നല്ല ശബ്ദത്തിന്റെ ഉടമയാണ് ബിജു നാരായണന്‍ എന്ന ഗായകന്‍. പക്ഷെ, നിര്‍ഭാഗ്യവശാല്‍ വേണ്ടത്ര ഉയരത്തില്‍ എത്താതെ പോയി. ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് എന്തുകൊണ്ടാണ് എന്നതിന് എനിക്കൊരു തിയറിയുണ്ട്.
അദ്ദേഹം പഴയ കുറെ മലയാളസിനിമാഗാനങ്ങള്‍ “വയലാറിൻ്റെ ഇന്ദ്രജാലം” എന്ന പേരിലൊരു ആല്‍ബമായി ഇറക്കി. മിക്ക ഗാനങ്ങളും യേശുദാസ് ആലപിച്ചവയായിരുന്നു.
സംഗീതത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു ഗാനം നമ്മള്‍ കുറെ പ്രാവശ്യം കേട്ടു കഴിഞ്ഞാല്‍ അത് നമ്മുടെ തലച്ചോറില്‍ ആലേഖനം ചെയ്യപ്പെടും.
ഇത്തരുണത്തില്‍ ആംഗലേയകവി, ഷെല്ലി പറഞ്ഞത് ഓര്‍മ്മവരുന്നു…
“Music, when soft voices die,
Vibrates in the memory—
Odours, when sweet violets sicken,
Live within the sense they quicken.”
നമ്മള്‍ കേട്ടുപരിചിതമായ ഗാനം മറന്നുപോയി എന്ന് തോന്നിയാല്‍ തന്നെ, അത് വീണ്ടുമൊരിക്കല്‍ കേള്‍ക്കുമ്പോള്‍, അതിലെ നേരിയ വ്യത്യാസം പോലും കേള്‍വിക്കാരനെ അലോസരപ്പെടുത്തും.
“ഓമനക്കുട്ടന്‍” എന്ന സിനിമയില്‍ ദേവരാജന്‍മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ, എ.എം. രാജ പാടിയ, ഒരു ഗാനമുണ്ട്. “ആകാശഗംഗയുടെ കരയില്‍, അശോകവനിയില്‍… “
എ.എം. രാജ നല്ല ഗായകനാണ്. പക്ഷെ, അദ്ദേഹത്തെക്കാള്‍ എത്രയോ മികച്ച ഗായകനാണ് യേശുദാസ്.
“ആകാശഗംഗയുടെ കരയില്‍” എന്ന് തുടങ്ങുന്ന ഗാനം യേശുദാസ് ഒരു വേദിയില്‍ ആലപിക്കുന്നുവെന്നു സങ്കല്പിക്കുക. യേശുദാസ് ആ ഗാനം എത്ര ഭംഗിയായി പാടിയാലും എന്നെപ്പോലെ ചിലര്‍ അസ്വസ്ഥരാകും.
അതാണ് സംഗീതത്തിൻ്റെ മാസ്മരികത. ഈ മാസ്മരികത മതങ്ങള്‍ വേണ്ടപോലെ തിരിച്ചറിയുകയും വളരെ വിദഗ്ദമായി ഇതിനെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊരു അപവാദം ഒരു പക്ഷെ ഇസ്ലാം മതമായിരിക്കും. അവര്‍ക്ക് എന്തുകൊണ്ടോ സംഗീതത്തോട് എന്തോ പിണക്കം ഉണ്ടായിരുന്നു. കൂടുതല്‍ അറിയാത്ത വിഷയത്തിലേയ്ക്ക് കടക്കുന്നില്ല.
തുടങ്ങിയിടത്തേയ്ക്ക് തിരിച്ചുവരട്ടെ..
വയലാറിൻ്റെ ഇന്ദ്രജാലം എന്ന ആല്‍ബം ബിജു നാരായണന്‍ എന്ന ഗായകനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായി പോയി.
പഴയ പ്രസിദ്ധമായ ഗാനങ്ങള്‍ പുനരാവിഷ്ക്കരിക്കുമ്പോള്‍ പലരും ഇക്കാര്യം മറന്നുപോകുന്നു.. പുതിയ ഗായകര്‍ പഴയ പാട്ടുകള്‍ എത്ര നന്നായി പാടിയാലും വേണ്ട അംഗീകാരം കിട്ടാതെപോകുന്നതിനെ ഇങ്ങനെ വിശദേകരിക്കാമെന്നു തോന്നുന്നു.
നിയമങ്ങള്‍ക്കെല്ലാം അപവാദങ്ങള്‍ ഉണ്ടല്ലോ.. ഞാന്‍ മുകളില്‍ കുറിച്ച തിയറിയില്‍ എൻ്റെ അറിവിലെ രണ്ട് അപവാദങ്ങളാണ് ലതാ മങ്കേഷ്ക്കര്‍ പുറത്തിറക്കിയ “ശ്രദ്ധാഞ്ജലി” എന്ന ആല്‍ബവും ഗസല്‍ രാജാവ്, ജഗ്ജീത്ത് സിംഗിൻ്റെ Close to My Heart എന്ന സംഗീതോപഹാരവും.
