്ണനായി തലക്കു കയ്യും കൊടുത്തിരിക്കുന്നു.
“സോ,……കാലിഫോര്‍ണിയായിലെ ആ കസ്റ്റമര്‍ വിളിച്ചിട്ട് ഷൗട്ട് ചെയ്യുകയാണ്. അവര്‍ പോസ്റ്റ് ചെയ്‌ത ഒരു ബോണ്ട് പര്‍ച്ചേസ് ക്രാഷ് ആകുന്നു… വലിയ ബോസ്സിന്‍റെ ചെവിയിൽ എത്തുന്നതിനു മുമ്പേ അത് എത്രയും പെട്ടെന്ന് ഫിക്‌സ് ചെയ്യണം. ആ ട്രാൻസാക് ഷന്‍ സിസ്റ്റത്തിൽ കയറ്റി അപ്ഡേറ്റ് ചെയ്യണം …..പ്ലീസ്…. You know the system in and out.. ! Please….”
ഈ സിസ്റ്റത്തിന്‍റെ ഓരോ പ്രോഗ്രാമും, അതിലെ ഓരോ പ്രൊസീഡിയറും ഫങ്ക്ഷനുകളും അവൾ അരച്ചു കുടിച്ചിട്ടുള്ളതാ ….. അവളാ സിസ്റ്റത്തെ ഇട്ടു അമ്മാനാടിട്ടുള്ളതാ!
മള്‍ട്ടി മില്യണ്‍ ഡോളറിന്‍റെ ഒരു ബോണ്ട് പര്‍ച്ചേയ്‌സ് ആണ് കമ്പ്യൂട്ടറില്‍ ഹാങ്ങായിട്ടിരിക്കുന്നത്.
ഐ.ബി.എം ന്‍റെ പ്രസിദ്ധമായ മിഡ്റേഞ്ച് കമ്പ്യൂട്ടര്‍ AS/400 ന്‍റെ പച്ച സ്‌ക്രീനിന്‍റെ മുന്നില്‍ ഒരു തപസ്സിയേ പോലെ അവളിരുന്നു.
അനേകം പ്രോഗ്രാമേഴ്‌സ് ഉണ്ടെങ്കിലും ഇങ്ങനെയുള്ള ആപല്‍ഘട്ടങ്ങളില്‍ റോണ്‍ അവളില്‍ മാത്രമാണ് ആശ്രയിക്കാറ് എന്നത് അവള്‍ ഓര്‍ത്തു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള നുറു കണക്കിനുള്ള കോബോള്‍ പ്രോഗ്രാമുകളുടെ വളരെ കോംമ്പ്‌ളിക്കേറ്റഡ് ആയ സിസ്റ്റമാണ് “റിയല്‍ ടൈം ട്രേയ്‌ഡിങ്ങ് സിസ്റ്റം”.
എല്ലാം അങ്ങോട്ടും ഇങ്ങോട്ടും കൈ കോര്‍ത്തു കിടക്കുന്നു. Y2K ഫിക്‌സ് ചെയ്‌ത് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പരിപാലിച്ചു കൊണ്ടിരിക്കുന്ന ഈ സിസ്റ്റമാണ് കമ്പനിയുടെ പ്രാണ വായു.
റോണിനറിയാം തന്‍റെ ഏതൊരു പ്രോഗ്രാമറേക്കാളും സോനോക്ക് ഇതിന്റെ ഹൃദയമിടിപ്പ് അറിയാമെന്ന്. ആയിരത്തിലേറെ പ്രോഗ്രാം ലൈനുകളുള്ള, പലരും കൈവെച്ച കോബോള്‍ പ്രോഗ്രാമുകള്‍!
അവളത് തുറന്ന് സ്‌ക്രീനില്‍ നിന്ന് സ്‌ക്രീനിലേക്ക് ഓടിച്ചോടിച്ചു പോയി.
‘എവിടെയാണാ ബഗ്?!’ അവൾ സ്വയം ചോദിച്ചു. ‘ഏതു പ്രോഗ്രാമാണ് അനുസരണക്കേടു കാണിച്ചത്?’
ബഗ് റിപ്പോര്‍ട്ടില്‍ അവള്‍ ഒന്നു കൂടി കണ്ണുകള്‍ പായിച്ചു.
