സമീപ കാലത്ത് ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയം ഉണ്ടായിട്ടില്ല. ഇവർ ചെലുത്തിയ സ്വാധീനവും ചെറുതല്ല. അടിസ്ഥാന വർഗ്ഗത്തിന്റെ കലാരൂപമായ പറച്ചിൽ സംഗീതവുമായാണ് വെടനെന്ന ഹിരൺ ദാസ് മുരളി ശ്രദ്ധേയമാകുന്നത്. അതിൽ രാഷ്ട്രീയം കൂടി വന്നപ്പോൾ വിവാദമായി. ശേഷമാണ് ആ ചെറുപ്പക്കാരന് കൂടുതൽ പിന്തുണ ലഭിച്ചതെന്ന് പറഞ്ഞാൽ തെറ്റാകില്ല.
എന്തുകൊണ്ടാണ് വേടൻ വിവാദമായത്?
ജാതിയതയ്ക്കെതിരെ വേടൻ ശബ്ദം ഉയർത്തുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും അടിച്ചമർത്തപ്പെട്ട ജനതയുടെ വേദനകളെയും പ്രസ്താവിക്കുന്നുണ്ട്. മഹാന്മാരെന്ന് ലോകം വിശേഷിപ്പിക്കുന്ന മിക്കവരേയും വേടന്റെ വരികളിൽ കാണാം. ഇതിൽ അയ്യങ്കാളിയെ ഉദ്ധരിച്ചുകൊണ്ട് ജാതിയതയ്‌ക്കെതിരെ പറയാൻ ശ്രമിച്ച വരികളാണ് വിവാദങ്ങളുടെ മൂല കാരണം.
പുതിയ തലമുറ മറന്ന് തുടങ്ങിയ ജാതിയതയുടെ ഭീകരത വീണ്ടും സൃഷ്ടിച്ചുവെന്നതാണ് വെടനെ എതിർക്കുന്നവരുടെ ആശയം. ജാതിമത വേർതിരിവുകൾ ഭയപ്പെടും വിധം ഇപ്പോഴുമുണ്ടെന്ന് പിന്തുണയ്ക്കുന്നവരും അഭിപ്രായപ്പെടുന്നു. രണ്ട് വാദങ്ങളിലും കഴമ്പ് ഇല്ലാതേയില്ല. എന്നാൽ, അറിഞ്ഞിട്ടും അറിയാത്തത് പോലെ മനുഷ്യർ ഭാവിക്കുന്ന ഒരു വസ്തുതയുണ്ട്. ആ പണമെന്ന പ്രാണനെയാണ് പറയാൻ ശ്രമിക്കുന്നത്.
വ്യത്യസ്ത മനോഭാവമുള്ള മനുഷ്യർ അതിലും വ്യത്യസതരായവരുമായി കൂട്ടുകൂടി തുടരുന്നതാണ് സമൂഹം. അതായത്, കാണുമ്പോൾ ഒരു കുടക്കീഴിലാണെന്ന് തോന്നുമെങ്കിലും ചെന്ന് നോക്കിയാൽ കുടയുടെ താഴെ എത്രയോ കുടകളെ കാണാൻ സാധിക്കും. ഓരോ കുടയും പണമെന്ന വേലികളാൽ വേർതിരിക്കപ്പെട്ടിട്ടുമുണ്ടാകും.
