തിരുവനന്തപുരം : സോഷ്യൽ മീഡിയയുടെ വളർച്ചയോടെ ആരോഗ്യ രംഗത്ത് ഒരു പുതിയ പ്രവണത ശക്തമായി ഉയർന്നുവരുകയാണ് – റീലുകൾ, ഷോർട് വീഡിയോകൾ, ലൈവ് സെഷനുകൾ എന്നിവയിലൂടെ രോഗങ്ങൾക്ക് പ്രതിവിധി വാഗ്ദാനം ചെയ്യുന്ന ഡോക്ടർമാർ. ഇതിൽ പലർക്കും യഥാർത്ഥ മെഡിക്കൽ ബിരുദമോ, ഔദ്യോഗിക രജിസ്ട്രേഷനോ ഇല്ല. എന്നാൽ അവർ `ഡോക്ടർ ‘ എന്ന ടൈറ്റിൽ ഉപയോഗിച്ച് ആളുകളെ സ്വാധീനിക്കുകയും, പലപ്പോഴും നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ വീട്ടിൽ ചികിത്സ” എന്ന വാഗ്ദാനങ്ങളോടെ ആളുകളെ ആകർഷിക്കുകയും ചെയ്യുന്നു.
27 വയസ്സുള്ള ഒരു യുവാവ് സോഷ്യൽ മീഡിയയിൽ കണ്ട ഒരു ഹോമിയോപതിക് “ഡോക്ടറുടെ” നിർദേശപ്രകാരം മരുന്ന് ഉപയോഗിച്ചു. തുടർന്നുണ്ടായ അലർജിക് റിയാക്ഷൻ അദ്ദേഹത്തെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്തിച്ചു. പിന്നീട് കണ്ടെത്തിയതാണത് – ഇത് ഒരു രജിസ്റ്റർ ചെയ്ത ഡോക്ടറല്ല, ഇൻസ്റ്റഗ്രാമിൽ ഹെൽത്ത് ഇൻഫ്ലുവൻസറായിരുന്ന ഒരാളാണ് എന്ന്. ഇങ്ങനെ വ്യാജ പ്രതിനിധാനങ്ങൾ ആളുകളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്തുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കി മാറ്റുകയാണ്.
സോഷ്യൽ മീഡിയ “ലൈക്”, “വ്യൂസ്”, “ഫോളോവേഴ്‌സ്” എന്നിവയുടെ ലോകമാണ്. അതിനാൽതന്നെ അതിൽ ഉള്ള വിശ്വാസ്യത എല്ലായ്പ്പോഴും വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളിൽ നിലനിൽക്കണമെന്നില്ല. കൂടുതൽ പ്രഭാഷണശൈലി, സെൽഫ് ബ്രാന്റിംഗ്, ഒപ്പം ഒരു ആകർഷകമായ ടോൺ – ഇതൊക്കെയാണ് പല “റീൽ ഡോക്ടർമാരുടെയും” ഏറ്റവും ശക്തമായ ആയുധം. എന്നാൽ അവരുടെ തെറ്റായ നിർദ്ദേശങ്ങൾ ജീവിതം വരെ തകർക്കാൻ സാധ്യതയുള്ളതാണ്.
വാസ്തവത്തിൽ, യഥാർത്ഥ മെഡിക്കൽ പ്രാക്ടീഷണർമാരെ തിരിച്ചറിയുന്നത് വലിയ വിഷമമല്ല. അവർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI), AYUSH, ഹോമിയോ കൗൺസിൽ തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. ഇത്തരം പ്രൊഫഷണലുകൾ പൊതുവെ അവരുടെ പ്രാക്ടീസ് ചെയ്തിടങ്ങളിൽ കൃത്യമായ രജിസ്‌ട്രേഷൻ നമ്പറും യോഗ്യതയും വ്യക്തമാക്കാറുണ്ട്. അതിനാൽ, സോഷ്യൽ മീഡിയയിലൂടെയോ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയോ ലഭ്യമായ ഒരു ഡോക്ടറുടെ സേവനം ഉപയോഗിക്കുന്നതിന് മുൻപ്, അവരുടെ ആധികാരികത പരിശോധിക്കുക എന്നത് അടിയന്തരമായ ആവശ്യമാണ്.ഇന്നത്തെ ഡിജിറ്റൽ ലോകത്ത് റീലും റിയലും തമ്മിലുള്ള അതിർത്തി തന്നെ ഇല്ലാതാകുന്നു. ആരോഗ്യം പോലുള്ള അതീവ ഗൗരവമുള്ള വിഷയത്തിൽ, ഈ അതിർത്തി വ്യക്തമായി തിരിച്ചറിയാൻ ഓരോ വ്യക്തിയും ബോധപൂർവമായ പരിശ്രമം നടത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ ഷോർട് കട്ടുകൾ എടുക്കാതിരിക്കുക. റീൽ ചികിത്സയുടെ ആകർഷണങ്ങൾക്ക് പിന്നിൽ ഉണ്ടാകാവുന്ന റിയൽ ദുരന്തം മനസ്സിലാക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്.
#usa malayalee
#Arsha vijayan. L