അതെ, ഒമ്പതക്കമുള്ള ഒരു ബോണ്ട് പര്‍ച്ചേയ്‌സ്സാ ക്രാഷ് ചെയ്‌തിരിക്കുന്നത്.
അവള്‍ക്ക് ഉടനെ പിടികിട്ടി പ്രശ്‌നക്കാരനെ.
അവള്‍ പ്രോഗ്രാമില്‍ നിന്ന് പ്രോഗ്രാമിലേക്ക് എടുത്തുചാടി..
ഇതുപോലൊരു ബഗ് കഴിഞ്ഞ വര്‍ഷം അവള്‍ ഫിക്‌സ് ചെയ്‌തതു ഓര്‍ത്തു.
തലച്ചോറില്‍ ഒമ്പതക്കമുള്ള ബോണ്ടു പര്‍ച്ചേയ്‌സ് ട്രാന്‍സാക്ഷന്‍ കിടന്നു പുകഞ്ഞു കത്തി….
1234: *** Save to temporary area for re-checking………..
1235: MOVE WS_QUANTITY TO WS_QUANTITY_TEMP.
1236: MOVE ……………………………………………………..
അതെ, ഇവനാണ്.. ഇവാനാണ് പ്രശ്നക്കാരൻ… കിട്ടി! പ്രോഗ്രാം ലൈൻ 1235 !!
പെട്ടെന്ന് ഫിക്സ് ചെയ്തു പുതിയ വേർഷൻ പ്രൊഡക്ഷനിലേക്ക് മൂവ് ചെയ്തിട്ട് അവൾ റോണിനെ വിളിച്ച് പറഞ്ഞു.
“Program fixed, Ron. Bond order is in the system and ready to execute.”
ബഗ്ഗ് റിപ്പോർട്ടിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്ത് ഇ-മെയിലും എല്ലാവർക്കും അയച്ചിട്ട് അവളൊരു ചൂടുള്ള കോഫിയും ആയി ക്യാബിനിൽ തിരികെ എത്തി.
ബഗ്ഗ് ഫിക്സ് ചെയ്ത പ്രോഗാമിന്റെ പേരും മറ്റു ഡീറ്റെയിൽസും അവൾ തന്റെ പേർസണൽ ഡോക്യൂമെന്റൽ എഴുതി സൂക്ഷിക്കാറുണ്ട്.
പ്രമോഷനോടു കൂടി തന്ന H.P. യുടെ പുതിയ ലാപ്‌ടോപില്‍ സൂക്ഷിച്ചിരുന്ന എക്സൽ ഡോക്യുമെന്റുകള്‍ അവള്‍ എടുത്തു പരിശോധിച്ചു. അവളുടെ പ്രൈവറ്റ് ഫോള്‍ഡറുകള്‍ ഓരോന്നായി തുറന്നു നോക്കി.
പെട്ടെന്നാണ് സ്‌കാന്‍ ചെയ്‌തു സൂക്ഷിച്ചിരുന്ന ആ കത്ത് അവളുടെ കണ്ണുകളില്‍ ഉടക്കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയ്‌ക്ക് ക്രിസ്‌തുമസ്സിനയച്ച കത്ത്!!….. അമ്മ……. അന്നീ കത്തു കിട്ടിയിട്ട് പിന്നീടൊരിക്കലും അമ്മ തനിക്കു കത്തെഴുതിയിട്ടില്ല എന്ന ദുഃഖ സത്യം ഒരു ഞെട്ടലോടെ അവൾ ഓർത്തു………
**********************************************
പ്രിയപ്പെട്ട അമ്മേ.
കൃസ്തുമസ്സിന്റെ തിരക്കൊക്കെ കഴിഞ്ഞ് ഇന്നാണമ്മേ അല്പം സ്വസ്ഥത കിട്ടിയത്. ഇന്നലെ പള്ളിയിൽ നിന്നപ്പോൾ ക്രിസ്‌തുമസ്സ് കരോളിന്‍റെ കൂടെ പാടാൻ വിടാത്തതിന് ഒരു രാത്രി മൂഴുവൻ ഞാൻ കരഞ്ഞതും പിറ്റെ ദിവസം അമ്മ അച്ചായനെ പറഞ്ഞ് സമ്മതിപ്പിച്ച് കുഞ്ചായന്റെ കൂടെ വിട്ടതും ഒക്കെ ഓർത്തു പോയി.
