Home Articlesമാറുന്ന ലോകം, മാറാത്ത ലോകം…

മാറുന്ന ലോകം, മാറാത്ത ലോകം…

by admin
0 comments

മാറുന്ന ലോകം, മാറാത്ത ലോകം

എനിക്കന്ന് പതിനേഴ്‌ വയസ്. മധുരപ്പതിനേഴ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. ഞങ്ങളുടെ കൌമാരകാലത്തിന് ഒട്ടും മധുരമില്ലായിരുന്നു…

പറഞ്ഞുവരുന്നത് ഒരു സിനിമയെക്കുറിച്ചാണ്. എം.ടി.യുടെ തൂലികയില്‍ പിറന്ന “നഗരമേനന്ദി” സംവിധാനം വിന്സന്റ് മാഷ്‌. സിനിമാട്ടോഗ്രാഫിയില്‍ മാന്ത്രികന്‍ എന്ന സല്പേര് എടുത്തതിന് ശേഷമാണ് അദ്ദേഹം സംവിധായകനായത്. ആ കരസ്പര്‍ശം അദ്ദേഹത്തിന്റെ എല്ലാ സിനിമയിലും കാണും.. മുറപ്പെണ്ണ്,, ഭാഗവീനിലയം, തുടങ്ങിയ അദ്ദേഹത്തിന്റെ കുറെ സിനിമകള്‍ കണ്ട് അങ്ങേരോട് കടുത്ത ആരാധനയുമായി നടക്കുന്ന കാലം.

അങ്ങനെ നഗരമേനന്ദി പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.. അന്നൊന്നും ആരും സിനിമ വെറുതെ പോയി കാണില്ല. കാശിന് നല്ല വിലയുള്ള കാലമല്ലേ. ഗവേഷണം ചെയ്യും.

പടം ഇറങ്ങുന്നതിനു മുന്നേ “മഞ്ഞണിപ്പൂനിലാവ്” എന്ന ജാനകിയുടെ പാട്ട് വന്‍ഹിറ്റ്‌.

ഇതൊന്നുമായിരുന്നില്ല 1967 ഒക്ടോബർ 5-ന് റിലീസ് ചെയ്ത സിനിമയുടെ മുഖ്യ ആകര്‍ഷണം.

അതില്‍ കുറെ സീനുകള്‍ രണ്ടു ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്..

അമ്പമ്പോ..

എന്റെ നോട്ടത്തില്‍ സായിപ്പിന്റെ ഹോളിവുഡില്‍ പോലും ഇത്തരമൊരു സാഹസം ആരും ചെയ്തുകാണില്ല..

മലയാളിയാണെടാ

വീട്ടില്‍ കുരുമുളക് പറിച്ചും, കപ്പയ്ക്ക് കിളച്ചും പൈസയുണ്ടാക്കി സിനിമപോയി കണ്ടു. എന്തൊരത്ഭുതം.

വര്ഷം 58 കഴിഞ്ഞു.. ഇന്ന് കുട്ടികള്‍ ടിക്ടോക്ക് വീഡിയോ ചെയ്യുന്നത് രണ്ടുംമൂന്നും ക്യാമറ ഉപയോഗിച്ചാണ്…

ലോകം എത്ര മാറിപ്പോയി..

ഒരു സ്മാര്‍ട്ട്ഫോണ്‍ വന്നപ്പോള്‍ എന്തെല്ലാം ഗംഭീര സാധനങ്ങള്‍ ഷെഡില്‍ കയറി? ടോര്‍ച്ച്, ക്യാമറ, വോയിസ്‌ റെക്കോഡര്‍, ടൈംപീസ്‌, അലാറം, സ്റ്റോപ്പ് വാച്ച്. എണ്ണിയാല്‍ ഒടുങ്ങാത്തവ പലതും മാര്‍ക്കറ്റില്‍ നിന്നും അപ്രത്യക്ഷ്യം.

