പി പി ചെറിയാൻ
ഷിക്കാഗോ: ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഷിക്കാഗോ മേയർ ആരോപിച്ചു.വാഷിംഗ്ടണിലെ നടപടികൾക്ക് ശേഷം അടുത്തത് ഷിക്കാഗോ ആണെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ്റെ പ്രതികരണം.
“പ്രസിഡന്റ് നിർദ്ദേശിക്കുന്നത് നമ്മുടെ ഭരണഘടനയുടെ ഏറ്റവും നഗ്‌നമായ ലംഘനമായിരിക്കും. ഷിക്കാഗോക്ക് ഒരു സൈനിക അധിനിവേശം ആവശ്യമില്ല. ട്രംപിന്റെ നയം അമേരിക്കൻ ജനതയെ ഭിന്നിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണ്.” – ജോൺസൺ X-ൽ കുറിച്ചു.
കൂടാതെ, സൈന്യത്തെ അയക്കുന്നതിന് പകരം നഗരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനിടെ ഷിക്കാഗോയിലെ കൊലപാതകങ്ങൾ 30% കുറഞ്ഞു, കവർച്ച 35% കുറഞ്ഞു, വെടിവെപ്പ് 40% കുറഞ്ഞു തുടങ്ങിയ കണക്കുകളും ജോൺസൺ പുറത്തുവിട്ടു.
എന്നാൽ, നഗരത്തിലെ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് പകരം തന്നെ വിമർശിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന ഡെമോക്രാറ്റുകൾ കാരണം അവിടുത്തെ ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ പറഞ്ഞു
P.P.Cherian BSc, ARRT(R) CT(R)
Freelance Reporter
Notary Public(State of Texas)
Sunnyvale,Dallas
PH:214 450 4107