വേറൊരിക്കൽ ഒരു ക്രിസ്തുമസ്സ് രാത്രിയിൽ അച്ചായന്‍റെ ഫോട്ടോടെ മുൻപിൽ എന്നെ കെട്ടിപ്പിടിച്ചു നിന്നു കരഞ്ഞതും ഇന്നലെ പോലെ ഓർമ്മയിൽ വന്നു.
നമ്മുടെ കൊച്ചു വീടിന്‍റെ തിണ്ണയിൽ ഞാൻ സ്കൂളിൽ നിന്നും വരുന്നതും കാത്ത് അമ്മ എപ്പോഴും ഇരിക്കാറുള്ളതും ഓർക്കുന്നുണ്ടോ? അതൊന്നും അമ്മ ആരോടും പറയണ്ട. വല്യ വല്യ കമ്പനികളിലെ വല്യ വല്യ മാനേജർമാരാ ജോണിച്ചായന്‍റെ കൂട്ടുകാർ. അവരൊന്നും ഇത് അറിയേണ്ട.
ഇവിടെ ഞങ്ങളൊരു വല്യ വീടു വാങ്ങിച്ചു. അമ്മ ഒന്നു വന്നു കാണണമിത്. നമ്മടെ ആൾക്കാരടെ എടേല് ഏറ്റവും വലിയ വീടെന്നാ ജോണിച്ചായൻ പറയണത്. പഴയ വീട്ടിൽ നിന്ന് മാറണമെന്ന് ജോണിച്ചായന് വല്യ നിർബന്ധമായിരുന്നു. അവിടെയാണെങ്കിൽ മുഴുവൻ മലയാളികളെന്നാ ജോണിച്ചായന്‍റെ പരാതി. വീടിനൊന്നും വില കൂടില്ലാത്രേ! സ്‌കൂളിലാണെങ്കിൽ മലയാളി പിള്ളേരേ തട്ടിയിട്ട് നടക്കാൻ പാടില്ലെന്നാ സജിമോന്‍റെ പരാതി. ജോണിച്ചായൻ എപ്പോഴും വഴക്കു പറയുകയും ചെയ്യും. അമേരിക്കൻ പിള്ളേരുമായിട്ട് കൂട്ടു കൂടിയാലേ കമ്പനികളിലൊക്കെ നല്ല ജോലി കിട്ടുകയുള്ളത്രേ! എന്തായാലും പുതിയ സ്കൂളിൽ മലയാളികളൊന്നുമില്ല എന്ന് മോൻ പറയുന്നതു കേട്ടു. അതൊരു വല്യ സമാധാനമായി.
വടക്കേതിലെ കുഞ്ഞൂഞ്ഞമ്മാന്‍റിയുടെ കയ്യിൽ അമ്മ കൊടുത്തു വിട്ട കത്ത് ഇന്നാണ് വായിക്കാൻ സമയം കിട്ടിയത്. കുഞ്ചായന്‍റെ മോന് അത്ര നല്ല അസുഖമല്ലെന്ന് അമ്മ എഴുതിയാർന്നല്ലോ. നാട്ടില്‍ നല്ല ഒന്നാന്തരം ഗവണ്മെന്‍റെ് ആശുപത്രി ഒക്കെ ഉള്ളപ്പോ എന്തിനാ അമ്മേ കാശും മുടക്കി വെല്ലൂർക്ക് കൊണ്ടു പോണേ? കുഞ്ചായനെ ഒന്ന് സഹായിക്കണമെന്ന് ജോണിച്ചായനോട് പറയാൻ എനിക്കു നാണക്കേടാ…
ഇവിടെ ഞങ്ങൾക്ക് വല്ല തിരക്കാ. പുതിയ വീടിന് കൊറച്ചു പണിയൊക്കെ ചെയ്തു തീർക്കാനുണ്ട്. ഒരു മാസമായി അതിന്റെ ഓട്ടത്തിലാ ജോണിച്ചായൻ. കേറി താമസത്തിന് വല്യ പരിപാടി വേണമെന്നാ ജോണിച്ചായന്. അല്ലേലും, നല്ല വില കൊടുത്തു വാങ്ങിയതല്ലേ. പള്ളിക്കാരെയും, അസ്സോസ്സിയേഷൻകാരേയും, കൂട്ടുകാരേയും ഒക്കെ ഒന്ന് വിളിച്ച് ആഘോഷിച്ചില്ലെങ്കിൽ നമ്മടെ സ്റ്റാറ്റസിനു കുറവെന്നാ ജോണിച്ചായൻ പറയണത്.
