Home Keralaകത്ത് ചോർച്ചാ വിവാദം; പരാതിക്കാരൻ ഷർഷാദുമായി സംസാരിച്ച് ഇ.പി ജയരാജൻ; വിവരങ്ങൾ പുറത്ത്.

കത്ത് ചോർച്ചാ വിവാദം; പരാതിക്കാരൻ ഷർഷാദുമായി സംസാരിച്ച് ഇ.പി ജയരാജൻ; വിവരങ്ങൾ പുറത്ത്.

by admin
0 comments

കത്ത് വിവാദത്തിന് പിന്നിൽ കണ്ണൂർ സിപിഐഎമ്മിലെ വിഭാഗീയതയെന്ന ആരോപണങ്ങൾക്കിടെ പരാതിക്കാരൻ ഷർഷാദുമായി ഇ.പി ജയരാജൻ സംസാരിച്ചതിന്റെ വിവരങ്ങൾ പുറത്ത്. പരാതി കത്ത് കോടതിയിൽ എത്തിയതിനെ കുറിച്ച് ഇ പി ജയരാജൻ അന്വേഷിച്ചെന്ന് മുഹമ്മദ് ഷർഷാദ് സ്ഥിരീകരിച്ചു. എം.വി ഗോവിന്ദനെ പുകഴ്ത്തി മുഹമ്മദ് ഷ‍ർഷാദ് നേതാക്കൾക്ക് അയച്ച കത്തും പുറത്തുവിട്ടു.

ഫോണിൽ വിളിച്ച് പി ബിയ്ക്ക് കൊടുത്ത കത്തിന്റെ വിവരങ്ങളാണ് ഇ.പി ജയരാജൻ തേടിയെന്ന് ഷർഷാദ് പറയുന്നു. കത്തിന് പിന്നിലെ കാര്യങ്ങൾ ഇ പി യോട് പറഞ്ഞുവെന്നും ഇ പിയുമായി വാട്സ്ആപ്പ് മെസേജുകളൊക്കെ അയക്കുന്ന ബന്ധമാണുള്ളതെന്നും ഷർഷാദ് വ്യക്തമാക്കി. വാർത്ത പുറത്തുവരുന്നതിന് മൂന്ന് ദിവസം മുൻപ് ഇപി ജയരാജൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് ഷർഷാദ് പറയുന്നത്. തനിക്കറിയാവുന്ന കാര്യങ്ങളും പുറത്തു പറഞ്ഞിട്ടുള്ള കാര്യങ്ങളും ഇപിയോട് പങ്കുവെച്ചെന്ന് ഷർഷാദ് വ്യക്തമാക്കി.

അതേസമയം വിവാദങ്ങൾ തള്ളുകയാണ് സിപിഐഎം. വിവാദം അനാവശ്യമാണെന്ന് പി ജയരാജനും എളമരം കരീമും പ്രതികരിച്ചു. അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും. സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ ഉയർത്തിയത് അൽപ്പായുസുള്ള വിവാദമാണ്. ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങളെന്നും പി ജയരാജൻ‌ വിമർശിച്ചു.

സംസ്ഥാന സെക്രട്ടറി പറഞ്ഞ അസംബന്ധം എന്ന വാക്ക് തന്നെയാണ് കറക്റ്റ് വാക്കെന്ന് എളമരം കരീം പറഞ്ഞു. ഗോവിന്ദൻ മാഷിനെ പോലെ ഒരാൾക്ക് ബന്ധം ഉണ്ടെന്ന് ആരും കരുതില്ല. ഓരോ സമയത്ത് പാർട്ടിക്കെതിരെ അപകീർത്തികരമായ വാർത്തകൾ വരാറുണ്ട്. ഇതും അതിന്റെ ഭാഗമായി കണ്ടാൽ മതി. സംശയ നിഴലിൽ ഉള്ള ആളുകളുമായി പാർട്ടി നേതാക്കൾക്ക് ബന്ധമില്ല. പിബിയ്ക്ക് കിട്ടിയ കത്ത് ചോർന്നോ എന്നത് പിബിയാണ് പറയേണ്ടതെന്ന് എളമരം കരീം പറഞ്ഞു.

Arsha Vijayan

usamalayalee.com

You may also like

Leave a Comment