Home Articlesമനുഷ്യനെ തമ്മിലകറ്റുന്ന ഈ കുഷ്ടങ്ങള്‍ സൗഖ്യമാക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മനുഷ്യനെ തമ്മിലകറ്റുന്ന ഈ കുഷ്ടങ്ങള്‍ സൗഖ്യമാക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

by admin
0 comments

സറായനായ യേശുവിന്‍റെ നടവഴിയിലേയ്ക്കാണ് ആ കുഷ്ട രോഗി കടന്നുവന്ന് പ്രാര്‍ത്ഥിച്ചത്. യേശുവെ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കുവാന്‍ നിനക്കു കഴിയും. ഇതു കേട്ട യേശു മനസ്സലിഞ്ഞ് കൈ നീട്ടി തൊട്ട് അവനെ ശുദ്ധനാക്കുന്നു. എത്രയോ വ്യാഖ്യനങ്ങള്‍ നമുക്കു പരിചിതമാണ്. പൊതുജനമധ്യത്തില്‍ അസ്പര്‍ശനായി കഴിഞ്ഞുവന്നവനു സൗഖ്യമേകി മുഖ്യധാരയോടു ചേര്‍ത്തുവയ്ക്കുന്ന ഒരു സാമൂഹിക മാനം ഈ ഇടപെടലിലുണ്ട്. അതോടൊപ്പംതന്നെ ദൈവീക സ്പര്‍ശനത്താല്‍ സാധ്യമാകുന്ന ആത്മശുദ്ധീകരണത്തിനുള്ള അനുസ്യൂത യാചനയുടെ വൈയക്തിക വിശ്വാസതലവും ഇവിടെ സൂചിതമാണ്. ശരിക്കും,  യേശുവിന്‍റെ കൈ നീട്ടല്‍ ഒരു അപകടകരമായ ഒരു സാഹസിക പ്രവര്‍ത്തനമാണ്. മഹാപുരോഹിതന്മാരും മത പ്രമാണിമാരും ന്യായശാസ്ത്ര പണ്ഡിതന്മാരും ഒക്കെ അടുക്കാനറയ്ക്കുന്ന, എന്തിന്, തന്‍റെ സഹ യാത്രക്കാര്‍പോലും അടുക്കാനറയ്ക്കുന്ന ഇടത്തേയ്ക്കാണ് ക്രിസ്തു കൈനീട്ടി തൊടുന്നത്. Untouchability യുടെ പുതിയ മുഖങ്ങള്‍ പെരുകുന്ന നമ്മുടെ കാലത്ത് ഈ സ്നേഹസ്പര്‍ശം  വല്ലാത്തൊരു ആത്മധൈര്യം പകരേണ്ടതുണ്ട്. നിശ്ശബ്ദരായിരിക്കാന്‍ നമുക്കവകാശമില്ലെന്നോര്‍ക്കേണ്ട കാലമാണിത്. ഭേദാഭേദങ്ങളേറുകയാണ്. വിഭാഗീയതയുടെ സ്വരങ്ങളാണ് ചുറ്റും. വിവാദങ്ങള്‍ മാത്രമാണ് കേള്‍ക്കാനുള്ളത്. നീതിപൂര്‍വ്വകമായ സംവാദങ്ങള്‍ക്കോ സംവേദനങ്ങള്‍ക്കോ സാധ്യതയില്ല. എന്തൊരകലമാണ് മനുഷ്യര്‍ തമ്മിലുണ്ടാകുന്നത്.  മനുഷ്യനെന്നുള്ള നിലയിലുള്ള നമ്മുടെ സഹവാസം അസാദ്ധ്യമാക്കുന്ന വിധത്തില്‍ മതവും രാഷ്ട്രീയവുമൊക്കെ അതില്‍ വല്ലാതെ  ഇടപെടുന്നതുപോലെ. നിറം വസ്ത്രം, ആഹാരം, കൊടി, വിശ്വാസം , ജാതി, സമ്പത്ത്, ചിഹ്നം, ആചാരം, എന്നിങ്ങനെ പലതരത്തിലുള്ള കുഷ്ടങ്ങളുടെ അടയാളങ്ങള്‍ പെരുകുകയാണ്. മനസ്സില്‍ തൊടാതെ എത്രകാലം ഇങ്ങനെ നമുക്കു സഹവര്‍ത്തിക്കാന്‍ കഴിയും?  ഹൃദയസ്പര്‍ശിയായ ഒന്നും തന്നെ നമുക്കിടയില്‍ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ഹൃദയഭേദകങ്ങളായ വൃത്താന്തങ്ങളാണ് പ്രചരിക്കുന്നതത്രയും. അമ്മ മകനേയും അനുജന്‍ ഏട്ടനേയും കൊല്ലുകയാണ്. ഇതാ ഒടുവില്‍ മുപ്പതില്‍പ്പരം വെട്ടുകള്‍ കൊണ്ടു വികൃതമായ ഒരു ചെറുപ്പക്കാരന്‍റെ മയ്യത്താണ് കണ്ണൂരില്‍ നാം കബറടക്കിയത്. ഇടപെടണം സഖാവേ  ഇതിലും. മനുഷ്യനെ തമ്മിലകറ്റുന്ന ഈ കുഷ്ടങ്ങള്‍ സൗഖ്യമാക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  ഇല്ലായ്മ ചെയ്യേണ്ടത് വ്യക്തികളെയല്ല, പിന്തിരിപ്പന്‍  ആശയങ്ങളെയാണ്. അകറ്റി നിര്‍ത്തേണ്ടതും വ്യക്തികളെയല്ല,  അവരുടെ വൈകല്യങ്ങളേയാണ്. സ്നേഹത്തിന്‍റെ ഒരു കൈനീട്ടല്‍ സാധ്യമാവുകയില്ലേ നമുക്ക്?   ഇന്ന് ശരിക്കും പ്രാര്‍ത്ഥിക്കണം. മനുഷ്യപുത്രാ നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കണം. പരിസരങ്ങളില്‍ പെരുകുന്ന പൈശാചികതകളെ അറിയാതെ പോകുന്ന എന്‍റെ മനസ്സിന്‍റെ സംവേദനക്ഷമതയില്ലായ്മ മാറ്റിത്തരണമേയെന്നു പ്രാര്‍ത്ഥിക്കണം. എന്നിട്ട് ധൈര്യപൂര്‍വ്വം ഒന്നു കൈനീട്ടണം സഖേ.  നാം അടുക്കാനറയ്ക്കുന്ന നമ്മെ ബാധിക്കാത്തതെന്നു കരുതുന്ന ഇത്തരം ഇടങ്ങളിലേക്കുതന്നെ.