അമ്മേ, ഇപ്രാവശ്യവും ക്രിസ്തുമസ്സ് കാർഡ് അയക്കാനൊന്നും പറ്റിയില്ല. അല്ലമ്മേ, തിരക്കിൽ വിട്ടു പോയി എന്നു പറഞ്ഞാൽ മതിയല്ലോ. പല പ്രാവശ്യം ഓർത്തതാ. പക്ഷെ… അമ്മയോടല്ലെ ഇത് തുറന്നു പറയാൻ കഴിയൂ. കൂട്ടുകാർക്കൊക്കെ അയച്ചില്ലെങ്കിൽ അവരു നമ്മളെപ്പറ്റി എന്നാ വിചാരിക്കും.
ഇപ്രാവശ്യമാണെങ്കി ജോണിച്ചായൻ വീടിന്‍റെ ഒരു നല്ല ഫോട്ടോയും വച്ചാ കാർഡ് ഉണ്ടാക്കിച്ചേക്കണെ. ഒന്ന് കാണണമത്!
ഓ, അമ്മയുടെ എഴുത്തിൽ എഴുതിയിരുന്നല്ലോ “നിന്‍റെ വല്ലപ്പോഴുമൊക്കെ വരുന്ന കത്തില് വല്ല ചെക്കും ഉണ്ടോ എന്ന് ആദ്യമേ നോക്കു”മെന്നു! അമ്മ താമശ പറഞ്ഞതായിരിക്കുമല്ലോ.
അമ്മേ, ഇവിടെ എല്ലാത്തിനും തീ പിടിച്ച വിലയാ. വെള്ളം വരെ കാശുകൊടുത്തു വാങ്ങണം. വല്യ പലിശക്ക് കടമെടുത്ത ഈ പുതിയ വീടു വാങ്ങിയേ.. പലിശക്കാര്യം ഓർത്തിട്ട് ജോണിച്ചായനാണെങ്കിൽ ഒട്ടും ഒറക്കോം ഇല്ലാ. വല്ല അസുഖവും വന്നു പിടിക്കോന്നാ എന്‍റെ പേടി. പിള്ളേര് കോളേജിലോക്കെ പോണേതിനു മുമ്പ് കടം കൊടുത്തു തീർക്കണമെന്നു എപ്പോഴും പറച്ചിലാ. നാട്ടിലേ പോലെയല്ലമ്മേ ഇവിടെ. കാശടച്ചില്ലെങ്കിൽ കോടതിയും പോലീസും ഒക്കെ ആയി വന്നു ബാങ്കുകാര് വീടു പിടിച്ചെടുക്കും!
അമ്മേ, ഞാൻ അമേരിക്കേലു വന്നിട്ട് പത്തിരുപത് വർഷായിട്ടും ഓണത്തിനോ ക്രിസ്തുമസ്സിനോ ഒന്നും കാശയച്ചു തരാറില്ലല്ലോ. പിന്നെന്താ അമ്മക്കിങ്ങനെ പെട്ടെന്ന് തോന്നിയത്?
അമ്മേ, ഞങ്ങളിവിടെ വാങ്ങിയ വീട് വല്യ വിലപിടിപ്പുള്ള സ്ഥലത്താ. അടുത്തുള്ള വീടോക്കെ എന്നാ വലുതാണന്നറിയാമോ? എന്റെ കൂട്ടുകാർ കണ്ട് അതിശയിച്ചു പോയി!
