Arsha Vijayan
ഹരിയാനയിലെ കർണാലിലാണ് കൽപന ചൗള ജനിച്ചത്. കർണാലിലെ ടഗോർബാൽ നികേതനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1982ൽ പഞ്ചാബ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് എയറോനോട്ടിക്കലിൽ ബിരുദമെടുത്തു. തൻ്റെ കോളജിൽ നിന്ന് ഈ വിഷയത്തിൽ ബിരുദമെടുത്ത ഒരേയൊരു വനിതയായിരുന്നു കൽപന. ആകാശ കൗതുകങ്ങളോടുള്ള അദമ്യമായ അഭിനിവേശമായിരുന്നു മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽപനയെ പ്രേരിപ്പിച്ചത്.
ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിൽ എത്തിയ കൽപന ആർളിംഗ്ടണിലെ ടെക്സാസ് സർവ്വകലാശാലയിൽ ചേർന്നു. 1984ൽ എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 1986ൽ സയൻസിൽ രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കി. 1988ൽ കൊളറാഡോ സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും(പിഎച്ച്‌ഡി). അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കും ചേർന്നു.
അമേരിക്കയിൽ എത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ദ്ധ്യം നേടിയിരുന്നു. വിമാനങ്ങളോടുള്ള ഈ അടങ്ങാത്ത സൗഹൃദം അവളുടെ ജീവിതത്തെ ഒരു വൈമാനികനുമായി അടുപ്പിച്ചു. ജീൻ പിയറി ഹാരിസൺ അങ്ങനെ കൽപനയുടെ ജീവിത പങ്കാളിയായി. വൈമാനിക പരിശീലകനും സാങ്കേതിക എഴുത്തുകാരനുമായിരുന്നു ഹാരിസൺ. അമേരിക്കൻ പൗരത്വം നേടിയ ജീൻ പിയറി ഹാരിസണെ 1983 ഡിസംബർ രണ്ടിന് വിവാഹം ചെയ്തു. പിന്നീട് കല്പനയും അമേരിക്കൻ പൗരത്വം സ്വീകരിക്കുകയായിരുന്നു.
1995-ൽ നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തിൽ അംഗമായതോടെ തന്റെ എക്കാലത്തെയും സ്വപ്നമായ ബഹിരാകാശ യാത്രയിലേക്കുള്ള വാതിലുകൾ കൽപനയ്ക്കു മുമ്പിൽ തുറന്നു. കൊളംബിയ എന്ന ബഹിരാകാശ വാഹന ദൗത്യത്തിൽ അംഗമാകാൻ പ്രതീക്ഷയോടെ അപേക്ഷ നൽകി. വിദ്യാഭ്യാസ പശ്ചാത്തലം, വിമാനം പറത്തുന്നതിലുള്ള വൈദഗ്ദ്ധ്യം, അസാധാരണ ശാരീരികക്ഷമത എന്നീ ഘടകങ്ങൾ പരിഗണിച്ച് നാസ 1996ൽ കൽപനയെയും ബഹിരാകാശ യാത്രാ സംഘത്തിൽ അംഗമാക്കി.

ആദ്യയാത്ര
നാസയുടെ എസ് ടി എസ്-87എന്ന ബഹിരാകാശ ദൗത്യത്തിൻ്റെ ഭാഗമായായിരുന്നു കൽപനയുടെ ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ വാഹനം എന്ന ബഹിരാകാശ വാഹനത്തിൽ 1997 നവംബർ 19ന് അഞ്ച് സഹ ഗവേഷകർക്കൊപ്പം അവൾ ചരിത്രത്തിലേക്ക് പറന്നുയർന്നു. ഇന്ത്യയിൽ ജനിച്ചവരിൽ കൽപനയ്ക്കു മുമ്പ് രാകേഷ് ശർമ്മ മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാൽ അമേരിക്കൻ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ച് തന്നെയാണ് കൽപന ചരിത്രം കുറിച്ചത്. രാകേഷ് ശർമ്മയാകട്ടെ സോവിയറ്റ് യൂണിയൻ്റെ ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണ് പ്രതിനിധീകരിച്ചത്.

ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈൽ ദൂരം താണ്ടി. ഇതിനിടയിൽ സൂര്യൻ്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾക്കായി നാസ വികസിപ്പിച്ച സ്പാർട്ടൻ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവർ നിയുക്തയായി. എന്നാൽ സംഭവിച്ച പിഴവുകൾ മൂലം ഉപഗ്രഹം ഗതിമാറിപ്പോയിരുന്നു. ഇതേത്തുടർന്ന് സ്പാർട്ടനെ നേർഗതിയിലാക്കാൻ സഹയാത്രികരായ വിൻസ്റ്റൺ സ്കോട്ടിനും താക്കോ ദോയിക്കും ശൂന്യാകാശ നടത്തമെന്ന വിഷമകരമായ ദൗത്യം ഏറ്റെടുക്കേണ്ടി വന്നു. കൽപന വരുത്തിയ പിഴവായി തുടക്കത്തിൽ കരുതപ്പെട്ടെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ്‌വെയർ ഇന്റർഫേസിലെ പിഴവുകളായിരുന്നുവെന്ന് കണ്ടെത്തി. നാസ കൽപനയെ കുറ്റവിമുക്തയാക്കുകയും ചെയ്തു.
ഹരിയാനയിലെ ഒരു സാധാരണ ഗ്രാമത്തിലാണു ജനിച്ച് വളർന്നതെങ്കിലും അമേരിക്കയിലെത്തിയ ശേഷം കൽപന അമേരിക്കൻ ജീവിത ശൈലിയാണ് പിന്തുടർന്നത്. ഇന്ത്യൻ ബന്ധം ഭക്ഷണത്തിലും സംഗീതത്തിലും മാത്രം ഒതുങ്ങി. തികഞ്ഞ സസ്യാഹാരിയായിരുന്നു അവർ. ആത്മീയത കലർന്ന സംഗീതത്തോടായിരുന്നു അഭിനിവേശം. അവസാന യാത്രയിൽ കയ്യിലെടുത്ത സംഗീത ആൽബങ്ങൾക്കൊപ്പം രവി ശങ്കറിൻ്റെ സിത്താർ രാഗങ്ങളുമുണ്ടായിരുന്നു. പക്ഷിനിരീക്ഷണം, വിമാനം പറത്തൽ, വായന ഇവയൊക്കെയായിരുന്നു കൽപനയുടെ ഇഷ്ട വിനോദങ്ങൾ.
കൊളംബിയ ബഹിരാകാശ ദുരന്തം

