Home Articlesകോവാലന്റെ ഉപ്പുവാറ…

കോവാലന്റെ ഉപ്പുവാറ…

by admin
0 comments

പണ്ടുപണ്ടൊരു കാലത്ത് കേരളത്തിലെ മിക്ക എല്ലാ അടുക്കളയിലും ഒരു സാധനം ഉണ്ടായിരുന്നു.. സമ്പന്നകുടുംബങ്ങളിലും ദരിദ്രകുടുംബങ്ങളിലും.

ഞാന്‍ പറഞ്ഞുവരുന്നത് ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന്റെയും ടാറ്റാ ടേബിള്‍ സോള്‍ട്ട് എന്ന ഓമനപ്പേരില്‍ പൊടിയുപ്പ് നിര്‍മ്മിക്കുന്നതിന്റെയും ഇടയിലുള്ള മധുരമനോന്ജമായ കാലഘട്ടത്തെക്കുറിച്ചാണ്. അന്നുള്ളവര്‍ അത്യന്താധുനിക കാലഘട്ടം എന്ന് വിശേഷിപ്പിച്ചിരുന്ന, ഇരുപതാംനൂറ്റാണ്ട് ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഒരു കാലം.

അന്ന് എല്ലാവരും ഉപ്പിന്റെ സ്രോതസായി ഉപയോഗിച്ചിരുന്നത് ഇന്ന് മാര്‍ക്കറ്റില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കല്ലുപ്പ് എന്നൊരു സാധനമായിരുന്നു. അത് കല്ലായി കറികളില്‍ ഇടാന്‍ കഴിയില്ല.

കല്ലുപ്പിനെ വെള്ളത്തില്‍ കലക്കും. സമുദ്രജലംപോലുള്ള ആ ദ്രാവകം സൂക്ഷിക്കാന്‍ എല്ലാ അടുക്കളയുടെ മൂലയിലും കരിങ്കല്ലില്‍ കൊത്തിയെടുത്ത ഒരു പാത്രമുണ്ടാവും.
ആ പാത്രമാണ് ചുവടെ ചിത്രത്തില്‍ കാണുന്നത്. ഇതിന് പലകകൊണ്ടൊരു അടപ്പും ഉണ്ടായിരുന്നു. ചിത്രത്തില്‍ കാണുന്ന ഉപ്പുവാറ എന്നയാ സാധനത്തിലെ ചെറിയ ദ്വാരത്തില്‍ പലകയടപ്പിന്റെ ഒറ്റക്കാല്‍ ഇറങ്ങിയിരിക്കും.

ഉപ്പുവാറയില്‍നിന്നും ആവശ്യത്തിനുള്ള ഉപ്പുവെള്ളം തവികൊണ്ട് കോരി കറിയില്‍ ഒഴിക്കും.
ഉപ്പുവാറ കണ്ടാല്‍ “ഇതെന്തൂട്ട് തേങ്ങയാ?” എന്ന് ചോദിക്കുന്ന ഒരു തലമുറ കേരളത്തില്‍ ഉണ്ടാവുമെന്ന് അന്നാരം സ്വപ്നംപോലും കണ്ടിരിക്കുകയില്ല.

പടത്തില്‍ കാണുന്ന ഉപ്പുവാറ പറമ്പില്‍ എവിടെനിന്നോ കണ്ടെടുത്തത് കോട്ടയം സംക്രാന്തിക്കാരനായ, അമേരിക്കന്‍നിവാസി, തോമസ്‌ ആണ്ടൂര്‍ ആണ്.

ആണ്ടൂരാന്റെ അനുവാദമില്ലാതെ അത് പൊക്കിയെടുത്തുകൊണ്ട് പോരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, മുടിഞ്ഞ ഭാരം.

എനിക്ക് ചിരപരിചിതമായ ഉപ്പുവാറയുടെ രണ്ട് ഫോട്ടോ എടുത്തു ഞാന്‍ തൃപ്തനായി..
ഉപ്പുവാറയെ ചുറ്റിപ്പറ്റിയുള്ള ചില രസകരമായ ഓര്‍മ്മകള്‍ എനിക്കുണ്ട്. എന്റെ ബാല്യകാലം. (പേരുകളും, വീട്ടുപേരും കൊടുത്തിരിക്കുന്നത് ശരിയല്ല, മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമല്ലോ).
കൂവപ്പറമ്പില്‍ ഗോപാലന്‍. നാട്ടുകാര്‍ കോവാലന്‍ എന്ന് വിളിക്കും.

കോവാലന്റെ തൊഴില്‍ തടിയറപ്പാണ്. ഇടയ്ക്ക് കോവാലന്‍ കൂപ്പില്‍ തടി അറക്കാന്‍ പോകും. ഒന്നുരണ്ടു മാസങ്ങള്‍ക്കുശേഷം സഞ്ചിയില്‍ നിറയെ കാശുമായി തിരികവരും.

കോവാലന്‍ ഒരുമാതിരി സകല ദുര്‍ഗുണങ്ങളുടെയും വിളനിലമാണ്.