പുതിയ വീട്ടിലോട്ടു മാറുമ്പോൾ നല്ലൊരു കാറു വേണോന്നാ ജോണിച്ചായന്. പുതിയ വീടിന്‍റെ മുമ്പിൽ പഴയ കാറിടുന്നതു വല്യ നാണക്കേടാണത്രേ. അടുത്തുള്ള വീട്ടിലുള്ളവർക്കൊക്കെ വല്യ വിലയുള്ള ജർമ്മൻ കാറാണെന്നാ ജോണിച്ചായൻ പറഞ്ഞത്. ഒരു ബെൻസു കാറോടിക്കാൻ അമേരിക്കയിൽ വന്നിറങ്ങിയപ്പോളു മുതലുള്ള വല്യ സ്വപ്‍നമാണെന്ന് ജോണിച്ചായൻ എപ്പോഴും പറയും. ഞാനും വിചാരിച്ചു ‘രാപകലില്ലാതെ കഷ്ടപ്പെടുന്ന ആളല്ലേ, എന്തുമാകട്ടെ’ എന്ന്. പിള്ളേരൊക്കെ കോളേജിൽ പോയി തുടങ്ങിയൽ ഇതു വല്ലതും പറ്റോ? ക്രിസ്തുമസ്സ് സമയത്ത് വില കുറവുണ്ടെന്നു പറഞ്ഞു കഴിഞ്ഞയാഴ്ച ഞങ്ങൾ പോയി ഒരെണ്ണം വാങ്ങി. കൃസ്തുമസ്സിന് ആ കാറോടിച്ചാ പള്ളിയിൽ പോയത്.
അമ്മേ, ഫോൺ വിളിക്കണമെന്നുണ്ടെങ്കിലും മാസാമാസം കടം തീർക്കാൻ ജോണിച്ചായന്‍റെ നെട്ടോട്ടം കണ്ടിട്ട് ഞാൻ വേണ്ടാന്നു വയ്ക്കാ. എല്ലാം ചെലവല്ലേ? ഫോൺ കമ്പനിക്കാരാണെങ്കിൽ ദിവസോം ദിവസോം വില കൂട്ടുകയാ. അമ്മയ്ക്കത് മനസ്സിലാകുമല്ലോ.
അമ്മക്കെന്താ ഇപ്പോൾ ഇത്ര കാശിനാർത്തി? ഇവിടെ കാശിന് വല്യ ചെലവാ.
അമ്മ എപ്പോഴും പറയാറുണ്ടല്ലോ
“പെമ്പിള്ളേര് കല്യാണം കഴിഞ്ഞാൽ അടങ്ങി ഒതുങ്ങി കെട്ടിയോനെ അനുസരിച്ച് മര്യാദക്ക് ജീവിക്കണമെന്ന്. പാട്ടും കൂത്തും ഒന്നും വേണ്ടാന്ന്. കഥയെഴുത്തും കവിതയെഴുത്തും ഓക്കെ നിർത്തി കഞ്ഞീം കറീം വെച്ച് ഒതുങ്ങണമെന്ന്”.
അമ്മേ, ഞാൻ അമേരിക്കേല് വന്ന് ഒരു മാസം കഴിഞ്ഞപ്പളേ കുടെ കൊണ്ടു വന്ന ഒ. വി. വിജയനും ചങ്ങമ്പുഴയും ചുള്ളിക്കാടും ഒക്കെ എടുത്തു ചവറ്റു കൊട്ടയിൽ ഇട്ടു. ഇതൊന്നും വായിച്ച് തലാ ചുമ്മാതെ ചൂടാക്കരുത് എന്ന് വന്നപ്പോഴേ ജോണിച്ചായൻ ഉപദേശിച്ചാർന്നു….. അപ്പൊ മുതല് ജോണിച്ചായന്‍റെ ഇഷ്ട്ട സിനിമകളും , ടിവി സീരിയലുകളും, പാട്ടുകളുമൊക്കെയായിട്ടു മാറി ഈ മോള്. രാതിയില്‍ ജോണിച്ചായൻ ജോലികഴുഞ്ഞു വന്നാൽ സിനിമയിലേയും ടി വിയിൽ വരണ സീരിയലുകളുടേയും ഒക്കെ കഥ പറഞ്ഞു കേൾപ്പിക്കാനാ പറഞ്ഞത്. അതിലൊക്കെ അഭിനയിക്കുന്ന ജോണിച്ചായെന്‍റെ ഇഷ്ട്ട താരങ്ങളുടെ വിവരങ്ങൾ എല്ലാം എന്നെ പറഞ്ഞു കേൾപ്പിക്കും. അതോടൊപ്പം നല്ല കോട്ടയം മീൻ കറിയും വേണം എന്നും. അത് പുളിയിട്ടു വെച്ചത് രണ്ടു ദിവസം പഴകിയാലേ ഇഷ്ടാകൂള്ളൂ. അതൊക്കെ അന്നേ തൊട്ട് മുടക്കാതെ അമ്മേടെ മോള് ചെയ്യുന്നുണ്ട്.
