Home Articlesപാണരുടെ തുയിലുണർത്ത് പാട്ടും, പാങ്കളിയും….

പാണരുടെ തുയിലുണർത്ത് പാട്ടും, പാങ്കളിയും….

by admin
0 comments

കേരളത്തിലെ ഒരു ജാതി സമൂഹത്തിൻ്റെ പേരാണ് പാണൻ. തമിഴ്‌നാട്ടിലും കർണാടകത്തിലും പാണൻ എന്ന ജാതി സമൂഹമുണ്ട്. 239,000 ആണ് ആകെ ജനസംഖ്യ. തമിഴ്നാട്ടിലാണ് ഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും കൂടുതൽ ആൾക്കാരുള്ളത് (176,000). കേരളത്തിൽ 61,000 ആൾക്കാരും ആന്ധ്രപ്രദേശിൽ 400 പേരും ഡെൽഹിയിൽ 200 പേരും കർണാടകത്തിൽ 50 പേരുമുണ്ടത്രേ. 

പാട്ടുകൾ കൈകാര്യം ചെയ്യുന്നവർ എന്ന അർഥത്തിലാണ് പാണൻ എന്ന പേര് വന്നത്.പാട്ടുകളും കീർത്തനങ്ങളും കെട്ടിയുണ്ടാക്കി പാടിപ്പോന്ന ഇക്കൂട്ടർ അകവർ,സൂതർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.

സംഘകാലത്ത് ഗ്രാമസദസ്സുകളിലും രാജസദസ്സുകളിലും കവിതകളും പാട്ടുകളും കീർത്തനങ്ങളും കെട്ടിയുണ്ടാക്കി പാടിപ്പോന്ന പാണർ, അകവർ എന്ന പ്രത്യേക പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവരിൽ ഗായകരും, ‘യാഴ്’ എന്ന പ്രത്യേകതരം തന്ത്രിവാദ്യം വായിക്കുന്നവരും ഉൾപ്പെടും. സ്തുതി പാഠകന്മാരായ ഇവർ പാടിയ പാട്ടുകൾ വായ്മൊഴിയായി തലമുറകളിലൂടെ പ്രചരിച്ചിരുന്നുവെന്നും പിൽക്കാലത്ത്‌ പ്രത്യേകകവികളുടെ പേരിൽ ഈ പാട്ടുകൾ സംഘകൃതികൾ എന്നറിയപ്പെടാൻ തുടങ്ങിയതാണെന്നും പറയുന്നു.

സ്തുതിഗാനം പാടി രാജാവിനെ ഉറക്കുക, പള്ളി ഉണർത്തുക, വിശ്രമവേളകളിലും വിശേഷാവസരങ്ങളിലും മറ്റും പാട്ടുകൾ ഉണ്ടാക്കിപ്പാടി രാജാവിനേയും മറ്റ് വിശിഷ്ട വ്യക്തികളേയും രസിപ്പിക്കുക, ഇതൊക്കെയായിരുന്നു രാജസദസ്സുകളിൽ ഇവരുടെ പ്രധാന കർത്തവ്യം. 

എല്ലാ വർഷവും നാട്ടിൽ ഉടനീളം നടന്ന് വഴിപാടുകൾ സമാഹരിച്ച് കൊടുങ്ങല്ലൂർ ഭരണിക്ക് പോകുക എന്നത് ഇവർക്ക് നിർബ്ബന്ധമായിരുന്നു. കൂടാതെ ദേവീക്ഷേത്രങ്ങളിലെ ഉത്സവകാലത്ത് പൂതൻവേഷം കെട്ടിയും നായാടി കളിച്ചും അവർ വീടുവീടാന്തരം കയറിയിറങ്ങിയിരുന്നു. കലാപാരമ്പര്യം ജന്മസിദ്ധമായിരുന്ന ഇവർ സമർത്ഥരായ കാർഷിക തൊഴിലാളികളുമായിരുന്നു.

രാത്രിയിൽ നിന്ന് പുതിയ പ്രഭാതത്തിലേക്ക്, ഐശ്വര്യസമൃദ്ധമായ ഒരു പുതുകാലത്തിലേക്ക്, ഗ്രാമജനതയെ ഉണർത്തിയെത്തിക്കുവാൻ, അവർ കേട്ടുണരുവാനായി പാണന്മാർ ശ്രാവണമാസത്തിൽ വീടുകൾ തോറും ചെന്ന് പാടിയിരുന്ന പാട്ടിനെ തുയിലുണർത്ത് പാട്ട് എന്ന് പറഞ്ഞ് പോന്നു. പറയിപെറ്റ പന്തിര കുലത്തിലെ തിരുവരങ്കത്ത് പാണനാരുടെ പിൻഗാമികളെന്നറിയപ്പെടുന്ന പാണൻമ്മാരാണ് ഇത് പാടിയിരുന്നത്. തിരുവരങ്കൻ എന്ന വാക്കിന് ഉടമസ്ഥൻ എന്നാണ് അർത്ഥം.

