Home Keralaമൂന്നാറിനെ തകര്‍ത്ത വെള്ളപ്പൊക്കത്തിന്‌ 101 വയസ്‌

മൂന്നാറിനെ തകര്‍ത്ത വെള്ളപ്പൊക്കത്തിന്‌ 101 വയസ്‌

by admin
0 comments

മൂന്നാര്‍: 1924 ജൂലൈ മാസം പതിനഞ്ചാം തീയതി പുലര്‍ച്ചെ പച്ചവിരിച്ച തേയില ത്തോട്ടങ്ങള്‍ക്ക്‌ നടുവിലെ തൊഴിലാളി ലയങ്ങളില്‍നിന്നും തേയില നുള്ളുന്നതിനായി തൊഴിലാളികള്‍ ഇറങ്ങി.മഴക്കാലമാണ്‌ അതിനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടു മുണ്ട്‌. കുറച്ച്‌ ആശ്വാസം ഉണ്ടായിരുന്നത്‌ മൂന്നാറിന്റെ കിഴക്ക്‌ ഭാഗത്തുള്ള എസ്‌റ്റേറ്റുകളില്‍ ആയിരുന്നു. കുണ്ടള, എല്ലപ്പെട്ടി, ചെണ്ടുവരൈ, ചുറ്റുവാരൈ എസ്‌റ്റേറ്റുകളില്‍ പൊതുവേ മഴ കുറവാണ്‌ ലഭിച്ചിരുന്നത്‌.

എന്നാല്‍ പൊടുന്നനെ മാനം ഇരുണ്ടുകൂടി, എല്ലാ കാലങ്ങളിലും കുറവ്‌ മഴ ലഭിച്ചിരുന്ന കിഴക്കന്‍ മേഖലയില്‍ മഴ നിറഞ്ഞാടി. രാവിലെ 10 ന്‌ തന്നെ കൊളുന്ത്‌ നുള്ളാന്‍ കഴിയാതെ തൊഴിലാളികള്‍ വീണ്ടും ലയങ്ങളിലേക്ക്‌ മടങ്ങിപ്പോയി. ഇതാണ്‌ മൂന്നാറിന്റെ മുഖംതന്നെ മാറ്റിയ 99 ലെ വെള്ളപ്പൊ ക്കത്തിന്റെ തുടക്കം. സംസ്‌ഥാനത്ത്‌ ഒട്ടാകെ കര്‍ക്കിടകം ഒന്നിനാണ്‌ മഴ കനത്തത്‌. നാലിന്‌ അത്‌ പ്രളയമായി മാറിയെന്നും ചരിത്രം പറയുന്നു. എന്നാല്‍ മൂന്നാറിന്റെ കിഴക്കന്‍ മേഖലയില്‍ കര്‍ക്കിടകം പിറന്നത്‌ തലേന്ന്‌ അതായത്‌ മിഥുനം 32ന്‌ (1924 ജൂലൈ 15ന്‌). മഴ കനത്ത്‌ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പല സ്‌ഥലങ്ങളിലും ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായി. ഇങ്ങനെ ഇടിഞ്ഞെത്തിയ കല്ലും മണ്ണും പാറയും മരങ്ങളും എല്ലാം മാട്ടുപ്പെട്ടിയില്‍ രണ്ട്‌ മലകള്‍ക്ക്‌ നടുവിലായി അടി ഞ്ഞുകൂടി കൃത്രിമ അണക്കെട്ടും മാട്ടുപ്പെട്ടി തടാകവും രൂപപ്പെട്ടു.