“ഭാര്യമാരായാ അച്ചായന്മാരുടെ ഇഷ്ടം അറിഞ്ഞു വേണ്ടത് ഉണ്ടാക്കി കൊടുക്കുന്നതിലാ ബുദ്ധിയും സാമർഥ്യവും വേണ്ടത്” എന്ന ജോണിച്ചായന്‍റെ വേദവാക്യം എന്‍റെതും ആയിമാറി.
കഴിഞ്ഞ മാസം വീടു മാറാനായി പെട്ടി അടുക്കിയപ്പോൾ അതിന്‍റെ അടിയിൽ മറന്നു കിടന്ന ജില്ലാ യുവജനോത്സവത്തിന് എനിക്ക് കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടിയതിന്‍റെ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ ഉള്ളൊന്ന് വിതുമ്പിയാർന്നു…..
അമ്മ ഓർക്കണുണ്ടോ അന്നാ സർട്ടിഫിക്കേറ്റും ആയി മ്മള് ശവക്കോട്ടയിൽ അച്ചായന്‍റെ കബറിങ്കൽ പോയതും, ‘അച്ചായനായിരിക്കും അത് കണ്ടു ഏറ്റവും സന്തോഷിക്കണത്’ എന്ന് അമ്മ പറഞ്ഞതും. മ്മളതു അച്ചായനെ കാണിക്കാനായീ കുറച്ചുനേരം തലക്കൽ വച്ചതും?! അത് വീട്ടിലെ ഭിത്തിയിൽ ചില്ലിട്ടു വെച്ചേക്കാമെന്നു അമ്മ പറഞ്ഞിട്ടും വല്യ കാര്യത്തിൽ ഇങ്ങോട്ട് കൊണ്ടു പോന്നതാ!….
ങാ… എല്ലാ ആഴ്ച്ചയും ജോലീന്നു വരുമ്പോൾ അച്ചായൻ എനിക്കായി കൊണ്ടുവരാറുള്ള കഥ പുസ്തകങ്ങൾ..
ജോണിച്ചായനിതുവരെ വീട്ടിലോട്ടു ഒന്നും കൊടുക്കണ ഞാൻ കണ്ടട്ടില്ല. പിന്നെങ്ങനെയാ ഞാൻ ചോദിക്കണേ? മ്മടെ സ്റ്റാറ്റസിനു മോശാല്ലേ!
എന്നോടെപ്പോഴും പറയും “കല്യാണം കഴിച്ചപ്പോൾ അച്ചൻ പറഞ്ഞു തന്നത് മറന്നു പോയോന്ന്? അപ്പനേയും അമ്മയേയും വിട്ടു ഭാർത്താവിനോട് ചേരണ”മെന്ന്?
അമ്മേ, പള്ളിലച്ചൻ പറഞ്ഞു തന്നത് അനുസരിക്കാതിരുന്നാൽ ദൈവകോപം ഉണ്ടാവില്ലേ. എനിക്കു വല്യ പേടിയാമ്മേ..
അമ്മക്ക് അമേരിക്കായിന്നൊക്കെ കശു വന്നെന്നറിഞ്ഞാൽ വല്ല കള്ളന്മാരും വീട്ടിൽ കേറൂന്നാ ജോണിച്ചായൻ പറയണത്. പത്രത്തില് ഒരോന്നു വായിക്കുമ്പോ എന്നാ പേടിയാന്നോ. ആതും അല്ല, നാട്ടുകാരും വീട്ടുകാരും ഓരോ ആവശ്യം പറഞ്ഞോണ്ട് വീട്ടീന്ന് ഇറങ്ങില്ലത്രേ!…
ഇന്നലെ പറയാ, “അപ്പനും അമ്മേം പ്രായമായാൽ വേദപുസ്തകോം വായിച്ചു മക്കൾക്കു വേണ്ടി പ്രാർത്ഥിച്ചു വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണ’ മെന്ന്… “ചാരിറ്റിയും മറ്റുള്ളവർക്ക് സഹായം കൊടുക്കലൊക്കെ നിർത്തണ”മെന്നു…
ജോണിച്ചായൻ വല്യ പഠിപ്പുള്ള ആളല്ലേ, അമ്മേ. ഒത്തിരി ഒത്തിരി മുന്നോട്ടു കണ്ടേ എന്തും പറയൂ. പറയുന്നതിനൊക്കെ വല്യ അർത്ഥമുണ്ട്. എനിക്കിതൊക്കെ മനസ്സിലായി വരാൻ ഒത്തിരി താമസം വരും.
