
എന്റെ ബാല്യത്തില്‍ സംഗീതമെന്നാല്‍ ചുരുക്കം ചില വിശേഷ ദിവസങ്ങളില്‍ തെങ്ങിന്റെ മണ്ടയില്‍ ആരോ കെട്ടിവെച്ച കോളാമ്പിയില്‍ നിന്നും വരുന്ന…
“എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ…”
തുടങ്ങിയ പാട്ടുകളായിരുന്നു.. ഞങ്ങള്‍ അന്ന് രാമന്‍സാര്‍ എന്ന് എല്ലാവരും ബഹുമാനത്തോടെ കണ്ടിരുന്ന ഹെഡ്മാസ്റ്ററിന്‍റെ പേരില്‍ പാരഡിയുണ്ടാക്കി, ആരും കേള്‍ക്കാതെ പാടി രസിച്ചു..
എന്തതിശയമേ സാറിന്‍റെ മീശ, എത്ര മനോഹരമേ….
അതിനപ്പുറമുള്ള യാതൊരു സംഗീതസംസ്ക്കാരവും ജീവിതത്തില്‍ അന്നില്ലായിരുന്നു..
അങ്ങനെയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിക്കുന്നത്.. ലോകത്തെ (എന്ന് പറഞ്ഞാല്‍ എന്‍റെ ലോകത്തെ) കീഴ്മേല്‍ മറിച്ച സംഭവം.
ഇത്രയും ചരിത്രപ്രാധാന്യമുള്ള ആ തിയതി തങ്കലിപികളില്‍ അല്ലെങ്കിലും ഏതെങ്കിലും മതിലില്‍ കല്ലുകൊണ്ട് കോറിയിടാന്‍ തോന്നാത്തത്തില്‍ അതിയായ ദുഃഖമുണ്ട്. വര്‍ഷം 1965 ആണെന്ന് വിശ്വസിക്കുന്നു..
ആ സംഭവം എന്തായിരുന്നുവെന്നല്ലേ?
എന്‍റെ വീട്ടില്‍ ആദ്യമായി റേഡിയോ വന്നു..
റേഡിയോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കോട്ടയത്ത് നിന്നും വന്ന പയ്യന്‍, ഞങ്ങള്‍ ഗ്രാമീണര്‍ക്ക് മനസിലാകാത്ത എന്തൊക്കെയോ പറഞ്ഞു. ഏരിയല്‍ എന്നൊരു സാധനം എവിടെയൊക്കെയോ വലിച്ചുകെട്ടിയിട്ട് തന്‍റെ കൂലിയും വാങ്ങി അവന്‍ സ്ഥലം വിട്ടു.
പട്ടിക്ക് കിട്ടിയ മുഴുവന്‍ തേങ്ങയുടെ മുന്നില്‍ ഞാന്‍..
“വന്നയുടനെ അത് നശിപ്പിക്കരുതേ” എന്ന ആക്രോശം അവഗണിച്ചു..
ഏതാനും ആഴ്ചകള്‍കൊണ്ട് എന്തൊക്കെയോ പിടികിട്ടി…
മലയാളം പാട്ടുകള്‍ വൈകുന്നേരം കഷ്ടി അരമണിക്കൂര്‍ മാത്രമാണ് ലഭിക്കുന്നത്. അതും സന്ധ്യാപ്രാര്‍ത്ഥനയുടെ സമയത്ത്. ഈ നശിച്ച പ്രാര്‍ത്ഥന അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് മാറ്റിവച്ചാല്‍ എന്താ പ്രശ്നം?
പക്ഷെ, വീട്ടില്‍ അതാര്‍ക്കും സ്വീകാര്യമായി തോന്നിയില്ല. “എത്രയും ദയയുള്ള മാതാവേ” യാതൊരു ദയയും മയവും ഇല്ലാതെ അതിന്റെ സമയത്തുതന്നെ നടന്നു.
പകല്‍ മിക്ക സമയത്തും ഹിന്ദിപാട്ടുകള്‍ ഉണ്ട്. വിവിധ്ഭാരതി, റേഡിയോ സിലോണ്‍, ബിനാക്കാ ഗീത് മാല.
ഒരക്ഷരം തിരിയുന്നില്ല. എങ്കിലും പാട്ടുകള്‍ എന്തതിശയമേ രാമന്‍റെ മീശ മോഡല്‍ അല്ല. കേള്‍ക്കാന്‍ നല്ല രസം.. എന്താ താളമേളം.. ഗായകന്മാരുടെയും ഗായികമാരുടെയും ശബ്ദത്തിന് എന്ത് അഴകാണ്…
പിന്നീടാണ് മനസിലായത് – ഞാന്‍ ലതാ മങ്കേഷ്ക്കര്‍, മുഹമ്മദ് റഫി, തുടങ്ങിയവരെ താരതമ്യം ചെയ്തത് എന്റെ പള്ളിയില്‍ പാടുന്ന ചേട്ടന്മാരോടും ചേച്ചിമാരോടുമായിരുന്നു…
അങ്ങനെ കാലം മുന്നോട്ട് പോകുന്നു.. പ്രീഡിഗ്രിയ്ക്ക് സെക്കണ്ട് ലാങ്ഗ്വേജ് ഹിന്ദിയാണ്. ഹിന്ദിക്ലാസുകളില്‍ പഴയതിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. റേഡിയോയില്‍ പറയുന്നത് മനസിലാകണ്ടേ?