ആദ്യയാത്രയിൽ തൻ്റെതല്ലാത്ത പിഴവുകളുടെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ കേട്ടെങ്കിലും അതൊന്നും കൽപനയെ തളർത്തിയില്ല. അവരുടെ കഴിവുകൾക്ക് അടിവരയിടാൻ എന്നോണം എസ് ടി എസ് 107 എന്ന ബഹിരാകാശ ദൗത്യത്തിലും നാസ കൽപനയെ അംഗമാക്കി. 2000ൽ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും യാത്ര നടത്തേണ്ട കൊളംബിയയിൽ അടിക്കടി പിഴവുകൾ കണ്ടെത്തിയതിനാൽ ദൗത്യം 2003 വരെ നീണ്ടു. ഒടുവിൽ 2003 ജനുവരി 16ന് കൽപന രണ്ടാം തവണയും ബഹിരാകാശത്തേക്ക് പറക്കുകയായിരുന്നു.
ആറ് പേർക്കൊപ്പം ആയിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരം ഇല്ലായ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. എന്നാൽ വിധി വിവരീതമെന്ന് പറയും പോലെ, സുപ്രാധാനമായ ഈ ഗവേഷണത്തിൽ പങ്കാളികളായവർക്ക് പിന്നീട് ഒരിക്കലും ബഹിരാകാശ യാത്ര നടത്താനായില്ല.
പതിനേഴ് ദിവസത്തെ ഗവേഷണങ്ങൾക്ക് ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ കൊളംബിയ ചിന്നിച്ചിതറി. കൽപനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു. ഭൗമ മണ്ഡലത്തിലേക്ക് പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്ത് തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകൾ ആയിരുന്നു ദുരന്തത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി.
ആദ്യയാത്രയിൽ കൽപന വരുത്തിയ പിഴവുകളാണ് കൊളംബിയ പൊട്ടിത്തെറിക്കാൻ കാരണമായതെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ ദുരന്തത്തിനുശേഷം ഏതാനും വാർത്താ മാധ്യമങ്ങളിൽ വന്നിരുന്നു. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ നാസ കൽപനയെ ‘അസാധാരണയായ ബഹിരാകാശ സഞ്ചാരി’ എന്ന് വിശേഷിപ്പിച്ച് ആദരവ് പ്രകടിപ്പിക്കുകയാണു ചെയ്തത്.
കാലാവസ്ഥാ പഠനങ്ങൾക്കായുള്ള ഇന്ത്യയുടെ മെറ്റ്സാറ്റ് ഉപഗ്രഹ പരമ്പരകൾക്ക് കൽപനയുടെ പേരാണ് നൽകിയിരിക്കുന്നത്. കൊളംബിയ ദുരന്തത്തിന് മുമ്പ് ഭ്രമണ പഥത്തിലെത്തിയ മെറ്റ്സാറ്റ് -1 കൽപന-1 എന്നു പുനർനാമകരണം ചെയ്തു.
ന്യൂയോർക്ക് നഗരത്തിലെ പ്രധാന വഴികളിലൊന്നായ 74th Streetന്റെ ഒരു ഭാഗം (ജാക്ക്സൺ ഹെയ്റ്റ്സ് ഭാഗം) കൽപനയുടെ ബഹുമാനാർത്ഥം 74th Street Kalpana Chawla Way എന്നാക്കി മാറ്റിയിട്ടുണ്ട്.
കൽപനയുടെ ജന്മനഗരമായ കർണാലിൽ ഹരിയാന ഗവണ്മെന്റ് നിർമ്മിച്ച മെഡിക്കൽ കോളേജിന് ‘കൽപന ചൗള ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്നാണ് പേര് നല്കിയിട്ടുള്ളത്.
ബഹിരാകാശ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ സർവകലാശാല (International Space University – ISU) പൂർവ്വവിദ്യാർഥി സംഘടന 2010 മുതൽ ‘The Kalpana Chawla ISU Scholarship fund’ ഏർപ്പെടുത്തി.
ടെക്സാസ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥി സംഘടന (The Indian Students Association – ISA) ടെക്സാസ് സർവകലാശാലയിലെ മികച്ച ഇന്ത്യൻ വിദ്യാർഥികൾക്കായി 2005 മുതൽ കൽപന ചാവ് ല മെമ്മോറിയൽ പുരസ്കാരം നല്കി വരുന്നു.
ഇന്ത്യൻ വംശജരായ ബഹിരാകാശസഞ്ചാരികൾ
രാകേഷ് ശർമ്മ
കൽപന ചൗള
സുനിത വില്യംസ്
Arsha Vijayan