ഇപ്രാവശ്യം ജോണിച്ചായൻ ഒത്തിരി സമ്മാനങ്ങൾ കൂട്ടുകാർക്കൊക്കെ കൊടുത്തൂ.. പിള്ളേരാണെകിൽ ഒരു മാസമായി കടകളിൽ കിടപ്പാന്നു പറഞ്ഞാൽ മതിയല്ലോ… വാങ്ങിച്ചും തിരിച്ചു കൊടുത്തും കടയിൽ പോകാൻ വണ്ടിയോടിച്ച് ഞാൻ മടുത്തു.. അമ്മക്കൊന്നും അയക്കാൻ ഇപ്രാവശ്യവും പറ്റിയില്ല. അല്ലേലും, അമ്മക്കെന്തിനാ ഇനിയിപ്പോൾ ക്രിസ്തുമസ്സ് സമ്മാനം!…
എന്ന് അമ്മയുടെ സ്വന്തം സോനോ മോൾ
********************************************
മൂന്നു മാസം മുമ്പാണു മാൻഹാട്ടൻ ഡിസ്ട്രിക്ട് കോടതിയിൽവച്ച് അവൾ അവസാനമായി അവനെ കണ്ടത്. അവന്‍റെ അറ്റോർണിയോട് ഓരോന്ന് പറഞ്ഞു കൊടുക്കുന്നു. ഡൈവോഴ്സ് എഗ്രിമെന്റിൽ വരുത്തേണ്ട മാറ്റങ്ങൾ…
നല്ലവണ്ണം നിഗോഷിയേറ്റു ചെയ്‌തു കഴിവതും അവൾക്കു കുറച്ചു കൊടുക്കാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യന്നു… !!
“എനിക്കൊന്നും വേണ്ട, മിസ് ക്രിസ്റ്റി… .. എല്ലാം ജോണിച്ചായൻ എടുത്തോട്ടെ” എന്ന് തന്‍റെ അറ്റോർണിയോട് പറഞ്ഞപ്പോൾ ആ അമേരിക്കക്കാരി അറ്റോർണി തന്നെ ദയനീയമായീ നോക്കിയത് അവൾ ഓർത്തു…
എല്ലാ ഡോക്യൂമെന്‍റുകളിലും ഒപ്പിട്ടു പരസ്പരം പിരിയുമ്പോൾ അവന്‍റെ കണ്ണുകളിലേക്ക് അവളൊന്ന് അറിയാതെ നോക്കിപ്പോയീ.. പെണ്ണു കാണാനായീ തന്‍റെ ഹോസ്റ്റലിൽ വന്ന കണ്ണുകളിൽ കാരുണ്യമുണ്ടായിരുന്ന ഒരു സൗമ്യൻ…. ഇപ്പോളാ കണ്ണുകളിൽ അവന്‍റെ യൂക്രേനിയൻ കാമുകിയുടെ പുഞ്ചിരിക്കുന്ന മുഖം തത്തിക്കളിക്കുന്നത് അവൾ കണ്ടു…. ഒപ്പം ഡോളറിന്‍റെ മിന്നലാട്ടവും!!
അവൾ നേരെ പോയത് ഹഡ്സൺ റിവറിലേക്കായിരുന്നു.
