കമലയ്ക്ക് ഓടിക്കയറാനും…’
‘Rosa sat, so Ruby could walk, so Kamala could run…’
ഈയിടെ ലോക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വാചകമാണ് മേൽപ്പറഞ്ഞത്. വർണ്ണ വിവേചന മനോഭാവം ഇന്നും പുലർത്തുന്നവർക്ക് നേരെ ചൂണ്ടി ചരിത്രം പഠിക്കൂവെന്ന് പറയാതെ പറയുന്ന ശക്തിയുണ്ട് ആ പ്രസ്താവനയ്ക്ക്. അതുകൊണ്ട് തന്നെയാണ് ആ ശബ്ദത്തെ ലോകം ഏറ്റെടുത്തതും. വാചകം അർത്ഥമാക്കുന്നത് എന്താണെന്ന് പരിശോധിക്കാം.

കറുത്ത വർഗ്ഗക്കാർ ഏറെയുള്ള അലബാമ സംസ്ഥാനത്തിലായിരുന്നു ആ പെൺകുട്ടിയുടെ ജനനം. മാതാവ് അധ്യാപികയും പിതാവ് മരപണിക്കാരനും ആയിരുന്നു. അവളുടെ ബാല്യകാലത്ത് തന്നെ മാതാപിതാക്കളുടെ വിവാഹമോചനത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. കറുത്ത വർഗ്ഗക്കാരുടെ സഭയായ ആഫ്രിക്കൻ മെതൊഡിസ്റ്റ് എപിസ്ക്കോപ്പൽ ചർച്ചിലെ അംഗങ്ങളായിരുന്നു കുടുംബക്കാർ.
അമ്മയേയും അമ്മൂമ്മയേയും പരിചരിക്കേണ്ടി വന്നതിനാൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആ പെൺകുട്ടിക്ക് സാധിച്ചിരുന്നില്ല. വെള്ളക്കാരുടെ കുട്ടികൾ ബസ്സിലും കറുത്ത കുട്ടികൾ നടന്നും സ്ക്കൂളിൽ പോകുക എന്നതായിരുന്നു അന്നത്തെ സമ്പ്രദായം. കടകൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലും, ബസ്സുകളിലെ ഇരിപ്പടങ്ങളിലും ആ വർഗ്ഗവ്യത്യാസം പ്രത്യക്ഷമായി നിലനിർത്തിയിരുന്നു.
വെളുത്ത വർഗ്ഗ മേധാവിത്ത വാദികളായ (white supremists) കൂ ക്ലക്സ് ക്ലാൻ, കറുത്ത കുട്ടികൾ പഠിക്കുന്ന സ്ക്കൂൾ കത്തിക്കുകയും അവിടുത്തെ വെള്ളക്കാരായ അധ്യാപകരെ ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നത് ആ പെൺകുട്ടിയുടെ ബാല്യകാലത്തെ സംഭവങ്ങളാണ്.
അവൾ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ വിവാഹിതയായി. ബാർബറായ ഭർത്താവ്, കറുത്ത വർഗ്ഗക്കാരുടെ സംഘാടകനായിരുന്നു. റേമണ്ട് പാർക്ക്സ്. ആ മനുഷ്യന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹശേഷം അവൾ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. പത്ത് ശതമാനത്തിൽ താഴെ മാത്രം അവർണ്ണരേ അന്ന് ഹൈസ്ക്കുൾ പൂർത്തിയാക്കിയിരുന്നുള്ളൂ.
പറഞ്ഞ് വരുന്നത് അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് ആക്കം നൽകുന്നതിൽ വലിയ പങ്കുവഹിച്ച റോസയെ കുറിച്ചാണ്. മുഴുവൻ പേര് റോസ ലൂയിസ് മക്‌കോളി പാർക്സ്.
യുഎസിൽ വർണവിവേചനം അവസാനിപ്പിക്കുന്ന നിയമ നിർമാണത്തിന് വഴിവച്ച, സാക്ഷാൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന് നൊബേൽ സമ്മാനം വരെ വാങ്ങിക്കൊടുത്ത പോരാട്ടത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് റോസ.
42 വയസ്സുള്ളപ്പോൾ 1955 ഡിസംബർ ഒന്നിന് അലബാമയിലെ മോണ്ട്ഗോമറിയിലാണ് സംഭവം. അക്കാലത്ത് യുഎസിൽ പല സംസ്ഥാനങ്ങളിലും വെള്ളക്കാർക്കും കറുത്തവർക്കും ബസുകളിൽ പ്രത്യേകം സീറ്റുകൾ വേർതിരിച്ചിട്ടുണ്ടായിരുന്നു. വെള്ളക്കാരുടെ സീറ്റ് നിറഞ്ഞാൽ, ആരെങ്കിലും ആവശ്യപ്പെട്ടാൽ, കറുത്തവരുടെ സീറ്റ് ഒഴിഞ്ഞ് കൊടുക്കുകയും വേണം.