കൈലാസത്തിൽ ശീപോതിയും (പാർവ്വതി ദേവി) മഹാദേവനും (പരമശിവൻ) ചൂതുകളിക്കാൻ ആരംഭിച്ചു. കളിയിൽ തോൽക്കാറായപ്പോൾ ദേവൻ തന്റെ ആടയാഭരണങ്ങൾ പണയം വെച്ചു. അവസാനം തനിയ്ക്ക് ഇനി ഒന്നും പണയം വെയ്ക്കാനില്ലാതെ, ഒരു സ്ത്രീയുടെ മുൻമ്പിൽ പരാജയപ്പെട്ടു എന്നോർത്തപ്പോൾ അദ്ദേഹം അബോധാവസ്ഥയിലായി. ഉടൻ തന്നെ ദേവി ആശാരിയേയും മണ്ണാനെയും വിളിപ്പിച്ചു. ശിവനെ ഉണർത്തുന്നത്തിനുവേണ്ടി തിരുമഞ്ചപുറത്ത് നിന്ന് (തമിഴ്നാട് ) തിരുവരങ്കനെ കൊണ്ടുവരാൻ ഏൽപ്പിക്കുകയും ചെയ്തു.

അങ്ങനെ മണ്ണാനും ആശാരിയും കൂടി തിരുമഞ്ചപുറത്തേയ്ക്ക് പുറപ്പെട്ടു. പാതിവഴിക്ക് വച്ച് മണ്ണാൻ യാത്രയിൽ നിന്നും പിന്മാറി. തിരുവരങ്കന്റെ വീട്ടിലെത്തിയ ആശാരി ശിവനെ തുടികൊട്ടിപ്പാടി ഉണർത്താൻ തന്റെ കൂടെ വരണമെന്ന് തിരുവരങ്കനോട് ആവശ്യപെട്ടു. തുടിയുടെ ഒരു ഭാഗം പൊളിഞ്ഞത് കാരണം കൊട്ടാൻ പറ്റില്ല എന്നും, അതിനാൽ വരാൻ കഴിയില്ല എന്നും തിരുവരങ്കൻ്റെ ഭാര്യ ആശാരിയോടു പറഞ്ഞു. ഇത് കേട്ട ആശാരി പൊട്ടിയ തുടി വാങ്ങി അതിന്റെ ഒരു ഭാഗം മുണ്ടുകൊണ്ട് മറച്ച് മറ്റേ ഭാഗത്ത് കൊട്ടാന് തുടങ്ങി. ഇത് കേട്ട് മൂന്ന് ലോകത്തെ ആളുകളും ഞെട്ടിവിറച്ചു. ഇതേ സമയം പുറത്തു പോയിരുന്ന തിരുവരങ്കൻ തുടിയുടെ ശബ്ദം കേട്ട് വീട്ടിലേയ്ക്ക് ഓടി എത്തി. ഉടനെ തന്നെ ആശാരി ഒരു വരിക്കപ്ലാവിൻ്റെ തടി മുറിച്ചു ഒരു തുടിയുണ്ടാക്കിക്കൊടുത്ത് തിരുവരങ്കനെയും കൂട്ടി ശിവൻ്റെ അടുത്തേയ്ക്ക് യാത്രയായി.

പാണസമുദായക്കാർക്കിടയിൽ നിലനിന്നിരുന്ന ഒരു കലാരൂപമാണ് പാങ്കളി. സംഘം ചേർന്നു നടത്തിവന്നിരുന്ന, ഗ്രാമീണശൈലിയിയിലുള്ള, ഒരു പ്രകടനമായിരുന്ന ഇതിന്റെ ഇതിവൃത്തം രാമായണം കഥയായിരുന്നു. കളിക്കിടയിൽ അഭിനയത്തിനും നൃത്തത്തിനും പൊലിപ്പേകാൻ ഉപയോഗിച്ചിരുന്നത് ചെണ്ടയായിരുന്നു. നൃത്തത്തിന്ന് അകമ്പടിയായി പാടാൻ സിനിമാഗാനങ്ങളും ലളിതഗാനങ്ങളും കഥകളിപ്പാട്ടുകളും ഉപയോഗിച്ചിരുന്നു. രാത്രിഭക്ഷണത്തിന് ശേഷം തുടങ്ങുന്ന കളി പുലരും വരെ നീളും. കഥാപാത്രങ്ങൾ തികച്ചും ഗ്രാമ്യവൽക്കരിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ ഒരു കഥാപാത്രമായിരുന്നു “പകാൻ“. ഒരു തമാശാ വേഷമായിരുന്നു. ചാക്യാർ കൂത്തിലേത് പോലെ, തൻ്റെ പ്രകടനത്തിനിടെ നിശിതമായ സാമൂഹ്യവിമർശനം നടത്തിപ്പോന്നു. ആളുകളെ വ്യംഗ്യമായി പരിഹസിക്കാനും സമൂഹത്തെ വിലയിരുത്താനും നാടൻ മട്ടിലുള്ള തമാശകൾ പറയാനും പകാൻ വേഷം കെട്ടുന്നവർ മിടുക്കന്മാരായിരുന്നു. ഒരു സ്ത്രീയുടേയും ഒരു പുരുഷൻ്റെയും വേഷം കെട്ടി, വേല-പൂരക്കാലങ്ങളിൽ വീടുകൾ തോറും നടന്ന്, പാങ്കളിയുടെ ചില ഭാഗങ്ങൾ അവതരിപ്പിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു.

Arsha Vijayan 

usamalayalee. com

You may also like

Leave a Comment