അന്നൊക്കെ പത്രങ്ങളില്‍ പെയിഡ് പരസ്യങ്ങള്‍ വരുമായിരുന്നു..

—–സ്വദേശി, ഇന്ന വീട്ടിലെ ചാക്കോയുടെയും അച്ചാമ്മയുടെയും സുപുത്രന്‍, ജോസഫ്‌…… നാളെ കപ്പലില്‍ ഉപരിപഠനത്തിനായി ബോംബെയില്‍നിന്നും അമേരിക്കയിലേയ്ക്ക് തിരിക്കുന്നു…

നമ്മുടെ യാത്രാശൈലി എത്ര മാറി.

എല്ലാ നാട്ടിലും ഒരു കണിയാന്‍ ഉണ്ടാവും (എന്റെ വീട്ടുപേര് കാരണം എനിക്ക് കണിയാന്‍ എന്നൊരു വിളിപ്പേരുണ്ടായിരുന്നു). പിള്ളേര്‍ക്ക് അസുഖം വന്നാല്‍ കണിയാനെ ചെന്നുകാണും. അയാള്‍ പറമ്പില്‍ ഒന്ന് കറങ്ങി കുറെ പച്ചിലകള്‍ പറിച്ചുകൊണ്ടുവരും. അതായിരുന്നു അന്നത്തെ ചികിത്സ.

കാലം കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ അലോപ്പതി ആശുപത്രികളും ഡാക്കിട്ടരും അപ്പോത്തിക്കിരിയും ഉണ്ടായി. അത്തരം ആശുപത്രികളില്‍ മൂന്നു നിറങ്ങളിലുള്ള മിച്ചറുകള്‍ വലിയ ഭരണികളില്‍ ഉണ്ടാവും. അതിലൊരെണ്ണം കിട്ടും.

അന്നത് സര്‍വരോഗസംഹാരി ആയിരുന്നു.. ശരിക്കും Panacea. ഇന്ന് നമ്മുടെ ചികിത്സാരീതി എവിടെയെത്തി നില്‍ക്കുന്നു.. ആലോചിച്ചാല്‍ മതിയല്ലോ..

പറഞ്ഞുപറഞ്ഞ് ഇതിനെ ഒരു മഹാപ്രബന്ധമാക്കുന്നില്ല. നമ്മുടെ വസ്ത്രധാരണം, വിദ്യാഭ്യാസം, ഇതിലൊക്കെ എന്തൊക്കെ മാറ്റങ്ങളാണ് വന്നത്!

ഇത്രയേറെ മാറിയ അത്യാധുനികന്‍ ഇന്നും യാത്രയ്ക്കിറങ്ങുമ്പോള്‍ കണ്ടംപൂച്ച വിലങ്ങം ചാടിയാല്‍ ഒന്ന് ശങ്കിക്കും.

കോടികള്‍ മുടക്കിപണിത വീടിന്റെ തെക്കുവശത്തെ ജനല്‍ അപകടമാണെന്ന് ഒരു വാസ്തുവിദ്വാന്‍ പറഞ്ഞാല്‍ ചിലരെങ്കിലും ഒന്ന് കിടുങ്ങും.

മതത്തിലേയ്ക്ക് കടക്കുന്നില്ല.. അങ്ങോട്ട്‌ കടന്നാല്‍ കുരുപൊട്ടാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ അതൊക്കെ വായിക്കുന്നവരുടെ ഭാവനയ്ക്ക് വിട്ടുതരുന്നു..

ലോകം മാറിക്കൊണ്ടിരിക്കും. പക്ഷെ, ചിലതിനൊന്നും ഒരു മാറ്റവും ഉണ്ടാവില്ല..

അല്ല, എല്ലാം മാറണമെന്ന് എന്തിനാ ഇത്ര നിര്‍ബന്ധം?

usamalayalee.com

You may also like

Leave a Comment