അതോടെ അന്നത്തെ മാര്‍ക്കറ്റും കടകളും തൊഴിലാളി ലയങ്ങളും മുങ്ങിപ്പോയി. മാട്ടുപ്പെട്ടി തേയിലഫാക്‌ടറിക്ക്‌ ചുറ്റും പുഴയെന്ന പോലെ വെള്ളം എത്തി. ഇത്രയും ജലത്തെ താങ്ങിനിര്‍ത്താന്‍ പ്രകൃതിതന്നെ ഉണ്ടാക്കിയ തടയണയ്‌ക്ക് കഴിഞ്ഞില്ല, മഴ കനത്തു. തടയണ പൊട്ടി.. ബ്രിട്ടീഷുകാര്‍ സ്വപ്‌നഭൂമിയായി പണികഴിപ്പിച്ച മൂന്നാര്‍ പട്ടണം ആ ജല ഭീകരതയ്‌ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ജൂലൈ 18 ന്‌ വൈകിട്ട്‌ അഞ്ചരയോടുകൂടി മൂന്നാര്‍ മരക്കാര്‍ ബില്‍ഡിങ്‌ വെള്ളത്തിലായി. ഇപ്പോഴത്തെ പഴയ മൂന്നാറിലുള്ള തേയില ഫാക്‌ടറിയിലെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചതുകൊണ്ട്‌ വന്‍ ദുരന്തം ഒഴിവായെന്നും ചരിത്രം ഓര്‍മിപ്പിക്കുന്നു. മൂന്നാര്‍ സപ്ലൈ അസോസിയേഷന്‍ എന്ന എം.എസ്‌.എ നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം മൂടാന്‍പോകുന്നു എന്നറിഞ്ഞ മാനേജരും തൊഴിലാളികളും കൈയില്‍ കിട്ടിയ സാധനങ്ങളുമായി കെട്ടിടത്തിന്‌ മുകളില്‍ കയറിനിന്നാണ്‌ ജീവന്‍ രക്ഷിച്ചത്‌.

കനത്ത മഴയില്‍ മാട്ടുപ്പെട്ടിക്ക്‌ പുറമേ പെരിയവരൈ ഭാഗത്തും കൃത്രിമ തടാകം രൂപപ്പെട്ടു. ഈ ജലം കൂടി ഒഴുകിയെ ത്തിയപ്പോള്‍ ഇന്നത്തെ ഹെഡ്‌വര്‍ക്‌സ് ഡാം സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തും മറ്റൊരു കൃത്രിമ തടയണ രൂപപ്പെട്ടു. ഈ തടയണയ്‌ക്കും ജലപ്രഭാവത്തെ തടഞ്ഞുനിര്‍ത്താന്‍ ആയില്ല. ഇതോടെ പള്ളിവാസല്‍ വരെയുള്ള ഭാഗങ്ങളിലെ നിരവധി ഭാഗങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി.

ഈ പ്രളയത്തിലും മണ്ണിടിച്ചിലിലും ആണ്‌ ഇന്ന്‌ നമ്മള്‍ കണ്ട്‌ ആസ്വദിക്കുന്ന ആറ്റുകാട്‌ വെള്ളച്ചാട്ടം ഉണ്ടായത്‌. അന്നത്തെ കണ്ണന്‍ ദേവന്‍ കമ്ബനിയുടെ മാനേജര്‍ ആയിരുന്ന എ.എഫ്‌.എഫ്‌ മാര്‍ട്ടിന്‍ സായിപ്പിന്റെ ഭാര്യ വയലറ്റ്‌ മാര്‍ട്ടിന്‍ മദാമ്മയുടെ 1924 സൈക്ലോണ്‍ എന്ന വിവരണത്തില്‍ മൂന്നാര്‍ പ്രളയത്തിന്റെ ദൃശ്യങ്ങള്‍ അതുപോലെ വ്യക്‌തമാണ്‌. എത്ര പേര്‍ മരിച്ചുവെന്നോ എത്ര പേര്‍ ഒഴുകിപ്പോയെന്നോ കണക്കുകള്‍ ലഭ്യമായിരുന്നില്ല. കാട്ടുമൃഗങ്ങളോടും പകര്‍ച്ച വ്യാധികളോടും പടവെട്ടി മണ്ണില്‍ പൊന്നുവിളയിച്ച നിരവധി പേര്‍ ജീവനറ്റ ശരീരങ്ങളായി പെരിയാറിലൂടെ ഒഴുകി അറബിക്കടലില്‍ എത്തിയെന്ന വരികള്‍ ഇപ്പോഴും മൂന്നാറുകാരുടെ കണ്ണുനിറയ്‌ക്കും.

സമുദ്രനിരപ്പില്‍നിന്നും 6000 അടി ഉയരത്തിലുള്ള മൂന്നാര്‍ പട്ടണത്തെ മൂന്നാഴ്‌ച കൊണ്ട്‌ 480 സെന്റീമീറ്റര്‍ കണക്കില്‍ പെയ്‌ത മഴ തകര്‍ത്തെറിഞ്ഞപ്പോള്‍, ആ പ്രളയം മായിച്ചു കളഞ്ഞത്‌ അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്റെ പല പ്രധാന ചരിത്ര രേഖകളും നശിച്ചു പോയത്‌ ഈ പ്രളയ കാലത്താണെന്നും പറയപ്പെടുന്നു.

You may also like

Leave a Comment