പറഞ്ഞ് വരുന്നത്. ഇന്നിന്റെ യഥാർഥ്യത്തിൽ ജാതിമതദൈവ വിശ്വാസങ്ങളൊക്കെ മനുഷ്യന്റെ പ്രഹസനങ്ങളാണ്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നമ്മുക്കത് മനസ്സിലാകും. നമ്മളൊക്കെ ഇത്രേയുള്ളൂവെന്ന്…
ആ ബോധ്യം ബോധത്തിൽ ഉള്ളവർ പിന്നീടും വേർതിരിവുകൾ പറഞ്ഞ് ഏറ്റുമുട്ടുന്നുണ്ടെങ്കിൽ ഒരേയൊരു കാരണമേയുള്ളൂ… സമ്പത്ത്. സമ്പത്തുള്ളവന്റെ ജാതി ഇവിടെയാർക്കും വിഷയമല്ല. പണം ഉള്ളവരും ഇല്ലാത്തവരുമായേ സാമൂഹിക ജീവിതത്തിൽ മനുഷ്യർ വേർതിരിക്കപ്പെടുന്നുള്ളൂ…
സമ്പത്തെന്ന് വന്നാൽ ഉള്ളവൻ ഇല്ലാത്തവനെ പരിഹസിക്കുന്നില്ലായെന്ന് പറയുന്നില്ല. അടിച്ചമർത്തുന്നുമുണ്ട്. അതുപോലെ, ഇല്ലാത്തവൻ ഉള്ളവനോടും പല്ല് ഇറുമ്മുന്നുണ്ട്. ഇത്തരം വിഷയങ്ങൾ പരിധിവിട്ട് പോകാത്തത് നിയമ സംവിധാനങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ്. അപ്പോൾ പിന്നെ അത്തരം അമർഷങ്ങൾ പ്രകടിപ്പിച്ച് പരസ്പരം മുരളാൻ മനുഷ്യർക്ക് കാരണങ്ങൾ വേണം. ജാതികൾ വേണം… മതങ്ങൾ വേണം… ദൈവങ്ങൾ വേണം…
ഈ കാലത്തും ഇത്തരം വിഷയങ്ങളെ നാടിന് കേൾക്കേണ്ടി വരുന്നുണ്ടല്ലോയെന്ന് പറയുമ്പോൾ പ്രയാസമുണ്ട്. ശബ്ദം ഉയരേണ്ടത് പണ വേർതിരിവിനെ കുറിച്ചാണ്. ജന്മം കൊണ്ട് ഒരു മനുഷ്യനെ സമ്പന്നനും, പരമ ദരിദ്രനുമാക്കുന്ന വിവേചനത്തിനെ കുറിച്ചാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ഇഴയുന്നവർക്കായി പരിഷ്ക്കരിക്കേണ്ട പുതിയ ഭൂ നയത്തെ കുറിച്ചാണ്. ഇതൊന്നും സാധാരണ ബുദ്ധിക്ക് മനസ്സിലാകാത്ത വസ്തുതയൊന്നുമല്ല. എന്നിട്ടും ജാതിമത ചിന്തകളെ രാഷ്ട്രീയക്കാർ ഹൈലൈറ്റ് ചെയ്യുന്നുണ്ടെങ്കിൽ മനുഷ്യരെ ചേരി തിരിച്ച് നിർത്താനുള്ള വോട്ട് രാഷ്ട്രീയ തന്ത്രങ്ങൾ മാത്രമാണ്.
എന്തിന് വേണ്ടി?
അധികാരത്തിനെന്നും സേവനത്തിനെന്നും പറയാമെങ്കിലും അതും വന്ന് നിൽക്കുന്നത് സമ്പത്തിൽ തന്നെയായിരിക്കും. മനുഷ്യർ അത്രത്തോളം ധന കേന്ദ്രീകൃതമായിരിക്കുന്നു. അത് സാധൂകരിക്കുന്നതാണ് രാഷ്ട്രീയ പ്രവർത്തകൻ കൃഷ്ണകുമാറിന്റെ മകളുമായി ബന്ധപ്പെട്ട വിഷയം. പ്രസ്തുത സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് കാട്ടിയ മൂന്ന് പെൺകുട്ടികൾ. ജാതിപറഞ്ഞ് കള്ളത്തരം മറയ്ക്കാൻ ശ്രമിച്ചവരെ നാട് ഒന്നാകെ തള്ളിക്കളഞ്ഞിരിക്കുന്നു. വേടനുമായി ഉയർന്ന് വന്ന പല വിവാദങ്ങൾക്കുമുള്ള വ്യക്തതയാണ് സാഹചര്യം പറയാതെ പറഞ്ഞത്. പണമെന്ന് വന്നാൽ മനുഷ്യർ ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ… ഒരു വേർതിരിവ് സിദ്ധാന്തവും അവിടെ ഏൽക്കില്ല. കാരണം, ഏത് വേർതിരിവിന്റെയും മൂലകാരണം പണം മാത്രമാണ്. അങ്ങനെ അല്ലെന്ന് കരുതുന്ന ആൾക്കാർ ആയിരത്തിൽ ഒന്നെന്ന കണക്കിൽ പോലും ഉണ്ടാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യരാണ്. സമ്പത്തിനോടുള്ള മനോഭാവമാണ് മാറ്റേണ്ടതും. മാറേണ്ടതും. മാറുന്ന കാലം വരെ വേർതിരിവിനും അപ്പുറം, അരുതാത്തതെല്ലാം നമ്മളിൽ പതിവായി അരങ്ങേറും…
ശ്രീജിത്ത് ഇരവിൽ
Usamalayalee.com