Home Articlesകഥാപ്രസംഗം – കലയോ, കലാഭാസമോ?

കഥാപ്രസംഗം – കലയോ, കലാഭാസമോ?

by admin
0 comments

ആധുനിക മലയാളികളില്‍ മിക്കവര്‍ക്കും ഇത് എന്തൂട്ട് തേങ്ങയാണെന്നറിയില്ല. ഇതിനെക്കുറിച്ച് അറിയാവുന്നത് ഇതിനോടകം ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച മലയാളികള്‍ക്ക് മാത്രമാണ്. അവരും ഇതിനെ ഗൗരവമായി കാണുന്നില്ല. സാഹിത്യലോകത്തെ എന്തോ കള – അതാണ്‌ മിക്കവര്‍ക്കും കഥാപ്രസംഗം.

ഒരു കാലഘട്ടത്തില്‍ അങ്ങേയറ്റം ജനകീയമായിരുന്ന ഒരു കലാരൂപത്തിന് ഈ ദുര്‍ഗതി എങ്ങനെയുണ്ടായി എന്നത് ഒരു പിടിയുമില്ല. കാലാകാലങ്ങളില്‍ നിരവധി പ്രഗല്‍ഭര്‍ വന്നുപോയ വേദിയാണ്. എന്നിട്ടും..

കഥകളി ആഢ്യകലയായി അരങ്ങ് വാണിരുന്ന കാലത്താണ് ഓട്ടംതുള്ളല്‍ എന്ന കലാരൂപവുമായി കുഞ്ചന്‍ നമ്പ്യാര്‍ എത്തിയത്. അന്ന് ഓട്ടംതുള്ളലിനെ പരമപുച്ഛത്തോടെ കണ്ടിരുന്നവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നിരിക്കണം. പക്ഷെ, കാലം മുന്നോട്ടു പോയപ്പോള്‍ ഓട്ടംതുള്ളലിന് സ്വീകാര്യത കൈവന്നു..

ആ ഭാഗ്യം കഥാപ്രസംഗത്തിന് ഉണ്ടായില്ല.

അത് എന്തുകൊണ്ടാണ് എന്ന അന്വേക്ഷണമല്ല ഈ കുറിപ്പ്.. ചില കാര്യങ്ങള്‍ അന്വേക്ഷിച്ചിട്ട് ആര്‍ക്കെന്ത് നേട്ടം?

ഇരുപതാംനൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലത്ത് ഓരൊറ്റയാള്‍ ജനക്കൂട്ടത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്ന കലാരൂപമായിരുന്നു കഥാപ്രസംഗം. അകമ്പടിക്ക്‌ ഒന്നോ രണ്ടോ വാദ്യോപകരണക്കാര്‍ ഉണ്ടാവാം, പക്ഷെ അവരൊക്കെ വെറും അപ്രസക്തര്‍. കേള്‍വിക്കാരുടെ കണ്ട്രോള്‍ മൊത്തം കാഥികന്റെ കൈയിലാണ്. അവരെ ചിരിപ്പിക്കണോ, കരയിക്കണോ എന്നൊക്കെ കാഥികന്‍ തീരുമാനിക്കും. ജനം അനുസരിക്കും.

ഓഡിയോ കാസറ്റും യുട്യുബും ഒന്നുമില്ലാതിരുന്ന അക്കാലത്ത് സാഹിത്യം ഒരളവുവരെ ജനത്തില്‍ എത്തിയിരുന്നത് ഈ കലയിലൂടെയായിരുന്നു.. വായനശാലകള്‍ കേരളത്തില്‍ പരക്കെ ഉണ്ടായിരുന്നില്ല. സാഹിത്യകൃതികള്‍ കാശുകൊടുത്ത് വാങ്ങുക എന്നൊരു കീഴ്‌വഴക്കം ഉണ്ടായിരുന്നില്ല..

ചങ്ങമ്പുഴയുടെ രമണന്‍ ഒന്ന് വായിക്കണം എന്ന് ആശ മൂത്ത് ആ പുസ്തകം അലമാരയില്‍ ഇരിപ്പുള്ള ഒരു ധനിക കുടുംബത്തില്‍ ചെന്ന് രണ്ടുദിവസത്തേയ്ക്ക് ആ പുസ്തകം കടം ചോദിച്ചാല്‍ ഉടനെ വരും കാരണവരുടെ വക ഫിലോസഫി..

വിത്തം, വനിതാ, പുസ്തകം
പരഹസ്ത ഗതേ ഗതം.

എന്നിട്ടും ആശാന്റെയും ചങ്ങമ്പുഴയുടെയുമൊക്കെ കൃതികള്‍ ജനങ്ങളില്‍ എത്തിയെങ്കില്‍ അതിന്റെ കാരണം കഥാപ്രസംഗമായിരുന്നു..

അമ്പലപ്പറമ്പിലും പള്ളിപ്പരിസരത്തും പൊതുയിടങ്ങളിലും കാഥികന്‍ ചൊല്ലുന്ന കവിതകളും കഥകളും ഒരു കുത്തോ കോമയോ വിടാതെ ചിലര്‍ ഹൃദിസ്ഥമാക്കി. അവരത് നാട്ടിലൂടെ പാടിനടന്നു..

