Home Malayalamഒരേ പാത

ഒരേ പാത

by admin
0 comments

പ്രാണൻ്റെ എല്ലാ അറകളിലും
ജീവവായുവെന്ന പോലെ
അത്രയേറെ പ്രിയപ്പെട്ട
ഒരാളെ ഒരിക്കലെങ്കിലും
നിറച്ചു വെച്ചിട്ടുണ്ടോ..

ഹൃദയത്തിൻ്റെ എല്ലാ
മിടിപ്പിലും അവൻ്റെ
പേരെഴുതി നിറച്ചിട്ടുണ്ടോ…

സ്വപ്നത്തിൻ്റെ
ഓരോ കണത്തിലും
ഒന്നൊഴിയാതെ
അവൻ്റെ ഓർമ്മകൾ
നിറച്ചു വെച്ചിട്ടുണ്ടോ..

ഏറ്ററ്വും പ്രിയപ്പെട്ട
സംഗീതത്തിലൂടെ
ഏറ്റവും പ്രിയപ്പെട്ട
നാട്ടുവഴിയിലൂടെ
നടക്കുമ്പോഴൊക്കെയും
ഒരൊറ്റയാളുടെ ഓർമ്മകളുടെ
വിരൽത്തുമ്പു മാത്രം
പിടിച്ച് നടന്നിട്ടുണ്ടോ…

എൻ്റെ എല്ലാ ദുഃഖവും
എൻ്റെ എല്ലാ ആനന്ദവും
നീ മാത്രമെന്ന്
ഒരിക്കലെങ്കിലും
അവനോട് മന്ത്രിച്ചിട്ടുണ്ടോ..

അവൻ്റെ
സ്‌നേഹപൂർണമായ
ഒരു വാക്കിനാൽ മാത്രം
നിങ്ങൾ ഒരു ഞൊടി
കൊണ്ടൊരു വസന്തത്തെ
പണിതു തീർത്തിട്ടുണ്ടോ..

അത്രയ്ക്കും പ്രിയപ്പെട്ട
ഒരാളുടെ ഓർമ്മയുടെ
മഴയിൽ നനഞ്ഞു കുതിർന്നിട്ടുണ്ടോ…

നീ നീയെന്ന മന്ത്രത്തിൽ
ഞാൻ ഞാനെന്നൊരാൾ
മാഞ്ഞു പോയിട്ടുണ്ടോ
പ്രപഞ്ചത്തെ മുഴുവൻ
ഒരേ ഒരാളിലേക്കു
ചുരുക്കിയെഴുതിയിട്ടുണ്ടോ

പിന്നെ പിന്നെ…
പ്രിയപ്പെട്ട വാക്കിൻ്റെ
കടലുകളൊക്ക
വറ്റി വരണ്ടു പോവുന്നത്
വിഷാദത്തിൻ്റെ
തിരകളിൽ മുങ്ങി
ശ്വാസം കിട്ടാതെ
പിടഞ്ഞു പിടഞ്ഞു
നോക്കി നിന്നിട്ടുണ്ടോ…

ഒരുമിച്ചു നടന്ന
വഴികളിൽ നിന്നെല്ലാം
ഒരാൾ മാത്രം
മാഞ്ഞു പോവുന്നത്
അവനില്ലായിടങ്ങളിലെ
ആകാശവിസ്തൃതമായ
ശൂന്യതകളെ നികത്തനാവാതെ..

മൗനവും വിഷാദവും
മാത്രമായി…
ഒരിക്കലെങ്കിലും
രൂപാന്തരപ്പെട്ടിട്ടുണ്ടോ..

അവൻ്റെ ദുഃഖവും
ആനന്ദവും
സ്വപ്നവുമായ
മറ്റൊരുവളെ കുറിച്ച്
അവനെഴുതുന്ന
കവിതകളുടെ
കടലിൽ നില തെറ്റി വീണിട്ടുണ്ടോ…

അവൾക്കെഴുതിയ
പ്രണയലേഖനത്തിൽ
അവൻ്റെ ശ്വാസം
അലിഞ്ഞു ചേർന്നിരിക്കുന്നത്
വാസനിച്ചു
വേപഥുപെട്ടിട്ടുണ്ടോ..

ഏറ്റവും പ്രിയപ്പെട്ടൊരിടത്തു നിന്നും
ഒരു മുറിവ് മാത്രമായി
തിരിഞ്ഞു നടന്നിട്ടുണ്ടോ..
മുറിവുകളുടെ ഓർമ്മപുസ്തകമെന്നു
അവനവനെ..
നാമകരണം..
ചെയ്തിട്ടുണ്ടോ…

അവനെ നിറച്ചു
വെച്ച ഇടങ്ങളിലെല്ലാം
പെരുകുന്ന
മഹാശൂന്യത മാത്രം
നിങ്ങളെന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ..
പിന്നെയെന്നെങ്കിലും..
എന്നിൽ അന്നുമിന്നും
എന്നും നീയുണ്ടായിരുന്നെന്നു
ഒരു ചേർത്തുപിടിക്കലിനായി
അവൻ വരുമ്പോൾ..
കുടഞ്ഞെറിഞ്ഞു…
ഏകാന്തമായ..
ഒരു വഴിയിലൂടെ..
ശിരസ്സുയർത്തി
നടന്നു നീങ്ങിയിട്ടുണ്ടോ…

ഇപ്പോൾ ഇപ്പോൾ മാത്രം
നിങ്ങൾ അതിജീവനത്തിൻ്റെ
പാതയിലാണ്
എന്ന് തിരിച്ചറിയുക.

കവിത : ഒരേ പാത
രചന : സ്മിത സൈലേഷ്

usamalayalee.com

You may also like

Leave a Comment