
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹരജി കോടതി പരിഗണിച്ചു.
‘ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ)’ എന്ന സിനിമയുടെ പേര് ചില മതവിഭാഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നാണ് ഹൈകോടതി കണ്ടെത്തിയിരിക്കുന്നത്. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചത്.
മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമ സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിൽ ഉള്ളത്. എന്നാൽ ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. രാജ്യത്തെ 80 ശതമാനം ആളുകൾക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ജസ്റ്റിസ് എൻ. നഗരേഷ് ചൂണ്ടിക്കാട്ടി.

സിനിമയുടെ പേര് മൂന്ന് മാസം മുമ്പ് അംഗീകരിച്ചതായിരുന്നു. പ്രദർശനത്തോടനുബന്ധിച്ച് സമാന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സെൻസർ ബോർഡിന് സമർപ്പിച്ചപ്പോഴാണ് പേര് മാറ്റാൻ ആവശ്യപ്പെട്ടത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. ഹാരിസ് ബീരാൻ എം.പിയാണ് ഹാജരായത്.
‘ജാനകി ജാനേ’ എന്ന പേരിൽ 2023ൽ മലയാളത്തിൽ സിനിമ ഇറങ്ങിയപ്പോൾ പ്രശ്നമുണ്ടായിട്ടില്ല. സിനിമയുടെ റിലീസിങ് നീളുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെൻസർ ബോർഡ് തീരുമാനത്തിനെതിരേ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ആക്ടിലുണ്ടെങ്കിലും 2021ൽ ട്രൈബ്യൂണൽ പിരിച്ചുവിട്ടതിനാൽ കോടതിയാണ് ആശ്രയമെന്നും ഹരജിക്കാർ വാദിച്ചു.
എന്നാൽ, മതവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഘടകങ്ങൾ ഉള്ളതിനാലാണ് റിവൈസിങ് കമ്മിറ്റി മാറ്റങ്ങൾ നിർദേശിച്ചതെന്ന് സെൻസർ ബോർഡിന് വേണ്ടി കേന്ദ്ര സർക്കാർ അഭിഭാഷക അറിയിച്ചു. അപ്പോഴാണ് ആരുടെ വികാരമാണ് സിനിമ വ്രണപ്പെടുത്തുന്നതെന്ന് കോടതി ചോദിച്ചത്.
ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡ് കൽപ്പിക്കുകയാണോയെന്നും. ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും. ഹൈക്കോടതി ചോദിച്ചിരുന്നു. സെൻസർ ബോർഡ് മറുപടി പറയണമെന്നും ചേർത്തു. ഹർജിക്കാരൻ്റെ ഭാഗം കേട്ട കോടതി വിധി പറയുന്നതിനായി കേസ് ബുധനാഴ്ച്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.
usamalayalee.com