ലതാജിയുടെ ശ്രദ്ധാഞ്ജലിയിലെ മിക്ക പാട്ടുകളും എൻ്റെ തലമുറയ്ക്ക് പോലും വളരെ പഴയതായിരുന്നു.. അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന Ye Raaten Ye Mausam Ye Hasna Hasana എന്ന പങ്കജ് മല്ലിക്കിൻ്റെ ഗാനം സത്യത്തില്‍ ശ്രദ്ധാഞ്ജലിയിലൂടെയാണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്.
ലതാജിയുടെ ശ്രദ്ധാഞ്ജലി വര്‍ണ്ണനാതീതമാണ്. അതിമനോഹരം.
അതുപോലെതന്നെ മനോഹരമാണ് ക്ലോസ് ടു മൈ ഹാര്‍ട്ടും.

ജഗ്ജീത്ത്ജി ഏറ്റെടുത്തത് കുറെക്കൂടെ അപകടകരമായ ദൗത്യമാണ്. മിക്കവരുടെയും ഓര്‍മ്മയില്‍ നല്ലപോലെയുള്ള പതിനൊന്നു പാട്ടുകളാണ് ഇതിലുള്ളത്. അവയുടെ ലിസ്റ്റ് ഇതാ…
1. Commentary
2. Kahin Door Jab Din (Anand)
3. Waqt Ne Kiya (Kaagaz Ke Phool)
4. Yeh Nayan Dare Dare (Kohraa)
5. Dukhi Man Mere (Funtoosh)
6. Yaad Kiya Dil Ne (Patita)
7. Seene Mein Sulagte Hain (Tarana)
8. Jane Woh Kaise Log The (Pyaasa)
9. Teri Duniya Mein Jeene (House No 44)
10. Ek Pyar Ka Naghma Hai (Shor)
11. Tasveer Banata Hoon (Baradari)
ഈ പാട്ടുകളില്‍ ചിലതിനെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ പറയട്ടെ…
പതിനൊന്നാമത്തെ Tasveer Banata Hoon എന്ന ഗാനത്തിൻ്റെ കമ്പോസര്‍ നൗഷാദ് ആണെന്നാണ് പൊതുവേയുള്ള ധാരണ. പക്ഷെ, സത്യമതല്ല. അതിന്റെ കമ്പോസര്‍ നൗഷാദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരാളാണ്.. മിക്ക സംഗീതപ്രേമികളും നൗഷാദ് എന്ന പേര് കേട്ടിട്ടുപോലുമില്ല.
ഈ ആല്‍ബത്തിലെ ഏറ്റവും പോപ്പുലര്‍ ആയ ഗാനം സലില്‍ ചൗധുരി കമ്പോസ് ചെയ്ത ആനന്ദ് സിനിമയില്‍ “കഹിന്‍ ദൂര്‍ ജബ് ദിന്‍” എന്ന ഗാനമാണ്. ആലപ്പുഴയിലെ കുട്ടനാട്ടിലും മൂന്നാറിലുമായി ചിത്രീകരിച്ച ആ ഗാനത്തിൻ്റെ ന്യൂ വേര്‍ഷന്‍ ഒരു വിഷ്വല്‍ വിരുന്നുകൂടിയാണ്..
പക്ഷെ, ഇതില്‍ എൻ്റെ പ്രിയപ്പെട്ട ഗാനം “തരാന” എന്ന വളരെ പഴയ സിനിമയിലെ Seene Mein Sulagte Hain എന്ന ഗാനമാണ്.
ഈ ഗാനത്തിൻ്റെ ഒറിജിനലിനെ വെല്ലുന്ന ജഗ്ജീത്ത്ജിയുടെ വേര്‍ഷന്‍ എനിക്ക് എത്ര കേട്ടാലും മതിയാവില്ല.
വെള്ളിത്തിരയില്‍ ദിലീപ്കുമാറും മധുബാലയും. ഗാനത്തിൻ്റെ രചന പ്രേം ധവന്‍. സംഗീതം അനില്‍ ബിശ്വാസ് എന്ന ആദ്യകാല കമ്പോസിംഗ് ജീനിയസ്. അതിമനോഹരമായി ഇത് ആലപിച്ചിരിക്കുന്നതോ തലത്ത് മെഹ്മൂദും ലതാ മങ്കേഷ്ക്കറും.
ലബ്ദപ്രതിഷ്ഠ നേടിയ ഈ ഗാനം എത്ര മധുരോദാരമായാണ് ജഗ്ജീത്ത്ജി പാടിഫലിപ്പിച്ചിരിക്കുന്നത്.
ഈ ഗാനം എനിക്കൊരു നിധിയാണ്.
ജഗ്ജീത്ത്ജിയുടെ ഓര്‍മ്മയുടെ മുന്നില്‍..
പ്രണാമം..
Seene Mein Sulagte Hain (Tarana)