വീട്ടിലുള്ളപ്പോള്‍ നിത്യവും മൂക്കറ്റം കുടിക്കും. പത്തുപൈസ വീട്ടില്‍ കൊടുക്കുകയില്ല. മദ്യം കഴിച്ചുവന്നാല്‍ വീട്ടിലുള്ളവരെ മാത്രമല്ല വഴിയിലൂടെ പോകുന്ന സകലരെയും നല്ല പുളിച്ച തെറി വിളിക്കും. അതിനൊരു പ്രകോപനവും വേണ്ട.

നാട്ടുകാര്‍ക്ക് തെറി മാത്രമാണ്. പക്ഷെ, വീട്ടുകാര്‍ക്ക് അടിയും ചവിട്ടും തൊഴിയുമൊക്കെ ധാരാളമായി കിട്ടും.

പുറത്തുപറയാന്‍ കൊള്ളാത്ത, എന്ന് വച്ചാല്‍ കേട്ടാല്‍ അറയ്ക്കുന്ന, മറ്റുപല ദുശീലങ്ങളും കോവാലനുണ്ടായിരുന്നു.

എന്നിട്ടും നാട്ടുകാര്‍ കോവാലനെ കൈകാര്യം ചെയ്യുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്തില്ല. അന്നത്തെ സമൂഹത്തിന് പലതും സഹിക്കാനും ക്ഷമിക്കാനുമുള്ള വിശാലമനസുണ്ടായിരുന്നു. അങ്ങനെ കോവാലന്‍ നാട്ടിലൂടെ വിലസിനടന്ന് പൈസ തീരുമ്പോള്‍ വീണ്ടും അപ്രത്യക്ഷനാകും. കൂപ്പിലേയ്ക്ക് കൂപ്പുകുത്തും.

അപ്പന്റെ കാര്യങ്ങള്‍ ചോദിച്ചാല്‍ വളരെ നര്‍മ്മബോധത്തോടെ, ചിരിച്ചുകൊണ്ടുമാത്രം സംസാരിക്കുന്ന കോവാലന്റെ മൂത്ത മകന്റെ പേര് ഭാസ്ക്കരന്‍. നാട്ടുകാര്‍ക്ക് പാക്കരന്‍, അഥവാ പക്കു.
പാക്കരന്‍ എന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. എന്ത് പണിയിലും സഹായിക്കും. കൂടുതല്‍ സമയവും വാചകമടിയാണ്. പാക്കരന്റെ വാചകമടി കേള്‍ക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ സന്തോഷമാണ്.

ഒരുനാള്‍ കേട്ടു, കോവാലന് പനിവന്ന് ആശുപത്രിയിലാക്കി എന്ന്. ആശുപത്രി അഡ്മിഷന്‍ എന്നൊക്കെപ്പറഞ്ഞാല്‍ അന്നൊക്കെ വലിയ വാര്‍ത്തയാണ്.

അപ്പോള്‍ പാക്കരന്‍ വീട്ടില്‍ വന്നു. അമ്മ ചോദിച്ചു:

“പാക്കരാ, നിന്റെ അപ്പന്റെ പനി കുറഞ്ഞോ?”

ഇല്ല. പനി വല്ലാതെ കൂടി. ഇന്നലെ ഡോക്ടര്‍മാര്‍ കുത്തിവച്ചു.

“എടാ പാക്കരാ, വല്ല അപകടവും സംഭവിക്കുമോ? ഡോക്ടര്‍മാര്‍ വല്ലതും പറഞ്ഞോ?”

ഡോക്ടര്‍മാര്‍ ഒന്നും പറഞ്ഞില്ല. പക്ഷെ, എന്റെ അപ്പന്‍ ചാകത്തില്ല.

“അത് നിനക്കെങ്ങനെ അറിയാം?”

അതൊക്കെ എനിക്കറിയാം.
“എന്ന് പറഞ്ഞാല്‍, നീയാരാ ബ്രഹ്മാവാണോ? നിന്റെ അപ്പന്റെ ആയുസ് നിന്റെ കൈയിലാണോ?”
പാക്കരന് ഒരു കുലുക്കവുമില്ല. വളരെ ആത്മവിശ്വാസത്തോടെയാണ് പാക്കരന്‍ പറയുന്നത്.
എന്റെ അപ്പന്‍ ചാവത്തില്ല.

കുത്തികുത്തി ചോദിച്ചപ്പോള്‍ പാക്കരന്‍ ആ രഹസ്യം എന്റെ അമ്മയുമായി പങ്കുവച്ചു.

“ഒരു കൈനോട്ടക്കാരന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. അപ്പന്റെ കൈ നോക്കിയിട്ട് അയാള്‍ എന്റെ അമ്മയോട് വളരെ രഹസ്യമായി പറഞ്ഞു: ഇയാള്‍ വീട്ടിലെ ഉപ്പുവാറയും വിറ്റ്‌ കള്ളുകുടിച്ചിട്ടേ ചാകൂ…”

ഇന്ന് രാവിലെയും ഞാന്‍ അടുക്കളയില്‍ നോക്കി. ഉപ്പുവാറ അവിടെത്തന്നെയുണ്ട്‌.
കോവാലന്‍ പണ്ടേ മരിച്ചുകാണും. അവരുടെ ഉപ്പുവാറയ്ക്ക് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല.

Alex Kaniamparambil
usamalayalee.com

You may also like

Leave a Comment