അടിമത്തത്തിന്‍റെ മുഖ മുദ്രയായി കഴുത്തിൽ കെട്ടിയിട്ടിരുന്ന താലി അവൾ വലിച്ച് പൊട്ടിച്ച് ഹഡ്സണ്‍ നദിയിൽ എറിഞ്ഞു……
കയ്യിൽ കിടന്ന “J” എന്നു പതിച്ച മോതിരം ഊരി ഒരു ഹോംലെസ്സ് സ്ത്രീക്കു കൊടുത്തു. അവരതു ആർത്തിയോടെ വാങ്ങിക്കൊണ്ടു പോയത് അവളിപ്പോഴും ഓർക്കുന്നു. അവരതു വിറ്റ് വല്ലതും കഴിക്കട്ടെ.. വർഷങ്ങളോളം അണിഞ്ഞ ചങ്ങലകൾ……..
കഴിഞ്ഞ ദിവസം മെയിലിൽ വന്ന ചെയ്സ് മൻഹാട്ടൻ ബാങ്കിന്‍റെ ചെക്ക് ബുക്ക് വാനിറ്റി ബാഗിൽ നിന്നും അവൾ പുറത്തെടുത്തു.
ഹാ … അവളുടെ പേരു മാത്രം!! …. അവളുടെ സ്വന്തം പേരു മാത്രം……. അച്ചായൻ അവളെ സ്കൂളിൽ ചേർത്തപ്പോൾ എഴുതികൊടുത്ത അതേ പേരു തന്നേ…!!!!
ബാങ്കുകാരോട് പ്രത്യേകം പറഞ്ഞിരുന്നു അവൾക്കു കിട്ടിയ സ്വാതന്ത്രത്തിന്‍റെ ചിറകുകളെ കുറിച്ച്…
ചെക്കു നമ്പർ 101!…… ആദ്യത്തെ ചെക്ക്……
പെൻ ഹോൾഡറിൽ നിന്നും അവൾക്കിഷ്ടപ്പെട്ട പൈലറ്റിന്റെ PRECISE V7 നീല മഷിയുടെ പേന എടുത്തിട്ടു അമ്മക്കൊരു ചെക്ക് … 1000 ഡോളർ…… പോരാ……. ….പോരാ …. കടമകൾ എത്രയോ ബാക്കി..
അമ്മക്കൊരു ബ്ലാങ്ക് ചെക്കു തന്നെ കൊടുക്കണം … എത്ര വേണെമെങ്കിലും അമ്മ എഴുതി എടുത്തോട്ടെ.. എത്ര വേണമെങ്കിലും അമ്മ എഴുതിക്കോട്ടെ……
ചെക്കിന്‍റെ അടിയിൽ ഒപ്പിട്ടിട്ടു അത് കവറിൽ ആക്കി ഡൌൺ ടൌണിലെ പോസ്റ്റ് ഓഫീസിലേക്ക് അവൾ നടന്നു..
അമ്മ ഈ ലോകയാത്ര മതിയാക്കി കൂട്ടുകാരന്‍റെ അടുത്തേക്കു പോയിട്ടു അടുത്ത മാസം രണ്ടു വർഷം തികയുകയാണ്… ഇന്നെങ്കിലും…………………
നാട്ടിലുള്ള ബന്ധുവിനെ ഫോണിൽ വിളിച്ചു പറഞ്ഞു….
“വല്യേട്ടായീ… അമ്മയുടെ പേരിലൊരു എഴുത്തു വരും.. അത് പള്ളിയിൽ കൊണ്ടു പോയി അമ്മയുടെ തലക്കൽ കബറിങ്കൽ വയ്ക്കണേ… അത് എടുത്തു മാറ്റേണ്ടാ…… അതവിടെ തന്നെ ഇരുന്നോട്ടേ……..
അതവിടെ തന്നെ എന്നും ഇരിക്കട്ടെ….. വല്യേട്ടായീ……..”
*****************************************
കോബോൾ: ഐബിഎം ന്റെ വലുതും ചെറുതുമായ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന പ്രസിദ്ധമായ ഭാഷ.
ബഗ്ഗ്: കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഉണ്ടാകാറുള്ള തെററുകളെ പൊതുവേ പറയുന്നത്.
കപ്യൂട്ടർ ഹാങ്ങു് ആകുക: ഉപയോഗിക്കുന്ന ആൾ പറയുന്നതുപോലെ കമ്പ്യൂട്ടർ പ്രവർത്തിക്കാതിരിക്കുക.