ഭൂമിയിലെ മാലാഖമാരെ തെരുവിലിറക്കിയിട്ട്, സ്വര്‍ഗ്ഗത്തിലേ മാലാഖമാരേ സ്വപ്നം കണ്ടിട്ട് എന്തു കാര്യമാണ് നമ്മുടെ പള്ളിക്കുള്ളത്. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. തനിക്കാവശ്യമുള്ള കാര്യങ്ങള്‍ സാധിച്ചുതരുന്ന കുട്ടിച്ചാത്തന്മാരുടെ ലെവലീന്നൊക്കെ നമ്മുടെ ദൈവസങ്കല്‍പ്പം ഒന്നുയര്‍ത്തിപ്പിടിക്കണം. കാരണം ഭൂമിയില്‍ തീയിടാന്‍ വന്നവന്‍റെ പിന്നാലെയാണ് നാം നടക്കുന്നത്.  സകല അയിത്തങ്ങളെയും ചാമ്പലാക്കുന്ന പുതിയ നിയമത്തിന്‍റെ അഗ്നി.  അതിലാവണം നാം ജ്വലിക്കേണ്ടത്. സത്യമായും സ്നേഹിതര്‍ക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്ന അനന്തസ്നേഹമാണ് ശരിക്കും ഒരു ആഡാര്‍ ലൗ.  നമുക്കു പ്രാര്‍ത്ഥിക്കാം. എന്‍റെ കര്‍ത്താവേ, നിനക്കു മനസ്സാകുന്നുവെങ്കില്‍ എന്നെ വെടിപ്പാക്കുവാന്‍ നിനക്കു കഴിയും. ആമേന്‍.                    ആദരവോടെ, സഖേര്‍.

 

You may also like

Leave a Comment