അന്ന് സിറ്റി ബസിൽ യാത്ര ചെയ്യുകയായിരുന്ന റോസയോട് ഒരു വെള്ളക്കാരന് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ ഡ്രൈവർ ആവശ്യപ്പെട്ടു. എന്നാൽ, അവർ സമ്മതിച്ചില്ല. തുടർന്ന് ഡ്രൈവർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് റോസയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസ് കോടതിയിലെത്തി. റോസ തെറ്റുകാരിയെന്ന് കോടതി വിധിച്ചു. 14 ഡോളർ പിഴയും ഈടാക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
ഈ സംഭവം കറുത്ത വർഗക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. ബസുകളിലും പൊതുസ്ഥലങ്ങളിലും തുല്യാവകാശം ആവശ്യപ്പെട്ട് അവർ ആരംഭിച്ച ബസ് ബഹിഷ്കരണം ഒരു വർഷത്തിൽ കൂടുതൽ നീണ്ട് നിന്നിരുന്നു.
അലബാമ കടന്ന് യുഎസ് മുഴുവനും വ്യാപിച്ച ആ വലിയ പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്ത് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ആയിരുന്നു.
9 വർഷത്തിന് ശേഷം വർണവിവേചനം യുഎസിൽ നിയമം മൂലം നിരോധിക്കുന്നത് വരെ ആ പോരാട്ടം നീണ്ടു. ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തനങ്ങളുടെ മാതാവ് (Mother of the Modern-Day Civil Rights Movement) എന്ന് അമേരിക്കൻ കോൺഗ്രസ്സ് വിശേഷിപ്പിച്ച വനിതയാണ് റോസ.. പൗരന്മാർക്കു നൽകുന്ന പരമോന്നത ബഹുമതിയും നേടിയ അവർ 2005ലാണ് അന്തരിച്ചത്.
റൂബിയും അമേരിക്കൻ പൗരാവകാശ പ്രവർത്തകയായിരുന്നു. മുഴുവൻ പേര് റൂബി നെൽ ബ്രിഡ്ജസ് ഹാൾ.
1960 നവംബർ 14-ന് ന്യൂ ഓർലിയൻസ് സ്കൂൾ വർണ്ണവിവേചന പ്രതിസന്ധിയുടെ നേരം. ലൂസിയാനയിലെ വെള്ളക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന വില്യം ഫ്രാന്റ്സ് എലിമെന്ററി സ്കൂളിൽ പഠിച്ച ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ കുട്ടിയായിരുന്നു റൂബി. നോർമൻ റോക്ക്‌വെല്ലിന്റെ 1964-ലെ “ദി പ്രോബ്ലം വി ഓൾ ലിവ് വിത്ത്” എന്ന പെയിന്റിംഗിന്റെ വിഷയവും റൂബിയായിരുന്നു.


റൂബി സ്കൂളിലേക്ക് നടക്കുന്ന ആ വിഖ്യാത ചിത്രത്തിന്റെ നിഴൽ രൂപത്തിന്റെ പശ്ചാത്തലത്തിൽ കമല ഹാരിസ് നടന്ന് പോകുന്നതായിട്ടാണ്, ബ്രിയ ഗോലർ എന്ന ഡിസൈനർ സങ്കൽപ്പിച്ചത്. അമേരിക്കയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് കമല ഹാരീസ്. ദക്ഷിണേഷ്യൻ വംശജയാണ്. 2020 നവംബറിൽ നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിലാണ് കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയത്. ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കമല ഹാരിസ് 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ആയി.
ഏതെങ്കിലുമൊരു പ്രധാന പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ആകുന്ന ആദ്യ കറുത്ത വർഗക്കാരി കൂടിയാണ് കമല ഹാരിസ്. 2024 നവംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെട്ടു. കമല 226 വോട്ട് നേടിയപ്പോൾ, 312 വോട്ടോടെ ട്രംപ് മുന്നിലെത്തുകയായിരുന്നു.
പറഞ്ഞ് വരുന്നത്, റൂബി സ്കൂളിലേക്ക് നടക്കുന്ന ആ വിഖ്യാത ചിത്രത്തിന്റെ നിഴൽ രൂപത്തെ കുറിച്ചാണ്. ആ പശ്ചാത്തലത്തിൽ കമല ഹാരിസ് നടന്ന് പോകുന്നതായിട്ടാണ് ബ്രിയ ഗോലർ എന്ന ഡിസൈനർ സങ്കൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലമായിരുന്നു. കമലയുടെ വിജയ ആശംസയെന്നോണം ആ കലാസൃഷ്ടിയോടൊപ്പം സിസ്റ്റർ റോസ് പാസെറ്റ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളെയാണ് ലോകം ഏറ്റെടുത്തത്. സിസ്റ്റർ റോസ് പാസറ്റ് യുഎസിലെ പൗളിൻ സെന്റർ ഓഫ് മീഡിയ സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറാണ്.
സ്ത്രീകളിലൂടെ മാറിമറിഞ്ഞ ഒരു രാജ്യത്തിന്റെ ചരിത്രം മുഴുവൻ വിവരിക്കുന്നത് കൊണ്ട് തന്നെയാണ് ആ വാചകം പ്രസക്തമാകുന്നത്.
‘റോസ ഇരുന്നു,
അതുകൊണ്ട് റൂബിക്ക് നടക്കാനായി;
കമലയ്ക്ക് ഓടിക്കയറാനും…’
Rosa sat, so Ruby could walk, so Kamala could run….
