Home Articlesമുയലുകൾ കയ്യേറിയ ആസ്ട്രേലിയ

മുയലുകൾ കയ്യേറിയ ആസ്ട്രേലിയ

by admin
0 comments

1787-ൽ യൂറോപ്പിൽ നിന്നുള്ള ആദ്യ ത്തെ കപ്പൽ വരുന്നതുവരെ ആസ്ട്രേലിയയിൽ മുയലുകൾ ഇല്ലായിരുന്നു. ആദ്യ കപ്പലിൽ യൂറോപ്യന്മാർ ആസ്ട്രേലിയയിലേക്ക് കൊണ്ടുവന്നത് വീട്ടിൽ വളർത്തുന്ന മുയലുകളെ ആയിരുന്നു. ഭക്ഷണത്തിനായി അവയെ കൂട്ടിലിട്ട് വളർത്തി. ഈ മുയലുകൾ ആസ്ത്രേലിയൻ പരിസ്ഥിതിയ്ക്ക് കാര്യമായ ആഘാതമൊന്നും ഏൽപ്പിച്ചില്ല. പല യൂറോപ്യൻ കുടിയേറ്റക്കാരും ഏകദേശം 70 വർഷത്തിനുള്ളിൽ പല പല ഘട്ടങ്ങളിലായി മുയൽ കുഞ്ഞുങ്ങളെ കൊണ്ടുവരുകയും ഭക്ഷണത്തിനും വിനോദവേട്ടയ്ക്കും ആയി അവയെ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ 1859 ൽ തോമസ് ഓസ്റ്റിൻ എന്നൊരാൾ

അയാളുടെ എസ്റ്റേറ്റിലേക്ക് കാട്ടുമുയലുകളേയും വീട്ടുമുയലുകളേയും ഒന്നിച്ചു കൊണ്ടുവന്ന് കൂട്ടിലടയ്ക്കാതെ എസ്റ്റേറ്റിൽ മേയാൻ വിട്ടു. മുയൽ വേട്ടയായിരുന്നു അയാളുടെ വിനോദം. ഇതിനു ശേഷമാണു ആസ്ത്രേലിയൻ മുയലുകളുടെ എണ്ണം അപകടകരമായി കൂടിയത് എന്ന് സ്ഥിതിവിവര കണക്കുകൾ പറയുന്നു.

പിന്നീട് ഈ മുയലുകൾ ആസ്ത്രേലിയ മുഴുവൻ ജൈവ അധിനിവേശം (biological invasion) നടത്തുകയും ഇരുന്നൂറോളം സസ്യ-ജീവിവർഗങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയും ചെയ്തു. ആസ്ത്രേലിയൻ പരിസ്ഥിതിയെ അപായകരമായ രീതിയിൽ നശിപ്പിക്കുകയും കാർഷിക വ്യവസായത്തിന് വളരെയധികം സാമ്പത്തിക നാശം ഉണ്ടാക്കുകയും ചെ യ്യുകയാണു ഈ മുയൽക്കുഞ്ഞുങ്ങൾ. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ജൈവ അധിനിവേശമാണ് യൂറോപ്യൻ മുയലുകൾ ആസ്ത്രേലിയയിൽ നടത്തിയത്. മുയൽ നിയന്ത്രണത്തിന് ധാരാളം പണം ആസ്ത്രേലിയൻ സർക്കാറിന് അതിനാൽ ഇപ്പോൾ വിനിയോഗിക്കേണ്ടി വരുന്നു. ചില സംസ്ഥാനങ്ങളിൽ മുയലുകളെ ഓമനമൃഗങ്ങളായി വളർത്തുന്നതിനു പോലും ഇപ്പോൾ നിലവിൽ നിരോധനമുണ്ട്.

എങ്ങനെയാണ്, അല്ലെങ്കിൽ എന്തുകൊണ്ടാണ് ഈ യൂറോപ്യൻ മുയലുകൾക്ക് ആസ്ട്രേലിയയിൽ ഇത്രവലിയ അധിനിവേശം നടത്താനായത് എന്നതാണു സയൻസ് അന്വേഷിക്കുന്നത്. ആസ്ട്രേലിയ, ന്യൂസിലാൻ്റ്, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ മുയലുകളുടെ ജനിതക വിശകലനം നടത്തിക്കൊണ്ടുള്ള ഏറ്റവും പുതിയ പഠനം കണ്ടെത്തിയത് ആസ്ട്രേലിയൻ മുയലുകൾക്കെല്ലാം ഒരേപോലെയുള്ള ജനിതകമാണെന്നാണു്. ഇതാകട്ടെ കാട്ടുമുയലുകളുടേയും നാട്ടു മുയലുകളുടേയും ജനിതകം കൂടിചേർന്നതുമാണ്. അമ്മയിൽ നിന്നും വരുന്ന മൈറ്റോകോണ്ഡ്രിയൽ ഡി.എൻ.എ പഠനം നടത്തിയപ്പോൾ മുഴുവൻ ആസ്ട്രേലിയൻ മുയലുകളും യൂറോപ്പിൽ നിന്നും വന്ന വെറും 5 പെൺമുയലുകളുടെ സന്തതിപരമ്പരയാണെന്നും കണ്ടു. അതായത് തോമസ് ഓസ്റ്റിൻ വേട്ടവിനോദത്തിനായി കൊണ്ടുവന്ന കാട്ടുമുയലുകളൂടേയും നാട്ടുമുയലുകളുടേയും സങ്കരജാതിയാണു ഈ കടന്ന് കയറ്റം ഉണ്ടാക്കിയത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും മാളങ്ങൾ തുരന്ന് വാസസ്ഥലം ഉണ്ടാക്കാനും നാട്ടുമുയലുകളേക്കാൾ മിടുക്ക് കാട്ടുമുയലുകൾക്കാണു. അത്തരം ജീനുകളും നാട്ടുമുയലുകളുടെ ജീനുകളും ചേർന്നുണ്ടായ പുതിയ സങ്കരയിനം, ആസ്ട്രേലിയൻ പ്രകൃതിയിൽ കൂടുതൽ ഇണങ്ങിച്ചേരുകയും പെറ്റുപെരുകി ആസ്ത്രേലിയ മുഴുവൻ വ്യാപിക്കുകയും ചെയ്തു

എന്താണു ഇത്തരം പഠനങ്ങളുടെ പ്രസക്തിയെന്ന് കരുതുന്നുണ്ടാകും .
കാട്ടുമുയലുകളും നാട്ടുമുയലുകളും ചേർന്ന സങ്കരയിനം രൂപപ്പെട്ടതാണ് യൂറോപ്യൻ മുയലുകളുടെ ആസ്ട്രേലിയൻ അധിനിവേശം സാധ്യമാക്കിയത്. പ്രതികൂല പരിസ്ഥിതിയിലും മുയലുകൾ പെറ്റുപെരുകാൻ അവസരമുണ്ടായി. ഇതിനെ എല്ലാം തികഞ്ഞ കൊടുങ്കാറ്റ് (Perfect storm) എന്ന് പറയാം. അതായത് ശരിയായ സ്ഥലത്ത് ശരിയായ സമയത്ത്, ശരിയായ പരിസ്ഥിതി മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ അതിന് യോജിച്ച ജീവനുകൾ രംഗം കയ്യടക്കും.

(reference : LUCA SCIENCE ARTICLE)

usamalayalee.com

You may also like

Leave a Comment