അങ്ങനെ ഹിന്ദി അനൌന്‍സര്‍മാര്‍ പറയുന്നത് ചിലതൊക്കെ മനസിലാകാന്‍ തുടങ്ങി. അങ്ങനെ ഗാനരചയിതാവും സംഗീതസംവിധായകനുമൊക്കെ രണ്ടാണെന്ന് മനസിലായി.
സാഹിര്‍ ലുധ്യാന്‍വി പാട്ടെഴുതുന്ന കക്ഷിയാണ്. നൌഷാദ്, റോഷന്‍, തുടങ്ങിയവര്‍ ഈണം നല്‍കുന്നവരാണ്..
സംഗീതസംവിധായകരില്‍ ഘടാഘടിയന്‍ നൌഷാദ് ആണെന്ന് ആരോ പറഞ്ഞുകേട്ടു. പക്ഷെ, എന്നെ വിസ്മയിപ്പിച്ചത് റോഷന്‍ ആയിരുന്നു..
അന്നൊക്കെ ആരുടെ ആരാധകനാകണം എന്ന് നോക്കിനടക്കുന്ന കാലമല്ലേ. ഞാന്‍ റോഷന്‍റെ ആരാധകനായി ( ഫാന്‍ എന്ന വാക്ക് അന്ന് പ്രചാരത്തിലില്ല ). കാലം കുറേക്കൂടി കഴിഞ്ഞപ്പോള്‍ എനിക്ക് തെറ്റിയില്ല എന്ന് മനസിലായി.
താജ്മഹല്‍, ബഹുബേഗം, ആരതി, ബര്‍സാത് കി രാത്, മമത, അങ്ങനെ എത്ര സിനിമയ്ക്ക് മത്തു പിടിപ്പിക്കുന്ന ഈണങ്ങള്‍ അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്..
റോഷന്‍റെ ആരാധകനായതില്‍ ഞാന്‍ ആരോടും പറയാതെ അഭിമാനിച്ചു നടന്നു. എന്‍റെ കൂട്ടുകാര്‍ ആര്‍ക്കും ഈവക കാര്യങ്ങള്‍ കേള്‍ക്കേണ്ട.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ ഇന്നും റോഷന്‍റെ ഫാനാണ്..
രാഷ്ട്രീയത്തില്‍ നമ്മളെല്ലാം “മക്കള്‍ നേതാക്കളെ” വെറുക്കുന്നു.. നമ്മളെല്ലാം എന്ന് പറയുന്നത് അത്ര ശരിയല്ലെന്ന് തോന്നുന്നു. മക്കള്‍ നേതാക്കന്മാരെ സന്തോഷത്തോടെ ചുമക്കുന്ന എത്രയോപേര്‍ നമ്മുടെയിടയില്‍ ഉണ്ട്. അവര്‍ ചുമക്കട്ടെ..
പക്ഷെ, സംഗീതമേഖലയില്‍ ചില “മക്കളെ” എനിക്കിഷ്ടമാണ്..
അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് രാജേഷ് റോഷന്‍..
അദ്ദേഹം കമ്പോസ് ചെയ്ത്, യേശുദാസ് പാടിയ “കാ കരൂം സജ്നീ” മലയാളികള്‍ എല്ലാം നെഞ്ചോട് ചേര്‍ത്ത പാട്ടല്ലേ? മലയാളികള്‍ മാത്രമല്ല വടക്കരും അത് നെഞ്ചോടുതന്നെയാണ് ചേര്‍ത്തത്.
പിന്നീട് ഞാന്‍ ഹിന്ദി സിനിമാഗാനങ്ങള്‍ കേള്‍ക്കാതായി, പുതിയ ആളുകളെ ആരെയും അറിയില്ല എന്ന നിലയിലുമായി. അങ്ങനെയിരുന്നപ്പോള്‍ പെട്ടെന്ന് എവിടെയോ ഒരു പാട്ട് കേട്ടു.
Ghar Se Nikalte Hi..ഖര്‍ സേ നികല്‍തേ ഹേ
ഞാന്‍ തരിച്ചുനിന്നു.
സംഗീതത്തെക്കുറിച്ച് അറിയാവുന്ന ഒരു സ്നേഹിതനോട് ആ പാട്ടിനെക്കുറിച്ച് ചോദിച്ചു..
അതിന്‍റെ രാഗമൊക്കെ പറഞ്ഞുതന്നു. ഇപ്പോള്‍ ഓര്‍മ്മയില്ല.
ഗായകന്‍ ഒരു നേപ്പാളിയാണ്. ഉദിത് നാരായണ്‍.
കമ്പോസര്‍…
അവിടെയാണ് ട്വിസ്റ്റ്..
എന്‍റെ സ്വന്തം റോഷന്‍റെ പ്രിയ പുത്രന്‍.. രാജേഷ് റോഷന്‍..
Lorem Ipsum has been the industry’s standard dummy text ever since the 1500s.

അലക്സ് കണിയാംപറമ്പിൽ