“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ, പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ?” തുടങ്ങിയ വിപ്ലാശയങ്ങള്‍ അങ്ങനെ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി. ഇതൊക്കെ കേരളത്തില്‍ കൊണ്ടുവന്ന മാറ്റം ചെറുതായിരുന്നില്ല.

കേരളത്തിലെ എല്ലാ മതങ്ങളും ഈ കലയെ ഭക്തിയുടെ ബൂസ്റ്റര്‍ ആയി പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്ന് ഞാന്‍ ഊഹിക്കുന്നു..

ഞാന്‍ കേട്ട ആദ്യത്തെ കഥാപ്രസംഗം “ക്ലിയോപാട്ര” ആയിരുന്നു.. കാഥികന്റെ പേര് ഇന്നും ഓര്‍മ്മയുണ്ട്. കെ.കെ. തോമസ്‌. അദ്ദേഹത്തെ ഇന്ന് മറ്റാരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല.

എന്റെ സ്ക്കൂളിലാണ് കെ.കെ. തോമസ്‌ ക്ലിയോപാട്രയെ അവതരിപ്പിച്ചത്. അന്നുവരെ കേട്ടിട്ടില്ലായിരുന്ന ആ ഈജിപ്ഷ്യന്‍ സുന്ദരിയുടെ അഭൌമ സൌന്ദര്യത്തിന്റെ വര്‍ണ്ണന, അവരുടെ സാഹസങ്ങള്‍, ജീവിതാവസാനം ഉണ്ടായ ദുരന്തങ്ങള്‍ – ഇതൊക്കെ എന്റെ മുന്നില്‍ ചുരുളഴിഞ്ഞു.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ക്ലിയോപാട്രയക്ക് എന്റെ മനസ്സില്‍ കെ.കെ.തോമസ്‌ വര്‍ണ്ണിച്ച രൂപമാണ്. ഷേക്ക്സ്പിയറിനും ബെര്‍ണാഡ്‌ ഷായ്ക്കുമൊന്നും എന്റെ മനസ്സില്‍ അന്ന് കയറിക്കൂടിയ സുന്ദരിയുടെ രൂപം മായ്ക്കാനോ, മാറ്റാനോ കഴിഞ്ഞില്ല..

അടുത്ത ഘട്ടത്തില്‍ കഥാപ്രസംഗം മലയാളികള്‍ക്ക് വിശ്വസായിത്യത്തെ പരിചയപ്പെടുത്തുന്നു..

ഒഥെല്ലോയിലെ ചില ദുഷ്ടകഥാപാത്രങ്ങള്‍ക്ക് കാര്യമായി അക്ഷരാഭ്യാസമില്ലാത്ത പല മലയാളികള്‍ക്കും അയല്‍വക്കത്തെ സമ്പന്നകുടുംബത്തിലെ ചില കുരുത്തംകെട്ടവരുടെ മുഖച്ഛായ ലഭിച്ചു.

“എന്നാലും ആ പരമദുഷ്ടന്‍ ആ പാവം ഡെസ്ടിമോണമ്മയെ കഴുത്ത് ഞെരിച്ചല്ലേ കൊന്നത്. അയാള്‍ നരകത്തില്‍ കിടന്ന് ഇപ്പോള്‍ കരയുന്നുണ്ടാവും” എന്ന് പറഞ്ഞ് വിതുമ്പുന്ന, പാടത്ത് പണിക്ക് പോകുന്ന സ്ത്രീകളുടെ സംഭാഷണം എനിക്കോര്‍മ്മയുണ്ട്.

പിന്നെ കേരളത്തിലേയ്ക്ക് മറുഭാഷാസാഹിത്യത്തിന്റെ കടന്നുകയറ്റം കഥാപ്രസംഗത്തിലൂടെ ഉണ്ടായി. ടോള്‍സ്റ്റോയ്‌, ഷേക്സ്പിയര്‍, ബിമല്‍മിത്ര – അങ്ങനെ എത്ര പേര്‍ മലയാളികള്‍ക്ക് ചിരപരിചിതരായി.

അക്കാലത്ത് ഇതൊക്കെ സാധ്യമാക്കിയത് കഥാപ്രസംഗമായിരുന്നു. സാംബശിവന്‍, കെടാമംഗലം, അങ്ങനെ കുറെ വമ്പന്മാര്‍ ഈ മേഖലയില്‍ വന്നുപോയി. എങ്കിലും വേണ്ടപോലെ അംഗീകരിക്കപ്പെടാതെ, സാഹിത്യത്തിന്റെ നടുമുറ്റത്ത് പ്രവേശനം ലഭിക്കാതെ പോയ കഥാപ്രസംഗം.

ചരിത്രത്തിന്റെ ഒരു തമാശയായി മാത്രം ഞാന്‍ ഇതിനെ കാണുന്നു..

usamalayalee.com
Alex Kaniamparambil

You may also like

Leave a Comment